മതവും വിശ്വാസവുമെല്ലാം രാഷ്ട്രീയ താല്‍പര്യങ്ങളുടെ തിടമ്പേറ്റുന്നകാലമാണ്. ജയന്തികളും സമാധികളുെമല്ലാം ഒരു തിരഞ്ഞെടുപ്പ് കൊട്ടിക്കലാശംപോലെ തെരുവുകളി ലുറഞ്ഞുതുള്ളുന്ന കാലം. ആ കൂട്ടത്തില്‍ ഏറ്റവും ഉയരെ പറക്കുന്നത് ഒരു കാവിക്കൊടിയാണെന്ന് നിസംശയം പറയാം. അപ്പോള്‍ ആ ആകാശത്ത് ഒരു ചെങ്കൊടിയും പാറിപറക്കണ്ടേയെന്ന് കമ്യൂണിസ്റ്റുകാരും കരുതുന്നു. ഒരര്‍ത്ഥത്തില്‍ ശരിവക്കാം. ആരാധനാലയങ്ങളിലും അതോട് ചേര്‍ന്നൊഴുകുന്ന ആള്‍ക്കൂട്ടഘോഷങ്ങളിലുമെല്ലാം രാഷ്ട്രീയം കലര്‍ത്താന്‍ പലരും പടച്ചട്ടയണിഞ്ഞെത്തുമ്പോള്‍ ഒരു പരിചയെങ്കിലും വേണം. എന്നാല്‍ ആ പ്രതിരോധം കടത്തനാടന്‍ മണ്ണില്‍ കണ്ട സാംസ്കാരിക ഘോഷയാത്രയാകരുത്. അത് ഒരിക്കലും കടകംപള്ളിയുടെ ജന്മനക്ഷ·ത്രം കുറിച്ച വഴിപാട് രസീതും പറയെടുപ്പ് ആഘോഷവുമാകരുത്.
പഴയതാണ്. കൃത്യമായി പറഞ്ഞാല്‍ പത്തുകൊല്ലം മുന്‍പുള്ള പിണറായിയുടെ പ്രസംഗം. മത്തായിചാക്കോ സുബോധത്തില്‍ അന്ത്യകൂദാശ സ്വീകരിച്ചെന്ന വെളിപ്പെടലുമായെത്തിയ പുരോഹിതനുള്ള അന്നത്തെ പിണറായിയുടെ അന്നത്തെ പാര്‍ട്ടിയുടെ മറുപടി. സുബോധമില്ലാത്തവനും നികൃഷ്ട ജീവിയുമെല്ലമായി ആ പുരോഹിതന്‍ അന്ന് മാറിയത് മറ്റൊന്നുംകൊണ്ടല്ല. മതവിശ്വാസപ്രകടനങ്ങളോട് മുഖംതിരിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍ അന്ത്യകൂദാശയെന്ന മതാചാരപ്രകടനത്തെ കൈകൊണ്ടെന്ന തുറന്നുപറച്ചിലിനെ തള്ളിപ്പറയലായിരുന്നുവത്. അതേ പിണറായിയുടെ മന്ത്രിമാരില്‍ ഒരാള്‍ ഇന്ന് കാണിക്ക കയ്യിലേന്തി ഗുരുവായൂരിലെ വഴിപാട് നിരയിലുണ്ട്. ആ വിശ്വാസ പ്രകടനങ്ങള്‍ തീര്‍ത്ത പ്രകമ്പനങ്ങളില്‍ പാര്‍ട്ടി ചെറുതായി ആടി ഉലയുന്നുമുണ്ട്.
കടകംപള്ളി ഗുരുവായൂരിലെത്തി കൈകൂപ്പിയാലും കൈകൂപ്പിയില്ലെങ്കിലും കല്ലെടുക്കാന്‍ വകുപ്പ് കാണുന്ന സംഘപരിവാരങ്ങളെ ആദ്യമേ തള്ളി നിര്‍ത്തട്ടെ. ചോദ്യം ഇടതരോട് മാത്രമാണ്. കമ്യൂണിസ്റ്റുകാരനായ കടകംപള്ളിയല്ല ഗൂരുവായൂരിലെത്തിയതെന്നും ദേവസ്വം മന്ത്രിയുടെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നുവതെന്നും പിന്നെ എന്തിനാണ് പാര്‍ട്ടിയെ കഴുവേറ്റാനിറങ്ങുന്നതെന്നും കൈകൂപ്പിയത് സാമാന്യമര്യാദയുടെ ഭാഗമല്ലേ എന്നുമെല്ലാമുള്ള ചോദ്യങ്ങളേയും തള്ളട്ടെ. എന്തെന്നാല്‍ കേവലം കൃത്യ നിര്‍വഹണത്തിനപ്പുറം കൈകൂപ്പലിനപ്പുറം പറയെടുപ്പും പുഷ്പാഞ്ജലിയുമെല്ലാം ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്. അത് കൊണ്ട് ചോദ്യമിതാണ്. മതചിഹ്നങ്ങളെ അധികാര രാഷ്ട്രീയത്തിനായ് ഉപയോഗപ്പെടുത്താമെന്ന യുക്തിയിലേക്കാണോ നിങ്ങളുടേയും സഞ്ചാരം.
ഒരു കമ്യൂണിസ്റ്റ് യുക്തിവാദിയായിരിക്കണമെന്ന തെറ്റിദ്ധാരണ ഇവിടെ ആര്‍ക്കുമില്ല. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭരണഘടനയിലും, അംഗത്തെമെടുക്കുന്നവര്‍ മതവിശ്വാസി യല്ലാതാകണം എന്ന് പറയുന്നില്ല. യുക്തിവാദം അവിശ്വാസികളുടെ ആള്‍ക്കൂട്ടം മാത്രമാണെങ്കില്‍ ഇവിടം മതവിശ്വാസികളെകൂടി ഒരുമിപ്പിക്കുന്ന ബഹുജനമുന്നേറ്റം തന്നെയാണ്. എന്നാല്‍ മതം വോട്ടര്‍മാരെ മയക്കുന്ന കറുപ്പാകുന്ന കാലത്ത് അതിനെ എങ്ങനെ ഉള്‍ക്കൊള്ളണമെന്നതില്‍ ഇടതുപക്ഷം വിയര്‍ക്കുന്നുണ്ടെന്നതു തന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്. ബിജെപി ശക്തി പ്രാപിക്കുന്ന പുതിയകാല രാഷ്ട്രീയ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനായി ഇടതുപാളയത്തില്‍ ഉരുത്തിരിയുന്ന അടവുകളില്‍ പലതും ചുവപ്പില്‍ നിന്ന് കാവിയിലേക്കുള്ള ദൂരം കുറക്കുന്നുണ്ട്. രക്തസാക്ഷി മണ്ഡപങ്ങളിലെ പുഷ്പാര്‍ച്ചനകളേക്കാള്‍ വലുത് ആരാധനാലയങ്ങളിലെ അര്‍ച്ചനകളല്ലേയെന്ന ആശയക്കുഴപ്പം എവിടെയോ പാര്‍ട്ടിയെ ആടിയുലക്കുന്നുണ്ട്. സഖാവ് കൃഷ്ണപിള്ളയേക്കാള്‍ വലുത് കൃഷ്ണഭഗവാനാണോയെന്ന ആശയക്കുഴപ്പം അമ്പാടിമുക്ക് സഖാക്കള്‍ക്കായാലും തോന്നിപ്പോകുന്നത് ഇതേ കാരണത്താല്‍ തന്നെയാണ്.
പാലക്കാട് പ്ലീനത്തിലേക്ക് എത്തിനോക്കാന്‍ ഏറെ പിന്നോട്ടുപോകേണ്ടതില്ല. സഖാക്കള്‍ പലരും ഗൃഹപ്രവേശനവേളയില്‍ ഗണപതിഹോമത്തിനായ് ചമ്രംപടിഞ്ഞിരിക്കുന്നുവെന്ന കണ്ടെത്തലില്‍ മതാചാരാങ്ങളെ അനുഷ്ഠാനങ്ങളെ അത് മുന്നോട്ടുവക്കുന്ന മറ്റുപ്രകടന പരമ്പരകളെയെല്ലാം പടിക്ക് പുറത്ത് നിര്‍ത്താമെന്ന് പാര്‍ട്ടി അന്ന് തീരുമാനമെടുത്തിരുന്നു. മതാതീതമായി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒരു സഞ്ചാരമല്ലേ ക്ലാസിക്കല്‍ കമ്യൂണിസമെന്ന തിരിച്ചറിവ് തിരിച്ചുപിടിച്ച് അത് അച്ചടിച്ച് ഇറക്കി അലമാരയില്‍ വച്ചാണ് അന്ന് ഈ സഖാക്കളെല്ലാം പിരിഞ്ഞതും.
ഇഎംഎസ് ആര്യ അന്തര്‍ജനത്തിനൊപ്പം മധുരമീനാക്ഷിയിലെത്തി അന്തര്‍ജനത്തെ അകത്തുകയറ്റി പുറത്തുനിന്നത് ഒരുകാലത്ത് വിശ്വാസത്തേയും കമ്യൂണിസത്തേയും ചര്‍ച്ചയാക്കിയ വലിയവാര്‍ത്ത തന്നെയായിരുന്നു. നമ്പൂതിരിപ്പാട് ഇമ്പിച്ചിക്കോയ മരണപ്പെട്ടപ്പോള്‍ മുസ്‌ലിം കമ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചതും സമാനമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയിലെ ഭക്തിപ്രസ്ഥാനചരിത്രം പുസ്തകമാക്കിയ പി.ഗോവിന്ദപിള്ളയുടെ ക്ഷേത്രസന്ദര്‍ശനം വിവാദമായപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു, മനുഷ്യര്‍ ഉള്ളിടങ്ങളിലെല്ലാം മാര്‍ക്സിസ്റ്റായ ഞങ്ങളെ നിങ്ങള്‍ കണ്ടെന്നുവരും. എന്തിന് ഒരിക്കല്‍പ്പോലും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍റെ തലപ്പാവിനെച്ചൊലി ഒരു വിശ്വാസതര്‍ക്കനിലം ഇവിടെ ഉരുവപ്പെട്ടിരുന്നില്ലെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. എന്നാല്‍ കടകംപള്ളിയിലേക്കെത്തുമ്പോള്‍ നേതാവിനേ പാര്‍ട്ടിക്കോ വ്യക്തമായ വിശദീകരണം നല്‍കാനാകാത്തത് നിലപാടുതറയില്ലാത്തത്ത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കുന്നു
ജാതിജഡിലമായ ഒരു സമൂഹമാണ് ഇന്നത്തെ ജനാധിപത്യത്തിനുചിതമെന്ന് കരുതുന്ന എതിരാളികളെത്തിക്കാനുദ്ദേശിച്ച തര്‍ക്കനിലത്തിലേക്ക് തന്നെയാണ് നിലപാടുകളിലെ അവ്യക്തതയിലൂടെ ഇടതുപക്ഷം ചെന്നെത്തിനില്‍ക്കുകയും ചെയ്യുന്നു. കണ്ണൂരില്‍ ശോഭായാത്രയ്ക്ക് ഒരു ബദല്‍ ഘോഷയാത്ര വേണമെന്ന് അവര്‍ക്ക് തോന്നുന്നതും സി.പി.എമ്മിന് സമരസാക്ഷരത പോലും നഷ്ടമായോ എന്ന ചോദ്യത്തിലേക്ക് അത് കോപ്രായമായി വളരുന്നതും ഇതുകൊണ്ടുതന്നെയാണ്.
അതുകൊണ്ട് മതത്തെ നേരിടുന്നതെങ്ങനെയെന്ന ആശയക്കുഴപ്പം ഗൗരവമുള്ളതാണെന്ന് പാര്‍ട്ടിയാകെ തിരിച്ചറിയുകയാണ് അനിവാര്യം. മതം മുതലെടുപ്പിനുള്ള പ്രധാന ആയുധമാകുന്ന കാലത്ത്, രാഷ്ട്രീയപാഠങ്ങള്‍ മറന്നു കൈകൂപ്പി പോകുന്ന മുതിര്‍ന്ന നേതാക്കളെ തിരുത്തേണ്ടതെങ്ങനെയെന്ന കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തത വേണം ആദ്യം. ഇരുതലമൂര്‍ച്ചയുള്ള വാളാണ് കൈകാര്യം ചെയ്യുന്നതെന്ന ബോധം ഇടതുപക്ഷത്തിനുണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. തല്‍ക്കാലശാന്ത്ിക്കുള്ള പുഷ്പാഞ്ജലികള്‍ കെടുത്തിക്കളയുന്ന ചില വിശ്വാസങ്ങളുണ്ടെന്ന് നേതാക്കളെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്.