ദേശീയമാധ്യമങ്ങള്‍ വരെ ചെങ്കൊടി കാവിപ്പോര് എന്ന് തലക്കെട്ടുനല്‍കി ചര്‍ച്ച തുടങ്ങിയതോടെ ഹാലിളകിയ കോണ്‍ഗ്രസുകാര്‍ തട്ടിക്കൂട്ടി ഒരു സമരപ്രഖ്യാപനം നടത്തി. പെട്രോള്‍ പാചകവാതക വിലവര്‍ധനക്കെതിരെ. പ്രതിഷേധത്തിന് ആസ്പദമായ വിഷയം ഒരു ദിവസം കൊണ്ട് പൊന്തിവന്നതല്ലെന്നിരിക്കേ പെട്ടെന്നൊരു പ്രതിഷേധത്തിലേക്ക് നയിച്ചത് കാലിനടിയിലെ മണ്ണ് നന്നായി ഒലിച്ചിറങ്ങുന്നുണ്ടെന്ന ബോധ്യം തന്നെ. എന്നാല്‍ ബോധംകെട്ടുറങ്ങിയവര്‍ പെട്ടെന്നുണര്‍ന്ന് പറഞ്ഞതാകട്ടെ നല്ല പിച്ചും പേയും. അടിമുടി ആശയക്കുഴപ്പവും നിലപാടില്ലായ്മയും നിഴലിച്ചു കോണ്‍ഗ്രസിന്റെ പുതിയ സമരപ്രഖ്യാപനത്തില്‍.
സഖാക്കളും സംഘികളും മാത്രം കളം നിറയുന്നത് കണ്ട് ഓടിയിറങ്ങിയതാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ ആവേശത്തില്‍ അടിച്ച ഗോള്‍ സ്വന്തം പോസ്റ്റിലായെന്ന് മാത്രം. ഒന്നാന്തരം സെല്‍ഫ് ട്രോള്‍. ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന ഹസനും ഹര്‍ത്താല്‍ ബില്‍ ചുമന്നുവന്ന ചെന്നിത്തലയുമാണ് ഇതേ സമരാഹ്വാനവുമായി ഇറങ്ങുന്നതെന്ന് അവര്‍ ഓര്‍ത്തില്ലെങ്കിലും ജനം ഓര്‍മിപ്പിച്ചു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യമെത്തുക കെ.പി.സി.സിയുടെ പേജിലാണെന്ന് രമേശ് ചെന്നിത്തലയെ തന്നെ ടാഗ് ചെയ്ത് അറിയിച്ചു. മറ്റൊന്ന് അനൗചിത്യമാണ്. ഹര്‍ത്താലിലെന്ത് അനൗചിത്യം എന്നുതോന്നാമെങ്കിലും എന്തിനാണ് ലോകകപ്പ് മല്‍സരവേളയില്‍ തന്നെ ഹര്‍ത്താല്‍ പോലൊരു പ്രതിഷേധം. ലോകരെ മുഴുവന്‍ ഈ നാട് ഇങ്ങനെയെന്ന് അറിയിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും നേതാക്കള്‍ക്ക് ആകാമായിരുന്നു. ഇവിടെ ക്രമസമാധാനം അടിമുടി അലങ്കോലപ്പെട്ടു കിടക്കുകയാണെന്ന് സ്ഥാപിക്കാന്‍ ഒരു കൂട്ടര്‍ കച്ച കെട്ടിയിറങ്ങിയിട്ടുണ്ടെന്നിരിക്കേ ആ വഴി പോകാതിരിക്കുന്നതും ഒരു രാഷ്ട്രീയ മര്യാദയായിരുന്നു. തീരുന്നില്ല, ജനരോഷം കണ്ടപ്പോള്‍ ആദ്യം 13 നും പിന്നെ 16 നുമെല്ലാമായി തിരുത്തല്‍ വരുത്തി പ്രഖ്യാപിച്ച് പോയതൊന്ന് നടത്തികേറാമെന്നായി നേതാക്കള്‍
അതല്ലെങ്കിലും സമീപകാലത്ത് ഈ പ്രതിപക്ഷനേതാവും കൂട്ടരും കെട്ടിപൊക്കിയ ഒരു സമരമുഖവും ഒരു ഇലയനക്കവും സൃഷ്ടിച്ചിട്ടില്ല. ഇക്കഴിഞ്ഞ രാപ്പകല്‍ സമരമായാലും സ്വാതന്ത്ര്യദിനത്തിലെ സത്യഗ്രഹമായാലും ഒന്നും ഒന്നും വലുതായി ക്ലച്ചുപിടിച്ചില്ല. സര്‍ക്കാരിന് കൈപൊള്ളിയ സ്വാശ്രയമെഡിക്കല്‍ വിവാദം മുതല്‍ ഭരണവിരുദ്ധവികാരം ഉയര്‍ത്താനൊത്തുവന്ന വിഷയങ്ങളിലെല്ലാം സഭയില്‍ പൊന്തിയ ചില അടിയന്തര പ്രമേയ നോട്ടീസുകള്‍ക്കും ഇറങ്ങിപ്പോകലിനുമപ്പുറം ഒന്നുംതന്നെ സംഭവിച്ചില്ല. കോടതിവരെ വാളോങ്ങി, രാജിയുടെ അരികില്‍ വരെയെത്തിയിട്ടും ശൈലജ ടീച്ചറര്‍ക്കെതിരെ ഒരു ലാത്തിച്ചാര്‍ജുണ്ടാക്കി അടിവാങ്ങാന്‍ പോലും ഈ നനഞ്ഞ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. തോമസ് ചാണ്ടിക്കെതിരെയും ആഞ്ഞിറങ്ങാന്‍ നേതാക്കളേറെയുള്ള പാര്‍ട്ടിയില്‍ ആരുമില്ല. എന്തിന് സ്വന്തം പാളയത്തിലെ ഒരു എം.എല്‍.എ അകത്തായിട്ടും ആരോപണങ്ങളെ ശരിവയ്ക്കാന്‍ പോയതല്ലാതെ മറുവെട്ടിന് നിന്നതേയില്ല പ്രതിപക്ഷനേതാവും പാര്‍ട്ടി പ്രസിഡന്റും. ഒന്നുവെള്ളപൂശാനിറങ്ങിയ ഉമ്മന്‍ചാണ്ടിയ്ക്ക് ഒപ്പം നിന്നതുമില്ല. പോട്ടെ പാര്‍ട്ടി മുഖപത്രമായ വീക്ഷണം വാര്‍ഷിക കണക്ക് സമര്‍പ്പിക്കാതിരുന്നപ്പോള്‍ ഉണ്ടായ നടപടിയെ കള്ളപ്പണവേട്ടയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിച്ച എതിരാളികള്‍ക്ക് പോലും ഒരു നേതാവും ഒരു മറുപടി നല്‍കിയില്ല. ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വീക്ഷണത്തിന്റെ വെട്ടിപ്പ് അസലായി പ്രചരിക്കുന്നുണ്ട്.
എന്താണ് ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്വയം നിര്‍വഹിക്കേണ്ട ദൗത്യം? അതല്ലെങ്കില്‍ എന്താണ് കോണ്‍ഗ്രസിന്‍റെ പ്രസക്തി? ഉത്തരം ലളിതമാണ്. ഒന്ന് പ്രധാനപ്രതിപക്ഷ പദവി കൈവിടാതെ കാക്കുക. അതായത് ബിജെപിയെ വളരാന്‍ അനുവദിക്കാതിരിക്കുക. രണ്ട് ക്രിയാത്മക പ്രതിപക്ഷമായി ഇടപെടലുകള്‍ നടത്തുക. അതായത് എല്ലാംശരിയാക്കാനിറങ്ങിയ പിണറായി സര്‍ക്കാരിന് പലതിലും പാളുന്നുണ്ടെന്ന് ജനത്തെ ഓര്‍മിപ്പിക്കുക. ഇതിന് രണ്ടിനും ആവശ്യമായതെല്ലാം സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിന് വച്ചുനീട്ടുന്നുണ്ട്. എന്നിട്ടും തലവര മാറ്റില്ലെന്ന് എന്തിനാണ് ശാഠ്യം പിടിക്കുന്നത്.
അതെ കോണ്‍ഗ്രസ് നല്ല ഉറക്കത്തിലാണ്. അതാണ് സത്യം. മുതിര്‍ന്ന നേതാക്കളിലാരെയെങ്കിലും കാണാനുണ്ടോ. എവിടെപ്പോയി എ.കെ.ആന്റണി? അഗസ്റ്റാവെസ്റ്റ് ലാന്‍ഡ്, സര്‍ജിക്കല്‍ സട്രൈക്ക് അങ്ങനെയെത്തുന്ന പഴയ പ്രതിരോധ ബീറ്റിനപ്പുറം ആന്റണിയുടെ പ്രതികരണങ്ങളേതുമില്ല. അനുസ്മരണയോഗങ്ങളില്‍ മാത്രമാണ് വയലാര്‍ രവിയുടെ ശ്രദ്ധ. കെ.പി.സി.സി. കസേരയില്‍ നിന്ന് മിണ്ടാതെ എഴുന്നേറ്റുപോയ സുധീരനാകട്ടെ മൗനം തുടരുന്നു. ഉമ്മന്‍ചാണ്ടിക്കും കളി മെനയാനില്ല കണ്ടുനില്‍ക്കാം എന്ന ലൈനാണ്. പിന്നെയുള്ള പഴയപടക്കുതിരകളാകട്ടെ ഭരണംപോയപ്പോള്‍ പൊടിതട്ടി എഴുന്നേറ്റുപോയതാണ്. പഞ്ച് ഡയലോഗുമായി ഒരു എന്‍ട്രി ഒത്തുവരുന്നത് കെ.മുരളീധരനും പി.ടി.തോമസിനുമാണ്. അത് ഏറ്റുപിടിക്കാനാകട്ടെ ആരും എത്തുന്നുമില്ല. വി.ഡി.സതീശന് പിന്നോട്ടിറങ്ങി നില്‍ക്കുന്നതും വി.ടി.ബല്‍റാം ഫേസ് ബുക്ക് ലോഗൗട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങാത്തതും കാരണം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും മാത്രമാണ് ചിത്രത്തില്‍. ഓര്‍ക്കണം പേരറിയാത്ത ഉത്തരേന്ത്യന്‍ നേതാക്കളെ വരെ ബിജെപി പയ്യന്നൂരിലും പിലാത്തറയിലുമെല്ലാം ഉടുപ്പിട്ട് ഇറക്കുമ്പോഴാണ് ഈ ഉറക്കം. തുറന്നുപറയട്ടെ നല്ല നാലുകോളം വാര്‍ത്തയാവും വിധം നന്നായി തമ്മിലടിക്കുകയെങ്കിലും വേണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍. കെപിസിസി തിരഞ്ഞെടുപ്പ് കാലത്തെങ്കിലും ആരോഗ്യകരമായ ആ ഏറ്റുമുട്ടലുകള്‍ക്ക് കളമൊരുങ്ങിയാല്‍ ഈ കിതപ്പൊന്ന് മാറിക്കിട്ടും. അവിടെയും സമവായമെന്ന അനുനയത്തില്‍ തൂങ്ങി, കിട്ടുന്നതെല്ലാം വീതിച്ചെടുക്കാനുള്ള ഈ തിടുക്കം അലസതയല്ലാതെ മറ്റെന്താണ്..? ഇടതുപാര്‍ട്ടികളെപ്പോലെ പ്രത്യയശാസ്ത്ര അടിത്തറയോ ബി.െജപിയുടേതുപോലെ സംഘടനാ അടിത്തറയോ കോണ്‍ഗ്രസിന് അവകാശപ്പെടാനില്ലെന്നിരിക്കേ സംഘടനാദൗര്‍ബല്യങ്ങളെ ഇനിയെങ്കിലും അതിജീവിച്ചേ സാധിക്കൂ. ഉത്തരേന്ത്യയില്‍ പാര്‍ട്ടി സിന്‍ഡിക്കേറ്റ് നേതാക്കളുടെ കൈയലമര്‍ന്നതുപോലെ അമരാതിരിക്കാന്‍ പഴയ ഗ്രൂപ്പിസം തന്നെ രക്ഷ.
ഒരു യാത്ര കോണ്‍ഗ്രസിനും ആലോചിക്കാവുന്നതാണ്. ജനങ്ങളെ രക്ഷിക്കാനല്ല. സ്വയം രക്ഷിക്കാന്‍. സിപിഎമ്മിനെയും ബിജെപിയെയും ഒരു പോലെ പ്രതിരോധിക്കാന്‍ ഇരട്ടത്തലയുള്ള വാളെടുക്കേണ്ട കാലത്ത് വാളെല്ലാം ഉറയിലിട്ട് ഉറങ്ങാന്‍ കിടന്നാല്‍ കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിന് മുന്‍പേ തീര്‍ച്ചായായും കോണ്‍ഗ്രസ് വിമുക്ത കേരളം പിറക്കും. ഒന്നോര്‍ത്താല്‍ നല്ലത്, നിങ്ങളുടെ ഉറക്കംതൂങ്ങല്‍ ഭരണവര്‍ഗത്തിന് ചിരിക്കാനുള്ള കാഴ്ചയാകും, ജനത്തിന് പക്ഷേ രോഷത്തിന്റേതും.