സോളര്‍കേസിലെ തുടര്‍നടപടികളില്‍ പിണറായി സര്‍ക്കാര്‍ പരുങ്ങുന്നുണ്ടോ? കേരളരാഷ്ട്രീയചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായ സോളര്‍ അഴിമതിക്കേസില്‍ കാണിച്ച അനാവശ്യതിടുക്കം ഒടുക്കം കിതപ്പായി മാറുന്നോ? ഉത്തരം പറയാന്‍ നേരിട്ടുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനം ആരാണെടുത്തത്? ആ ചോദ്യത്തിനുള്ള ഉത്തരം നിര്‍ണായകമാണ്. ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി പെട്ടെന്ന് നിയമസഭാസമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനത്തിനിടയിലും ഈ ചോദ്യം മുഴച്ചു തന്നെ നില്‍ക്കും. അതിനുത്തരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയേണ്ടതാണ്.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചപ്പോള്‍, നിഷ്പക്ഷരായവര്‍ പോലും ഉന്നയിച്ച രണ്ടു ചോദ്യങ്ങളുണ്ട്.
1. കുറ്റാരോപിതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്താണ് കുറ്റമെന്നു പോലും വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല?·
2. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കുമെന്നു പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനമെന്താണ്?
ഒന്നാമത്തെ ചോദ്യത്തിന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞ ഉത്തരമാണ് പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ വിഴുങ്ങി അവതരിച്ചത്, പാര്‍ട്ടി സെക്രട്ടറിക്കും നിയമമന്ത്രിക്കുമൊക്കെ ഇക്കാര്യത്തില്‍ ഉറച്ച നിലപാടായിരുന്നു
ഒടുവില്‍ അതെന്തു നീതിയെന്ന ചോദ്യം ശക്തമായപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. 20 ദിവസത്തിനുള്ളില്‍ സഭാസമ്മേളനം വിളിക്കാനും റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും തീരുമാനമായി. പതര്‍ച്ച അവിടെയും തീര്‍ന്നില്ല, മാനഭംഗക്കുറ്റത്തില്‍ ക്രിമിനല്‍ കേസെടുക്കുമെന്ന പ്രഖ്യാപനത്തില്‍ വീണ്ടും നിയമോപദേശം തേടാനും തീരുമാനമായി. പാളിച്ചകളില്ലെന്നുറപ്പാക്കാന്‍ എന്നാണ് വിശദീകരണം. നല്ലതാണ്. പക്ഷേ മുന്‍മുഖ്യമന്ത്രിക്കെതിരെയടക്കം മാനഭംഗക്കേസ് പ്രഖ്യാപിച്ചത് ഉറപ്പില്ലാതെയാണോ? ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്താനുള്ള അതിബുദ്ധി ആരുടേതായിരുന്നു? വേങ്ങരയില്‍ വോട്ടെടുപ്പു തുടങ്ങിയ മണിക്കൂറുകളില്‍ ആ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ മറുപടി പറയണം. അതൊരു രാഷ്ട്രീയഉത്തരവാദിത്തമാണ്. എത്ര നിയമോപദേശത്തില്‍ ഇനിയുറപ്പിച്ചാലും ആ തിടുക്കം അധാര്‍മികമായിരുന്നുവെന്ന് പറയാതെ വയ്യ.
സോളര്‍കേസിലെ ആരോപണവിധേയര്‍ നിഷ്ക്കളങ്കരും നിരപരാധികളുമാണെന്ന വാദം കോണ്‍ഗ്രസുകാര്‍ക്കു പോലുമുണ്ടോയെന്ന് സംശയമാണ്. രാഷ്ട്രീയത്തെ ബഹുമാനിക്കുന്ന പൊതുസമൂഹമാകട്ടെ, സോളര്‍ എന്ന അപമാനകരമായ വിവാദത്തിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ അധഃപതനങ്ങളിലൊന്നാണ് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തത്. ആരോപണങ്ങളിലൂടെ ഉയര്‍ന്ന അപമാനക്കറ മാത്രമല്ല, അതിനോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളത്തെയാണ് നാണം കെടുത്തിയത്. ആ സോളറില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെല്ലാം എണ്ണിയെണ്ണി മറുപടി ഉണ്ടാകണം. നിയമപരമായ നടപടിയും കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ബഹുമാന്യമായ ഒരു ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്ന ആരോപണം ശരിയാണെങ്കില്‍ എത്ര ഉന്നതനായ നേതാവാണെങ്കിലും ഉമ്മന്‍ചാണ്ടിയും ശിക്ഷിക്കപ്പെടണം.
പക്ഷേ അതിന് ആദ്യം ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടണം. മറ്റുള്ള നേതാക്കള്‍ക്കെതിരെയുള്ളതും. ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്റെ കണ്ടെത്തലുകള്‍ക്ക് നിയമപരമായ പ്രാബല്യമുണ്ടാകണം. കണ്ടെത്തലുകളെന്താണെന്ന് ലോകമറിയണം. നിയമം അനുശാസിക്കുന്ന തരത്തില്‍ നടപടികള്‍ മുന്നോട്ടു പോകണം. രാഷ്ട്രീയപ്രതികാരമല്ല, നിയമം നിയമത്തിന്റെ വഴിക്കാണു പോകുന്നതെന്ന് കേരളത്തിനു ബോധ്യപ്പെടുത്തുന്ന സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാകണം. നീതിയും നിയമവും കൈയടക്കത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതുപദേശിക്കാന്‍ ഇപ്പോഴുള്ള ഉപദേശികളൊന്നും പോരെന്നാണെങ്കില്‍, മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ വകതിരിവിനൊരു ഉപദേശിയെ ആവശ്യമുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്.
ഉമ്മന്‍ചാണ്ടിയെയും മറ്റു നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള സുവര്‍ണാവസരമാണ് പിണറായി സര്‍ക്കാരിനു വന്നു ചേര്‍ന്നിരുന്നത്. റിപ്പോര്‍ട്ട് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍, ഒരു തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം തിടുക്കത്തില്‍ നടപടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടതാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാശ്വസിക്കാന്‍ രാഷ്ട്രീയകേരളം ശ്രമിച്ചതുമാണ്. പക്ഷേ നടപടി പ്രഖ്യാപിച്ച ശേഷം നിയമോപദേശമെന്നത് വിചിത്രമായ സാഹചര്യമാണ്. അതുമാത്രമല്ല, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച കേസില്‍ സരിതാനായര്‍ അതേ പരാതി വീണ്ടും നല്‍കിയത് ആര്‍ക്കുവേണ്ടിയാണ്. സോളര്‍ കമ്മിഷന്‍ കണ്ടെത്തിയെന്ന പേരില്‍ മുഖ്യമന്ത്രി കേരളത്തെ അറിയിച്ച മാനഭംഗക്കുറ്റത്തില്‍ കേസെടുക്കാനുള്ള തീരുമാനം ആരാണെടുത്തത്? സര്‍ക്കാര്‍ നീക്കത്തിന് നിയമപരമായ പിന്‍ബലം പോരെന്നു വ്യക്തമാക്കുന്ന തരത്തില്‍ സരിതാ നായരെക്കൊണ്ട് വീണ്ടും പരാതി നല്‍കിച്ചതെന്തിനാണ്? ഇതേ സരിതാനായര്‍ 6 മാസം മുന്‍പ് ഇതേ സര്‍ക്കാരിനു നല്‍കിയ പരാതി പോരാതെ വന്നതെന്തുകൊണ്ടാണ്? ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്‍ പരിധിക്കു പുറത്ത് ഇടപെട്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്‍റെ ഉത്തരത്തിന് വ്യക്തതയില്ലാത്തതെന്തുകൊണ്ടാണ്?
സോളര്‍ വിവാദം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട കേസാണ്. ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ ചിലതിനെങ്കിലും അടുത്ത മാസം ഒന്‍പതിന് നിയമസഭയില്‍ ഉത്തരം കിട്ടും. ഒരടി എടുത്തു ചാടിയ ശേഷം സര്‍ക്കാര്‍ രണ്ടടി പിന്നോട്ടു മാറിയതെന്തുകൊണ്ട് എന്ന ചോദ്യത്തിനും അക്കൂട്ടത്തില്‍ ഉത്തരമുണ്ടാകണം. പാളിച്ചകളൊഴിവാക്കാനുള്ള കരുതല്‍ മാത്രമാണ് അതെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പാര്‍ട്ടി അണികള്‍ക്കുള്ള മറുപടിയും അതിലുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തികരമായാല്‍ എല്ലാമായി എന്നതാണ് കേരളത്തിലെ മന്ത്രിസഭയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസത്തിനും അതില്‍ മറുപടി വേണം.
ഇതിനിടയിലും കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിക്കാതെ വയ്യ. സോളര്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വരും മുന്‍പേ സര്‍ക്കാര്‍ നടപടി രാഷ്ട്രീയപകപോക്കലാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. അതിബുദ്ധി സര്‍ക്കാരിനു മാത്രമല്ല, കോണ്‍ഗ്രസിനും അപകടം ചെയ്യും. കുറ്റാരോപണം പോലും വ്യക്തമാകും മുന്‍പേ ആരോപിതര്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് ചങ്കൂറ്റത്തിനു മുന്നില്‍ തലകുനിക്കുന്നു. സോളര്‍ നടപടികളില്‍ സര്‍ക്കാര്‍ മറുപടി പറേയണ്ട ചോദ്യങ്ങള്‍ പോലും ചോദിക്കാതെ പരുങ്ങുന്ന പ്രതിപക്ഷം വിളിച്ചുപറയുന്നുണ്ട് പുറത്തു വരാനിരിക്കുന്ന റിപ്പോര്‍ട്ടിനോടുള്ള ആശയക്കുഴപ്പവും പേടിയും.
ഉമ്മന്‍ചാണ്ടിക്കും സോളറിലെ സഹആരോപണവിധേയര്‍ക്കുമെതിരെ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതിനിടയിലും മനസിലിരിപ്പ് ഒളിച്ചുവച്ചിട്ടില്ല, കോണ്‍ഗ്രസിലെ മറുപക്ഷം.
KPCCയുടെ മുന്‍അധ്യക്ഷനും നിലവിലെ ഉപാധ്യക്ഷനും പറയാനുള്ളതു പറഞ്ഞു തന്നെയാണ് പിന്നീട് പിന്തുണയ്ക്ക് കൈയടിച്ചത്. സോളര്‍ വിവാദത്തില്‍ ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നു ആദ്യമേ തീരുമാനിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒരു ചോദ്യം. ഈ പിന്തുണ എന്തിന്റെ പേരിലാണ്? യു.ഡി.എഫ് നിയോഗിച്ച കമ്മിഷന്‍ നടത്തിയ കണ്ടെത്തലുകള്‍ പുറത്തു വരട്ടെ. അതിന്റെ ന്യായാന്യായങ്ങള്‍ വിലയിരുത്തി പിന്തുണയ്ക്കുന്നതു മനസിലാക്കാം. കമ്മിഷന്‍ എന്തു പറഞ്ഞുവെന്നറിയും മുന്‍പേ ഒപ്പമുണ്ടെന്ന പ്രഖ്യാപനം പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതാണ്.
കോണ്‍ഗ്രസിലെ പ്രബലവിഭാഗത്തിന്റെ മനസിലിരിപ്പ് അറിയാതെയല്ല പരസ്യപിന്തുണയുടെ പരിഹാസ്യത ചൂണ്ടിക്കാണിക്കുന്നത്. ഐ ഗ്രൂപ്പിന്റെ മുറുമുറുപ്പിന്‍റെ അടിസ്ഥാനം പൊതുതാല്‍പര്യമോ പാര്‍ട്ടിയുടെ താല്‍പര്യമോപോലുമല്ലെന്നറിഞ്ഞുകൊണ്ട് ഒരു വാഴ്ത്തുപാട്ടും അവര്‍ അര്‍ഹിക്കുന്നില്ല. രാഷ്ട്രീയധാര്‍മികതയോ, രാഷ്ട്രീയസാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികളോ ഒന്നും കോണ്‍ഗ്രസിനെ ഇനിയും ഉണര്‍ത്തുന്നില്ലെങ്കില്‍ അവര്‍ക്ക് അവരുടെ വിധി എന്നാശ്വാസിക്കാനേ കഴിയൂ.
ഓര്‍ക്കുക, സോളര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതുമുതല്‍ യു.ഡി.എഫിന് ഒറ്റപ്രതിരോധമേ ഉണ്ടായിരുന്നുള്ളൂ. ഒരു മറുചോദ്യമേ ഉണ്ടായിരുന്നുള്ളൂ. റിപ്പോര്‍ട്ടെവിടെ? തീയതി പ്രഖ്യാപനത്തിലൂടെ ആ ചോദ്യം അവസാനിച്ചു. പ്രമുഖനേതാക്കള്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തിയതെങ്ങനെയെന്ന്, നീതിബോധമുള്ളവര്‍ ഉയര്‍ത്തിയ ചോദ്യം പോലും ഉറപ്പിച്ചു ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആരോപണം പോലുമറിയും മുന്‍പ് പകപോക്കലെന്നു പ്രതിരോധിക്കാനുള്ള അതിബുദ്ധിയും പരിഹാസ്യമാണ്.
എന്നുവച്ചാല്‍ കോണ്‍ഗ്രസ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞുവരുന്നത്. സോളര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുമോ? കോണ്‍ഗ്രസിന്‍റെ പ്രതിരോധം കേരളത്തിന്റെ ചോദ്യങ്ങളേയല്ല എന്നു പ്രത്യേകം പറയേണ്ടതുണ്ട്. സോളര്‍കേസില്‍ കോണ്‍ഗ്രസ് സഹതാപം അര്‍ഹിക്കുന്നില്ല. അതുകൊണ്ട് പറഞ്ഞുനിര്‍ത്താനുള്ളത് ഒറ്റക്കാര്യത്തിലാണ്. സോളര്‍ കേസില്‍ നീതിയര്‍ഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന കേരളജനതയ്ക്ക് മാത്രമാണ് സോളര്‍ കേസില്‍ നീതി ആവശ്യപ്പെടാനുള്ള അവകാശം.