ഒരു രാഷ്ട്രീയനേതാവിന്റെ ഏറ്റവും വലിയ മൂലധനമെന്താണ്? ജനങ്ങള്‍ക്ക് ആ വ്യക്തിയിലുള്ള വിശ്വാസം തന്നെയാണ്. സോളര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഇതുവരെ പുറത്തെത്തിയ വിവരങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയോട് ഒറ്റ ചോദ്യം. ബഹുമാനപ്പെട്ട മുന്‍മുഖ്യമന്ത്രി, താങ്കള്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് നിയമം വിധിക്കട്ടെ. പക്ഷേ കേരളത്തോട് കള്ളം പറഞ്ഞുവെന്ന് സമ്മതിക്കാന്‍ തയാറാണോ? ചോദ്യം ഉമ്മന്‍ചാണ്ടിയോട് മാത്രം ഒതുങ്ങുന്നതല്ല, പക്ഷേ ഉത്തരം പറയേണ്ട, ഉത്തരവാദിത്തപ്പെട്ട ജനനേതാക്കളുടെ നീണ്ട നിര കണ്ട് തലകുനിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, കേരളമാണ്. ഇതാണോ കേരളത്തെ നയിച്ച രാഷ്ട്രീയം? ഈ രാഷ്ട്രീയത്തിന്റെ പാപഭാരം തലയിലേറ്റാന്‍ മാത്രം അപമാനിക്കപ്പെടേണ്ടവരാണോ മലയാളികള്‍?
ശ്രദ്ധിക്കേണ്ട വാചകം, ഒരു പരിചയവുമില്ലാത്ത ഒരാളുമായി വന്നാല്‍ ഞാന്‍ ചോദിക്കില്ലേ എന്ന് ശ്രീ ഉമ്മന്‍ചാണ്ടി പറയുന്നതാണ്. പറയുന്നത് സരിതാനായരെക്കുറിച്ചാണ്. ഉമ്മന്‍ചാണ്ടിക്ക് ഒരു പരിചയവുമില്ലാത്ത ആ ഒരാള്‍ സോളര്‍ തട്ടിപ്പിന്റെ കേന്ദ്രമായ സരിതാനായരാണ്. അദ്ദേഹം ഇത് പല തവണ ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ഓര്‍മകളല്ല, രേഖകള്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് സാമ്പത്തികത്തട്ടിപ്പ് നടത്തിയ സരിതാനായരെ വ്യക്തിപരമായി അറിയാമായിരുന്നോ എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കേ, 2013 ഓഗസ്റ്റില്‍ ഒരു ഫോട്ടോ പുറത്തു വന്നു. അന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2013ല്‍ സോളര്‍ കേസ് കത്തിനില്‍ക്കുമ്പോള്‍, കേരളമൊന്നാകെ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചുകൊണ്ടിരുന്നത്, സരിതാനായര്‍ എന്ന സാമ്പത്തികകുറ്റവാളിയെ അറിയാമോ എന്നാണ്. ഏതെങ്കിലും വിധേന അവര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടായിരുന്നോ? ഇല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചാണയിട്ടു. മറിച്ചു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പല തവണ വെല്ലുവിളിയോടെ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ഒരു നേതാവ്, അതും ജനകീയനായ ഉമ്മന്‍ചാണ്ടി പറഞ്ഞുവെന്നതുകൊണ്ടു മാത്രം അതു വിശ്വസിച്ചു കേരളത്തില്‍ ഒരു വിഭാഗം ജനങ്ങള്‍. ഇന്ന് അതേ ഉമ്മന്‍ചാണ്ടി നിയോഗിച്ച സോളര്‍ അന്വേഷണകമ്മിഷന്‍ എഴുതിവച്ചിരിക്കുന്നത്, ജനങ്ങളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടി സരിതയെ നേരിട്ടു സഹായിച്ചുവെന്നാണ്. അറിയുകയേയില്ല, കണ്ടിട്ടേയില്ല എന്നാവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയോട് ഏതു ചോദ്യമാണ് നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടത്? ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് കോടതിയില്‍ എന്തു സംഭവിച്ചാലും കണ്‍മുന്നില്‍ തെളിയുന്ന ഈ വിശ്വാസവഞ്ചനയ്ക്ക് എന്താണ് മറുപടി?
ഇപ്പോഴും സോളര്‍ അന്വേഷണറിപ്പോര്‍ട്ട് നമുക്കു മുന്നിലെത്തിയിട്ടില്ല. ആകെയുള്ളത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ട 10 നിഗമനങ്ങള്‍ മാത്രം. പക്ഷേ അതില്‍ ഒന്നാമത്തേതില്‍ പറയുന്നത് ഇങ്ങനെയാണ്. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ടീം സോളര്‍ കമ്പനിയെയും സരിത എസ്.നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സഹായിച്ചു. നിയമോപദേശത്തില്‍ പറയുന്നു, ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും സരിതയില്‍ നിന്നും അവരുടെ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനാല്‍ അഴിമതിക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം.
ഉമ്മന്‍ചാണ്ടിയിലും മറ്റു കോണ്‍ഗ്രസ് നേതാക്കളിലും മാനഭംഗക്കുറ്റമടക്കം ചുമത്തി അന്വേഷണം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരാണ്, കമ്മിഷന്‍ എങ്ങനെ ഈ കുറ്റങ്ങള്‍ കണ്ടെത്തിയെന്നതിന്റെ പൂര്‍ണവിവരങ്ങള്‍ നമുക്ക് മുന്നിലില്ല. അതു പുറത്തുവരേണ്ടതാണ്. കേരളത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയെ മാത്രം വിശ്വാസത്തിലെടുക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെടുന്നത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നതും തള്ളിക്കളയനാകില്ല.
പക്ഷേ നമുക്കറിയാവുന്ന മറ്റു ചിലതുണ്ട്. കോണ്‍ഗ്രസുകാരന്‍ തന്നെയായ കല്ലേലില്‍ ശ്രീധരന്‍നായരുടെ മൊഴി മാത്രമല്ല, കമ്മിഷനുമുന്നിലും കോടതിയിലെ രഹസ്യമൊഴിയിലും അദ്ദേഹം ആവര്‍ത്തിച്ചത് മുഖ്യമന്ത്രി സരിതയുടെ കമ്പനിയെ ശുപാര്‍ശ ചെയ്തുവെന്നാണ് എന്നതു മാത്രമല്ല. KSEB എന്‍ജിനിയേഴ്സ് അസോസിയേഷന്‍റെ ദ്വൈവാര്‍ഷികസമ്മേളനത്തില്‍ വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് തന്നെ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നിലെത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. സരിതയെന്ന സംരംഭകയെ മുഖ്യമന്ത്രിയാണ് പരിചയപ്പെടുത്തിയതെന്ന ആര്യാടന്റെ സാക്ഷ്യം എന്തുകൊണ്ടാണ് കമ്മിഷനില്‍ ചോദ്യം ചെയ്യപ്പെടാതിരുന്നത്. സരിതയെക്കുറിച്ചാണ് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയെ കണ്ട് ചര്‍ച്ച ചെയ്തതെന്ന ബിജുരാധാകൃഷ്ണന്റെയും സുഹൃത്തിന്റെയും സാക്ഷ്യവും ചോദ്യം ചെയ്യപ്പെട്ടില്ലെന്നു നമുക്കറിയാവുന്നതാണ്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ സരിതയെ പഠിപ്പിക്കുന്ന തമ്പാനൂര്‍ രവിയുടെയും ബെന്നി ബെഹനാന്റെയും ശബ്ദം നമ്മള്‍ കേട്ടതാണ്.
സര്‍ക്കാര‍് റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണം. ആരോപണവിധേയരുടെ മാത്രമല്ല, കേരളത്തിന്റെയാകെ അറിയാനുള്ള അവകാശമാണത്. പക്ഷേ അതിനു മുന‍്പ് മുന്‍പ് ഉമ്മന്‍ചാണ്ടിയോട് ആ ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാതെ വയ്യ. തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെടും വരെ സരിതനായരെ അറിയുമായിരുന്നില്ല എന്ന് ഒന്നുകൂടി താങ്കള്‍ ആവര്‍ത്തിക്കുമോ? റിപ്പോര്‍ട്ട് പുറത്തും വരും മുന്‍പ് ഒരിക്കല്‍ക്കൂടി അതുറപ്പിച്ചു പറയുമോ താങ്കള്‍? ചോദ്യങ്ങളെല്ലാം ഒരാളിലേക്കു മാത്രമായി ചുരുക്കുകയല്ല. കേരളത്തിന്റെ രാഷ്ട്രീയജാഗ്രതയെ കൊഞ്ഞനം കുത്തിയ കാലത്തിന്, മറുപടി വേണം. അതു പറയാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ബാധ്യതയുണ്ട്.
സര്‍ക്കാര്‍ എന്തുകൊണ്ട് റിപ്പോര്‍്ടട് പ്രസിദ്ധപ്പെടുത്തുന്നില്ല എന്നതു ചോദ്യമാണ്. ഒരു കമ്മിഷന്‍ റിപ്പോര്‍ട്ടിനും ബാധകമായ പൊതു തത്വമൊന്നുമില്ലെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു. ഒന്നും പറഞ്ഞില്ലെന്നു പറയുകയുമരുത്. ഭൂകമ്പമുണ്ടാക്കുന്ന കമ്മിഷന്‍ നിഗമനങ്ങള്‍ കേരളത്തെ വായിച്ചു കേള്‍പ്പിച്ചതാണ് മുഖ്യമന്ത്രി. പാതിയില്‍ പറഞ്ഞു നിര്‍ത്തിയതില്‍ പിടിക്കുന്നത് ആരോപണവിധേയരാകുമ്പോള്‍ ദുരൂഹതയുടെ മൂടുപടം നിലനിര്‍ത്തുന്നത് ശരിയല്ല.
പക്ഷേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ ഇതുവരെയും പറഞ്ഞുവച്ചിരിക്കുന്നത്. എന്നേക്കും ഒളിച്ചു വയ്ക്കുമെന്നല്ല. പുറത്തു വരുമ്പോള്‍ ഈ പറഞ്ഞതൊന്നുമല്ല, അതിലുള്ളതെങ്കില്‍ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കേരളരാഷ്്ട്രീയത്തില്‍ നിന്ന് ഒളിച്ചോടേണ്ടിവരുമെന്നുറപ്പാണ്. അങ്ങനെയൊരു സാഹസികത പിണറായിവിജയനില്‍ നിന്ന് ഇപ്പോള്‍ പ്രതീക്ഷിക്കാനാകുമോയെന്നത് യുക്തിസഹമായ ചോദ്യം.
പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും സോളര്‍ തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായി എന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് കേരളത്തോടു മാപ്പു പറയണം. സംരംഭകയായെത്തിയ സ്ത്രീയെ മാനഭംഗം ചെയ്താണ് കോണ്‍ഗ്രസിന്റെ നേതൃനിര കൈക്കൂലി വാങ്ങിയതെന്നു കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടി ഇനിയും ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കാന്‍ യോഗ്യതയുണ്ടോയെന്ന് സ്വയം ചിന്തിക്കണം. വ്യക്തികള്‍ ചെയ്ത കുറ്റമെന്ന് ഒഴിയരുത്. ഈ ആരോപണങ്ങള്‍ അധികാരമുള്ള കോണ്‍ഗ്രസിനു മുന്നില്‍ ചോദ്യങ്ങളായെത്തിയപ്പോള്‍ അന്നു കാണിച്ച നിസംഗതയ്ക്ക് പാര്‍ട്ടി മാപ്പര്‍ഹിക്കുന്നില്ല. അധികാരവും പാര്‍ട്ടി ബലവുമുള്ള പക്ഷത്തിനു മുന്നില്‍ അന്ന് കമിഴ്ന്നു വീണ കോണ്‍ഗ്രസ് ഇന്ന് ഇരവാദമുയര്‍ത്തി നിലവിളിക്കരുത്. തെറ്റുപറ്റിയെങ്കില്‍ തുറന്നു കാട്ടാനും തിരുത്താനും അന്ന് കിട്ടിയ അവസരത്തില്‍ അധികാരമാണ് വലുതെന്നു തീരുമാനിച്ച കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന അപമാനത്തിന്റെ ശിക്ഷ അര്‍ഹിക്കുന്നതു തന്നെയാണ്.
രാഷ്ട്രീയപ്രതികാരമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കുറ്റങ്ങളില്‍ ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു ഉമ്മന്‍ചാണ്ടി
നിലവാരം കുറഞ്ഞ രാഷ്ട്രീയനടപടിയെന്നു വിധിയെഴുതി മാഞ്ഞ എ.കെ.ആന്‍റണിയും ഇപ്പോള്‍ കിട്ടിയില്ലേ ടി.പി.കേസിലെ ഒത്തുതീര്‍പ്പിന്റെ പ്രതിഫലമെന്നു തിരിച്ചുകുത്തിയ വി.ടി.ബല്‍റാമുമൊന്നും സോളര്‍ വിവാദം കത്തിനിന്നപ്പോള്‍ പാര്‍ട്ടിയെ തിരുത്താന്‍ മെനക്കെട്ടിട്ടില്ലാത്തവരാണ്. ശുദ്ധീകരണത്തിന് ഒന്നാഞ്ഞു ശ്രമിച്ച സുധീരനേറ്റ പൊള്ളല്‍ ഓര്‍മയിലുള്ള കേരളം ഇന്നും അദ്ദേഹം പറയുന്നതിന് കാതോര്‍ത്തേക്കാം.
പക്ഷേ മറിച്ചുള്ള ഒരു വിലാപത്തിനും ഈ പാര്‍ട്ടിയോടുണ്ടായിരുന്നില്ല ആത്മാര്‍ഥത. ബി.ജെ.പിക്കിടമുണ്ടാക്കാന്‍ സി.പി.എം കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്നുവെന്നു വേവലാതിപ്പെടുന്നവരാരും ഈ പോക്ക് പോകരുതെന്ന് തടയാന്‍ അന്ന് വിയര്‍പ്പൊഴുക്കിയിട്ടില്ല. അധികാരത്തിന്റെ പ്രമത്തതയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അന്നു നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ കണ്ടില്ലെന്നു നടിച്ച ഓരോ കോണ്‍ഗ്രസുകാരനുമുണ്ട് ഈ പതനത്തില്‍ ഉത്തരവാദിത്തം. അഴിമതി ആരോപണങ്ങളും വഴിവിട്ട ഭരണകൂടനടപടികളും പുച്ഛിച്ചു തള്ളിയ അധികാരികളെ തടുക്കാന്‍ നേരമില്ലാതിരുന്നവര്‍ക്ക് ഇനി സമയം കണ്ടെത്താം. എവിടെനിന്നു തിരുത്തിത്തുടങ്ങണമെന്ന്, ഏതു നടപടിക്ക് പാര്‍ട്ടിക്കേറ്റ പരുക്കുണക്കാനാകുമെന്ന് ആഴത്തില്‍ ആലോചിച്ചു തുടങ്ങാം. കേരളം ചോദിച്ചതാണ്. ഇതു ശരിയാണോയെന്ന്, ഉച്ചത്തിലുച്ചത്തില്‍ ചോദിച്ചതാണ്. കേള്‍ക്കാതിരുന്നത് നിങ്ങള്‍ മാത്രമാണെന്ന് ഈ പ്രഹരം കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കട്ടെ.
ഒപ്പം പ്രതികാരമല്ല, കൈയിലെത്തിയ ആയുധം ആഞ്ഞുവീശിയതല്ല എന്നുറപ്പു വരുത്തേണ്ട ബാധ്യത പിണറായി സര്‍ക്കാരിനുണ്ട്. അനുകരിക്കാന്‍ മാതൃകകളില്ല എന്നത് ഈ രാഷ്ട്രീയകാലാവസ്ഥയില്‍ ആത്മാര്‍ഥതയോടെ പറയാവുന്ന ഒരു വാചകമല്ല. കോണ്‍ഗ്രസ് മുക്തകേരളമെന്ന മുദ്രാവാക്യം ആശങ്കപ്പെടുത്തേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല. വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കിയേ മുന്നോട്ടു പോകൂവെന്ന് സര്‍ക്കാര്‍ കേരളത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഖേദകരമാണ്, നിര്‍ഭാഗ്യകരമാണ്, പക്ഷേ അന്വേഷണം നേരിടുന്നവരുടെ നീണ്ട നിര ഒരിക്കല്‍ കേരളം വിശ്വസിച്ചിരുന്നവരാണ്. പണത്തിന്റെ വരവനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കൂറുമാറാവുന്ന മൊഴികള്‍ മാത്രമാശ്രയിച്ചല്ല, ഈ രാഷ്ട്രീയജീവിതങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത നിലപാടുള്ള ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയം അവസാനിച്ചതാണെങ്കില്‍, ശരിക്കും നിയമം നിയമത്തിന്റെ വഴിക്ക് പോകുകയാണെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറുകയാണ്. മാറേണ്ടതു തന്നെയാണത്. അഴിമതിക്കു മുന്നില്‍ അന്തിച്ചു നിന്ന യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ തള്ളിവിട്ട ദശാസന്ധി കേരളത്തെ പഠിപ്പിക്കേണ്ട ചില പാഠങ്ങളുണ്ട്. അതുകൊണ്ട് ഈ പതനം കോണ്‍ഗ്രസ് അര്‍ഹിക്കുന്നതാണ്. തിരിച്ചറിയുകയും തിരുത്തുകയും ചെയ്യാന്‍ തയാറാണെങ്കില്‍ അതു കോണ്‍ഗ്രസിനും നല്ലതാണ്. അവസാന അവസരമെന്ന് പക്ഷേ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു.