നിയമലംഘനം നടത്തിയെന്ന് ജില്ലാകലക്ടര്‍ കണ്ടെത്തിയ മന്ത്രി ജനങ്ങളെ പരിഹസിച്ച് തല്‍സ്ഥാനത്തു തുടരുന്നു. ആ മന്ത്രിയെ സംരക്ഷിക്കാന്‍ പതിനെട്ടവും പയറ്റുന്ന ഭരണമുന്നണി ജനജാഗ്രതായാത്ര നടത്തി ജനങ്ങളെ പരിഹസിക്കുന്നു. മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതിലെ ധാര്‍മകത എന്താണ്..? ഇടതുപക്ഷ സര്‍ക്കാരിനോടാണ് ചോദ്യം. കലക്ടര്‍ നല്‍കിയ, അതും പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ, വിശദമായ പരിശോധനയ്ക്കുശേഷം നല്‍കിയ അന്തിമ റിപ്പോര്‍ട്ടിന് ഈ സര്‍ക്കാര്‍ നല്‍കുന്ന വിലയെന്താണ്.? ഈ റിപ്പോര്‍ട്ട് വായിച്ചുപഠിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന സമയം അഴിമതിക്കെതിരെ നിലപാടെടുത്തെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിനുമേല്‍ വലിയ കളങ്കമാണെന്ന് പറയാതെ വയ്യ.
തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ സി.പി.എം പറയുന്ന ന്യായങ്ങള്‍ കേരളരാഷ്ട്രീയചരിത്രത്തില്‍ കറുത്ത ലിപികളാല്‍ എഴുതിവയ്ക്കപ്പെടും. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അദ്ദേഹം മന്ത്രിയായ ശേഷം ചെയ്തതല്ലത്രേ. ഈ നിയമലംഘനങ്ങള്‍ വളരെ സാധാരണവും നിസാരവുമാണ്. ബിസിനസിനു വേണ്ടി മുന്‍പെങ്ങോ ചെയ്ത നിസാരമായ നിയമലംഘനങ്ങളുടെ പേരില്‍ തോമസ് ചാണ്ടി രാജിവയ്ക്കേണ്ടതില്ല. ഈ ന്യായങ്ങള്‍ തോമസ്ചാണ്ടി എന്ന ധനാഢ്യനായ രാഷ്ട്രീയക്കാരനു മാത്രം ബാധകമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതുണ്ട്. ഇടതുപക്ഷത്തും രാഷ്ട്രീയധാര്‍മികതയുടെ അളവുകോല്‍ കുറ്റാരോപിതന്റെ ധനശേഷിക്കും തൊലിക്കട്ടിക്കും വിധേയമായിരിക്കുമെന്ന് വിളിച്ചു പറയുന്നു തോമസ് ചാണ്ടിക്കായി സി.പി.എം ഒരുക്കിയിരിക്കുന്ന ന്യായീകരണതത്വശാസ്ത്രം.
റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ മന്ത്രിക്ക് പുല്ലുവില കല്‍പിച്ചാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചാണ്ടിക്ക് കോടതി വഴിയെങ്കിലും കച്ചിത്തുരുമ്പൊരുക്കാന്‍ കൂട്ടുനില്‍ക്കുന്നത്. ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും ബാധകമാകാത്ത കരുതല്‍ തോമസ് ചാണ്ടിക്ക് ബാധകമാകുന്നതെങ്ങനെയെന്ന് സി.പി.എം. ഇനിയെത്ര വിശദീകരിച്ചാലും തീരാത്ത കളങ്കമായിരിക്കുമെന്നു പറയാതെ വയ്യ.
എന്നിട്ട് അതേ പാര്‍ട്ടിയും മുന്നണിയും നമ്മളോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെടുകയാണ്.
കള്ളക്കടത്തുകേസിലെ പ്രതിയുടെ വാഹനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ ജാഥയില്‍ നിന്നാണ് കേരളം രാഷ്ട്രീയജാഗ്രതയുടെ പാഠങ്ങള്‍ പഠിക്കേണ്ടത്. പണ്ഡിറ്റ് ദീന്‍ ദയാലിന്റെ ജന്‍മദിനം ആഘോഷിച്ചേക്കൂവെന്ന ജാഗ്രതയില്ലായ്മയ്ക്കും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തിയിട്ടില്ല. ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും ജാഗ്രത ഈ പോക്കാണു പോകുന്നതെങ്കില്‍ ആ വാക്കിന്റെ അര്‍ഥം മാറ്റേണ്ടിവരും.