ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. സ്കൂള്‍ക്ലാസുകളില്‍ പറഞ്ഞുപഠിക്കുന്നതാണ്. ഇന്നും ഇപ്പോഴും ഒരുപാട് കുട്ടികള്‍ ഇങ്ങനെ വായിച്ചുപഠിക്കുന്നുണ്ടാകും. എന്നാല്‍ ആ വലിയ ജനാധിപത്യരാജ്യത്തിലെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇന്നൊരു വാര്‍ത്തസമ്മേളനം കഴിഞ്ഞ് എഴുന്നേറ്റ് പോകുമ്പോള്‍ എഴുതിവച്ചതിനപ്പുറം എന്ത് ജനാധിപത്യമാണ് ഇവിടെയെന്ന് ചോദിച്ചുപോകും. ഒരു കൂട്ടമിങ്ങനെ അധികാരത്തിനായി സകലതിന്റേയും അടിവേരിളക്കുമ്പോള്‍ വിയോജിപ്പുകള്‍ കേവലം വിരല്‍ചൂണ്ടലുകളേക്കാള്‍ വലുതാവേണ്ടിയിരിക്കുന്നു
ജനരക്ഷായാത്ര കഴിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരെ പോയത് കാണ്‍പൂരിലെ ട്രാന്‍സ്പോര്‍ട്ട് വര്‍ക്ക് ഷോപ്പില്‍ നിന്ന് കാവി പെയിന്റടിച്ചിറങ്ങിയ ബസുകളെ കൂട്ടത്തോടെയിറക്കി വിടാനായിരുന്നു. യുപിയില്‍ ബസുകളില്‍ മാത്രമല്ല കുട്ടികളുടെ സ്കൂള്‍ ബാഗുകളില്‍ വരെ കാണാം കാവിക്കയ്യേറ്റം. എന്തിന് കാര്‍·ഷിക വായ്പ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ വരെ യോഗി കാവിയില്‍ മുക്കിയെടുത്തു. മോദി അധികാരമേറ്റനാള്‍ മുതലുള്ള കാവിവല്‍ക്കരണങ്ങളുടെ ഏറ്റവും ചെറിയ ഉദാഹരണങ്ങളിലൊന്നാണിത്. പലരീതിയില്‍ പയറ്റുന്ന ഈ അജന്‍ഡയുടെ ഭാഗമായി ഏറ്റവും ഒടുവില്‍ പുറത്തുവരുന്നതും. വിരലില്‍ വീഴുന്ന ഒരു മഷിയടയാളത്തിനപ്പുറം വച്ചുനീട്ടിയും വിലപേശിയും വിരട്ടിയും വിഭജിച്ചുമെല്ലാം മോദി രാഷ്ട്രം വളരുകയാണ്. മഹാസഖ്യനായകന്‍ നിതീഷ്കുമാര്‍ വരെ ഒരു ചായച്ചര്‍ച്ചയിലൂടെ ഒപ്പം പോയതും ഒപ്പം പോരാതെ പ്രതിരോധിക്കുന്നവര്‍ക്ക് വിശ്വാസവോട്ടുവരെ റിസോര്‍ട്ടുകളിലൊളിച്ച് പാര്‍ക്കേണ്ടിവരുന്നതും നാം കണ്ടു. ഭരണഭാഗമാകുന്ന മെഷിനറികളിലെല്ലാം ഗജേന്ദ്രചൗഹാന്‍മാരും അതിന് പുറകേ അനുപം ഖേറുമാരുമെത്തി. എന്തിന് നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ബ്രാഞ്ചുകളെ പോലും പ്രാദേശിക ബിജെപി ബെല്‍റ്റുകളുമായി കൂട്ടിക്കെട്ടി. രാമചന്ദ്രഗുഹമാരുടെ പുസ്തകം ഷെല്‍ഫുകളുടെ പിന്നിലൊളിച്ചു. ആര്‍.എസ്.എസ്.മേധാവി മോഹന്‍ഭാഗവതിന്റെ പ്രഭാഷണപരമ്പരകള്‍ വരെ ദൂരദര്‍ശനില്‍ ലൈവായി ഓടി. ഓര്‍ക്കണം താജ്മഹല്‍ വരെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തുപോയെന്ന് വാര്‍ത്ത വന്നു. തീന്‍മേശയിലെത്തുന്ന മെനുകാര്‍ഡില്‍ വരെ കാവി കയ്യേറി കിടന്നു. ഇതെല്ലാം ചോദ്യംചെയ്യാനെത്തിയ ഗൗരിലങ്കേഷുമാരെയാകട്ടെ രാത്രി പതുങ്ങിയിരുന്ന് അവര്‍ വെടിവച്ചുവീഴ്ത്തി.
തീരുന്നില്ല ബൂത്തിലെത്തുന്ന ജനം ഏതു ബട്ടണില്‍ വിരലമര്‍ത്തിയാലും വോട്ട് ബിജെപിയുടെ പെട്ടിയില്‍ വീഴുന്നുവെന്നുവരെ ആരോപണമുയര്‍ന്നിരുന്നു. അപ്രകാരമെല്ലാം ജനാധിപത്യത്തിന് കീഴെ മഴുവുമായി ഒരുപക്ഷമുണ്ടെന്ന സംശയമേറിവരുന്ന കാലം കൂടുതല്‍ സുതാര്യമായി ജാഗ്രതയോടെ വര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് കാട്ടിക്കൂട്ടന്നത്? നിഷ്പക്ഷത പുലര്‍ത്തേണ്ട പകല്‍ അവര്‍ പക്ഷംപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
വോട്ടെടുപ്പ് നടക്കേണ്ട രണ്ട് സംസ്ഥാനങ്ങള്‍, ഗുജറാത്തും ഹിമാചല്‍ പ്രദേശും. ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് തീയതി മാത്രം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആചല്‍കുമാര്‍ ജ്യോതി പ്രഖ്യാപിച്ചു. ഇരുസഭകളുടേയും കാലാവധി ചെറിയ ഇടവേളയില്‍ തീരുമെന്നിരിക്കേ ഒരുമിച്ച് പ്രഖ്യാപിക്കുന്ന പതിവ് അട്ടിമറിച്ചു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഗുജറാത്തിലും വോട്ടെണ്ണല്‍ ഹിമാചലിനോട് ചേര്‍ന്നുതന്നെയെന്ന് പറഞ്ഞുവക്കുകയും ചെയ്തു. എന്തുകൊണ്ട് ഗുജറാത്തിലെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നില്ലെന്നതിനുള്ള ന്യായം കൂടി കേള്‍ക്കാം.
ഹിമാചലില്‍ കടുത്ത തണുപ്പിന് മുന്‍പേ വോട്ടെടുപ്പ് തീര്‍ക്കാനുള്ള തീരുമാനമാണ്. ഗുജറാത്തിലാകട്ടെ പ്രളയക്കെടുതിയില്‍ നിന്ന് മോചിതമാകേണ്ടതുണ്ട്. അത് സര്‍ക്കാര്‍ അറിയിക്കുന്നത് പോലെ തീയതിപ്രഖ്യാപനം പുറകേ വരും. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചെന്നിരിക്കട്ടെ അത് എപ്രകാരമാണ് പ്രളയവുമായി ബന്ധപ്പെട്ട പുനരധിവാസപ്രവര്‍ത്തനങ്ങളെ ബാധിക്കുക. കുഞ്ഞുങ്ങള്‍ക്ക് വരെ തോന്നാവുന്ന സംശയമാണ്. അതിനാകട്ടെ മറുപടിയുമില്ല. എന്നാല്‍ തീയതിപ്രഖ്യാപനം ബാധിക്കുന്ന ഒന്നുണ്ട്. പ്രധാനമന്ത്രിയുടെ റാലി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഗുജറാത്തിലെ മോദി ഷോ നിലക്കും. അതുതന്നെയാണ് കമ്മിഷനേയും അവര്‍ കാവിപൂശിയെന്ന ചോദ്യത്തിന് ആധാരം. രണ്ടുദശകമായി ഗുജറാത്ത് ബിജെപി ഭരണത്തിന് കീഴിലാണെങ്കിലും വരും തിരഞ്ഞെടുപ്പ് അവര്‍ക്ക് കനലാട്ടം തന്നെയാണ്. കാലുപൊള്ളാന്‍ സാധ്യതയേറെയുണ്ട്. നോട്ടുനിരോധനമുലച്ച കാര്‍ഷിക ചെറുകിട കച്ചവട മേഖലയും ഒറ്റനികുതിയെടുത്ത വസ്ത്ര വ്യാപാര മേഖലയുമെല്ലാം പുറംതിരിഞ്ഞ് നില്‍ക്കുന്നുണ്ട്. മോദിയുടെ തലയെടുപ്പിന്നില്ലാത്ത വിജയ് രുപാണിയുടെ ഗുജറാത്തില്‍ തലവേദനായകാന്‍ മൂന്ന് ചെറുപ്പക്കാര്‍ വേറെയുമുണ്ട്. ദലിത് അവകാശ കൂട്ടായ്മയുമായി ജിഗ്നേശ് മേവാനി, പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയുമായി ഹാര്‍ദിക് പട്ടേല്‍, പിന്നാക്ക ആദിവാസി , ദലിത് ഐക്യവേദിയുമായി അല്‍പേശ് താക്കൂര്‍. വോട്ടുമറിക്കാന്‍ ഉറച്ചിറങ്ങിയാല്‍ ഊരുബലമേറയുള്ള യുവാക്കള്‍. ഒപ്പം രാജ്യസഭാതിരഞ്ഞെടുപ്പിലാര്‍ജിച്ച ആത്മവിശ്വാസവും ഉപാധ്യക്ഷന്റെ ഉണര്‍വും ചേരുന്ന കോണ്‍ഗ്രസും മുന്നില്‍ കയറി നില്‍ക്കുന്നുണ്ട്.
അതിനാല്‍ പ്രീണനപ്രഖ്യാപനങ്ങള്‍, പ്രചാരണയാത്രങ്ങള്‍ പലതും ബിജെപിക്ക് ചെയ്തുതീര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ എന്തുകൊണ്ടും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുക്കകയെന്നത് ബിജെപിയുടെ ആവശ്യം തന്നെയാണ്. ഞങ്ങളിതാ ലോക്സഭാ നിയമസഭാതിരഞ്ഞെടുപ്പുകളെ ഒരേസമയം നടത്താമെന്നുപറഞ്ഞിറങ്ങിയവരാണ് ഇന്നുവന്ന് രണ്ടുസംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പില്‍ മുട്ടാപ്പോക്ക് പറയുന്നത്. എല്ലാമുട്ടാപ്പോക്കുകള്‍ക്കുമപ്പുറം ഇത് അടിയറവുതന്നെയാണ്.
അഴിമതിയേതുമില്ലാത്ത ഭരണം, അതായിരുന്നു മോദിയുടെ മറ്റൊരുവീമ്പുപറച്ചില്‍. എന്നാല്‍ അടുപ്പക്കാരിലൊന്നാമന്‍ തന്നെ അഴിമതിക്കയത്തിലാണ്ട് പോകുകയാണ്. ദ വയര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് അമിത് ·ഷായുടെ മകന്റെ കമ്പനിയുടെ വരുമാനവര്‍ധനവ് കണ്ണുതള്ളിക്കുന്നതാണ്. ബേട്ടി ബച്ചാവോയെന്ന മോദിയുടെ തന്നെ മുദ്രാവാക്യം മാറ്റി വിളിക്കാം. ഇനി ബേട്ടാ ബച്ചാവോയുടെ കാലം
ടെമ്പിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്. അമിത് ഷായുടെ മകന്‍ ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി. 2014-15 വര്‍ഷത്തെ വരുമാനം കേവലം 50000 രൂപ, 2015-16 ല്‍ അത് 16000 ഇരട്ടിച്ച് 80.5 കോടിയായി. വരുമാനവര്‍ധനവിനൊപ്പം കമ്പനിക്ക് ലഭിച്ച വായ്പകളുടെ കാര്യത്തിലും ചോദ്യങ്ങളേറെയുയരുന്നുണ്ട്. എതിരാളികളുടെ ഏതെല്ലാം ആപ്പീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെയക്കാന്‍ ബാക്കിയുണ്ടെന്ന അന്വേഷിക്കുന്ന കേന്ദ്രം മൂക്കിന് താഴെ അമിത്ഷായും ജയ്ഷായും വളര്‍ത്തിവലുതാക്കുന്ന സാമ്രാജ്യം മാത്രം കണ്ടില്ല. മന്ത്രിമാരം നേതാക്കളും മാത്രമല്ല നിയമോപദേശവുമായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍വരെ രംഗത്തുവന്നു. പാര്‍ട്ടി പച്ചപിടിക്കാത്ത ഇങ്ങിവിടെപ്പോലും മെഡിക്കല്‍ കോഴയായി മറയുന്നത് കോടികളാണെന്നിരിക്കേ ഇതിലും വലുത് പുറത്തുവന്നാലും അല്‍ഭുതപ്പെടാനേയില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമല്ല അയിത്തമെന്നതും കാണാതിരുന്നുകൂടാ. ഏറ്റുപിടിക്കാന്‍ മുന്നോട്ടുവരുന്ന മാധ്യമങ്ങളും എണ്ണിയെടുക്കാവുന്നവര്‍ മാത്രം. അതും മേല്‍പ്പറഞ്ഞ കാവിക്കയേറ്റത്തിന്റെ ബാക്കിപത്രം
ഇന്ത്യ പിടിച്ചടക്കാനുള്ള പടയോട്ടമാണ്. അവിടെ എന്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയം. എന്ത് പ്രതിബദ്ധത. വെട്ടിപിടുത്തം മാത്രമാണ് മുന്നില്‍. എന്നാല്‍ ആ ഓട്ടത്തിന് വേഗം കൂടുമ്പോള്‍ ഓര്‍ക്കണം വീഴ്ചക്കും വലിപ്പമേറും. എല്ലാത്തിനും വിലപറയാനാകില്ല. എല്ലാവരേയും വെടിവെച്ച് വീഴ്ത്താനും. വിയോജിപ്പുകള്‍ ആഘോഷ·മാകുന്ന തെരുവുകളൊരുങ്ങുന്നുണ്ട്. ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യരാജ്യം തന്നെയാണ് ഇപ്പോഴും.