പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ നമ്മളോടു പറയുമോ അച്ഛേ ദിന്‍ ആണന്ന്? ഇപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരെ അങ്ങനെ പരിഹസിക്കാനും മാത്രം ഒരു നേതാവിന് തൊലിക്കട്ടി യുണ്ടാകുമോ? സ്വന്തം ജനതയെ കൊള്ളയടിക്കുന്ന ഒരു സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന, ഒരു ന്യായീകരണവുമില്ലാത്ത ഉയരങ്ങളിലേക്കു കടക്കുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലും ബുള്ളറ്റ് ട്രെയിന്റെ വേഗമാണ് മോദി സര്‍ക്കാരിന്. നോട്ട് റദ്ദാക്കല്‍ എന്തിനായിരുന്നുവെന്നു ചോദിച്ചാല്‍ പിച്ചും പേയും പറയുന്ന ബി.ജെ.പി., ജി.എസ്.ടിയെക്കുറിച്ചു ചോദിച്ചാല്‍ തല്‍ക്കാലവേദന സഹിച്ച് കാത്തിരിക്കാന്‍ നമ്മളോടു പറയും. ഏറ്റവുമൊടുവില്‍ ബി.ജെ.പി. അധ്യക്ഷന്‍ ഉപദേശിക്കുന്നു കണക്കുകള്‍ വിശ്വസിക്കരുതെന്ന്. ഇന്ത്യന്‍ ജനത വിഡ്ഢികളല്ലെന്ന് അതിന്റെ ഭരണകൂടത്തോടു പറയേണ്ടതുണ്ട്. മനസിലാകും വിധം, വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. അടുത്ത മണ്ടത്തരം ചരിത്രപരമായ തീരുമാനമെന്ന പ്രച്ഛന്നവേഷത്തില്‍ എത്തും മുന്‍പ്.
എന്തുകൊണ്ടാണ് ഇന്ധനവില മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് കടുത്ത ജനരോഷത്തിനിടയാക്കുന്നത്. ഇന്ധനവില നിയന്ത്രണമില്ലാതെ ഉയരുകയെന്നാല്‍ കൊള്ളയാണെന്ന് ആദ്യമേ നമ്മളോട് പറഞ്ഞതാരാണ്?
അങ്ങനെയല്ല, അധികാരത്തിലെത്തിയപ്പോഴാണ് സാമ്പത്തിക ശാസ്ത്രം പിടികിട്ടിയതെന്നാണ് ഇന്ന് ബി.ജെ.പിയുടെ ന്യായം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 6330 രൂപ. ഇപ്പോള്‍ ഈ കഴിഞ്ഞയാഴ്ച അത് നേര്‍പകുതിയായി ബാരലിന് 3368 രൂപയായി താഴ്ന്നു. മോദി ഭരിക്കുന്ന ഇന്ത്യയിലെ ഇന്ധനവിലയോ, അന്ന് 2014 മേയില്‍ 70 രൂപ, ഇന്ന് 2017 സെപ്റ്റംബറില്‍ മുബൈയില്‍ 80 രൂപയ്ക്ക് തൊട്ടടുത്ത്! ഈ വിലയില്‍ സര്‍ക്കാരിന്റെ മാത്രം സംഭാവനയാണ് പെട്രോളിനു മേല്‍ 21 രൂപയ്ക്കു മേല്‍ എക്സൈസ് ഡ്യൂട്ടിയും രണ്ടര ശതമാനം ഇപോര്‍ട്ട് ഡ്യൂട്ടിയും.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില പകുതിയോളം താഴ്ന്നിട്ടും അതിന്റെ ഗുണഫലം ഇന്ത്യക്കാരന് കൈമാറാത്തതെന്തെന്നു ചോദിച്ചാല്‍ മറുപടി പല വിധമാണ്. ശരവേഗത്തില്‍ കുതിക്കുന്ന സാമ്പത്തിക പരിഷ്കാരത്തിന് യൂ ടേണ്‍ എടുക്കാനോ? സാധ്യമല്ല. ഈ ഇന്ധനവില സര്‍ക്കാരിന് നല്‍കുന്ന വരുമാനമാണ് ഇന്ത്യയുടെ വികസനമായി മാറുന്നത്.
അതായത് റോഡായും ശുചിമുറിയായും ബുള്ളറ്റ് ട്രെയിനായും രൂപം മാറുന്ന പുതിയ ഇന്ത്യയ്ക്കായാണ് നമ്മുടെ കൈയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നതെന്ന്. എങ്ങനെ നോക്കിയാലും ലീറ്ററിന് 25 രൂപയ്ക്ക് താഴെ മാത്രം യഥാര്‍ഥ വിലയുള്ള പെട്രോളാണ് സര്‍ക്കാരിന് സ്വപ്നപദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനായി മാത്രം നമ്മള്‍ 75 രൂപയ്ക്കു മേല്‍ കൊടുത്ത് വാങ്ങേണ്ടി വരുന്നത്. അതിങ്ങനെ നമ്മുടെ സമ്പദ്‍ വ്യവസ്ഥയെയാകെ വലച്ചു കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില് എത്തിച്ചിരിക്കുന്നത്.
അപ്പോള്‍ ചോദ്യം വരും വികസനം നമുക്കു വേണ്ടിയല്ലേ? റോഡുകളും വന്‍പദ്ധതികളും ഇന്ത്യയ്ക്കു വേണ്ടിയല്ലേ? നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്കല്‍പം വേദന സഹിച്ചുകൂടേ? ഈ ചോദ്യങ്ങളില്‍ ഇത്രനാള്‍ പ്രതിരോധത്തിലായ നമ്മള്‍ ഇനി കണക്കു പറഞ്ഞു ചോദിക്കുമെന്നു ഭയന്നാണ് ഇപ്പോള്‍ ബി.ജെ.പി. കണക്കുകള്‍ മറന്നേക്കാന്‍ കൂടി ആവശ്യപ്പെടുന്നത്. വീമ്പു പറച്ചില്‍ മാത്രമറിയാവുന്ന, വസ്തുതകള്‍ ചോദിച്ചാല്‍ ഒളിച്ചോടുന്ന ഭരണകൂടം ഇന്ത്യയോട് എന്താണ് ചെയ്യുന്നതെന്ന് പേടിച്ച് നമ്മള്‍ കണ്ണു തുറന്നു കാത്തിരിക്കുക തന്നെ വേണം, രാജ്യത്തിനു വേണ്ടി വേദന സഹിക്കാനാണ് ഒരര്‍ധരാത്രിയ്ക്ക് നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോഴും ഈ ഭരണകൂടം നമ്മളോടാവശ്യപ്പെട്ടത്.
ജനത വേദന സഹിച്ചു. നല്ല നാളെയെന്ന വാഗ്ദാനം വിശ്വസിക്കാത്തവര്‍ക്കു പോലും മറ്റൊരു സാധ്യത മോദി സര്‍ക്കാര്‍ അവശേഷിപ്പിച്ചിരുന്നില്ല. എന്നിട്ട് പത്തു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് നമ്മളോടു പറയുന്നു, നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കില്‍ മടങ്ങിയെത്തിയെന്ന്. എവിടെ കള്ളപ്പണമെന്നും, സഹിച്ച വേദനയ്ക്ക് രാജ്യത്തിനു കിട്ടിയ നേട്ടങ്ങെന്നും ചോദിക്കാന്‍ അര്‍ഹരായവര്‍ ബാക്കിയുണ്ടോയെന്നറിയില്ല. അതിജീവിക്കാന്‍ കഴിഞ്ഞവര്‍ അത്രമേല്‍ പരുക്കേറ്റവരാണ്. ഭരണാധികാരിയുടെ വീണ്ടു വിചാരമില്ലാത്ത ഒറ്റവെട്ടു കൊണ്ട് നെടുകേ മുറിഞ്ഞിരിക്കുന്നു സമ്പദ്‍വ്യവസ്ഥയെന്നു വസ്തുതകള്‍ വെളിപ്പെടുത്തുമ്പോഴും ഭാവിയിലേക്കു കൈ ചൂണ്ടുകയാണ് ബി.ജെ.പി.യും പ്രധാനമന്ത്രിയുടെ ആരാധകരും.
നോട്ടുനിരോധനം കൊണ്ട് എന്തു നേട്ടമെന്നു ചോദിച്ചു നോക്കൂ. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയെന്നു പറയും മോദി ആരാധകര്‍. അതായിരുന്നോ ലക്ഷ്യമെന്നു ചോദിച്ചാല്‍ അതു നേട്ടമല്ലേയെന്ന്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടാന്‍ നോട്ടു നിരോധിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന മൂന്നാം ചോദ്യത്തിന് നിങ്ങള്‍ രാജ്യദ്രോഹിയായിരിക്കും. പ്രധാനമന്ത്രി മോദിയുടെ വികസനസ്വപ്നങ്ങള്‍ക്കൊപ്പം ചിറകു വിരിക്കാത്തവരെല്ലാം രാജ്യവിരുദ്ധരാണ്.
ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ വമ്പന്‍ തീരുമാനങ്ങളെ ആരും മണ്ടന്‍ തീരുമാനങ്ങളെന്നു വിളിക്കാറില്ല. കാരണം കടുത്ത വിമര്‍ശകര്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന സാമ്പത്തിക നടപടികളിലൂടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നോട്ടു നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തികവിദ്ധരെ അസഭ്യം പറഞ്ഞ് നിശബ്ദരാക്കിയ അണികള്‍ പോലും കടുത്ത ആശയക്കുഴപ്പത്തിലാണ്. മോദി സര്‍ക്കാരിനെ ന്യായീകരിക്കാനാകാതെ, ബി.ജെ.പി. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു. അസാമാന്യ ചര്‍മശേഷിയുള്ള അപൂര്‍വം ചില നേതാക്കള്‍ വന്ന് ജനങ്ങളോടു ചോദിക്കുന്നു. ഈ കൊള്ളമുതലായ നികുതിപ്പണം ഉപയോഗിച്ചല്ലേ, ഇത്ര വേഗത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വികസനം നടപ്പാക്കുന്നതെന്ന്.
ഇവരെ അപഹസിച്ചതുകൊണ്ടു കാര്യമില്ല. ബി.ജെ.പിക്കാര്‍ക്കും മനസിലായിട്ടില്ല. എന്താണീ സാമ്പത്തികനയത്തിന്റെ അടിസ്ഥാനമെന്ന്. വലിയ നോട്ടുകൾ റദ്ദാക്കുന്നതു മൂലം ഭാവിയിലുണ്ടാകാവുന്ന നേട്ടത്തേക്കാൾ വലുതായിരിക്കും അതിന് ഉടൻ കൊടുക്കേണ്ടിവരുന്ന വിലയെന്ന് അന്നുതന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയത് ബി.ജെ.പിക്കു കൂടി സ്വീകാര്യനായിരുന്ന മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ്. കറൻസി നോട്ടായി സൂക്ഷിച്ചിട്ടുള്ള മൂന്നു ലക്ഷം കോടിയുടെ കള്ളപ്പണം തിരികെ വരില്ലെന്നും ഇതു റിസർവ് ബാങ്കിന്റെ ബാധ്യതകൾ കുറയ്ക്കുമെന്നും മിച്ചം വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവു മെന്നുമായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, 99% നോട്ടും തിരിച്ചെത്തിയെന്നു സത്യം പറയേണ്ടി വന്നു റിസര്‍വ് ബാങ്കിന്. അതും ഏറെനാള്‍ എണ്ണിത്തീര്‍ന്നില്ലെന്ന ഒളിച്ചുകളിക്കു ശേഷം. ഹിമാലയന്‍ വങ്കത്തം എന്നു വിളിക്കാമോ നോട്ടു നിരോധനത്തെ? അതിനും സമയമായില്ല പോലും . ആഭ്യന്തരഉല്‍പാദനം രണ്ടു ശതമാനത്തില്‍ തിരിച്ചടി നേരിട്ടിട്ടും, ഭാവിയില്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള ചെറിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നേര്‍ത്ത ശബ്ദത്തില്‍ മോദി സര്‍ക്കാരിന് ജയ്‍ വിളി തുടരുന്നവരുണ്ട്. ആ ഗുണഫലങ്ങള്‍ക്ക് ഇത്രയും വേദനയേറിയ ഒരു കടുംവെട്ടിന്റെ ആവശ്യമുണ്ടായിരുന്നുവോയെന്നു ചോദിക്കരുത്. ഫോട്ടോഷോപ്പിലും സെല്‍ഫിയിലും ഊന്നുന്ന അതിവേഗ വികസനത്തില്‍ വിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് അത് മനസിലാക്കനുള്ള ക്ഷമയുണ്ടാകില്ല. ജനത എത്ര യാതനകള്‍ നേരിട്ടാലും അവരുടെ ജീവിതത്തില്‍ എത്ര ചോര പൊടിഞ്ഞാലും അതു മനസിലാക്കാനുള്ള കനിവും കാരുണ്യവും പ്രതീക്ഷിക്കാനാകാത്ത ചില രാഷ്ട്രീയമുണ്ട്. ഒരൊറ്റ എടുത്തുചാട്ടത്തിന്റെ പരുക്കെത്രയെന്ന്് അവര് അറിയുക പോലുമില്ല.
ഈ സര്‍ക്കാരിന് എവിടെ നിന്നാണ് ഇത്ര ധൈര്യം·? അതിനുള്ള ഉത്തരം പറയേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച പ്രതിപക്ഷമാണ്. അതായത് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ 69 ശതമാനം ജനങ്ങളും പ്രതീക്ഷയര്‍പ്പിച്ച പ്രതിപക്ഷം. ശിഥിലമായ പ്രതിപക്ഷമുള്ള ഒരു ജനാധിപത്യസംവിധാനത്തില്‍ അടുത്തതെന്ത് എന്ന് നെഞ്ചിടിപ്പോടെ കാത്തിരിക്കാനാണ് ഈ ജനതയുടെ വിധി. ഒപ്പം ബി.ജെ.പി സര്‍ക്കാരിന്‍റെ കണ്ണും മൂക്കുമില്ലാത്ത പരിഷ്കാരങ്ങളുടെ ചെലവില്‍ ഇതിന്റെയൊക്കെ ഫലം പറ്റുകയും സാധ്യമായതു പോലും ജനങ്ങള്‍ക്കു വേണ്ടി ചെയ്യാതെയുമിരിക്കുന്ന നമ്മുടെ ഇടതു സര്‍ക്കാരിനെക്കുറിച്ചും പറയാതിരിക്കാനാവില്ല.
ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാരിനോടു ചോദിക്കൂ. പെട്രോള്‍ ഡീസല്‍ വില പ്രശ്നമാണോ? അതെ. ജി.എസ്.ടി? അതും അതെ. അപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്, ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍ സംസ്ഥാന വരുമാനം, സാമ്പത്തിക നില അങ്ങനെ പല ന്യായങ്ങള്‍ മനം മടുപ്പിക്കാന്‍ ഇവിടെയും തയാറാണ്. കേന്ദ്രം നികുതി കുറയ്ക്കണമെന്ന് സംസ്ഥാന ധനമന്ത്രിക്ക് വ്യക്തമായ നിര്‍ദേശമുണ്ട്. പക്ഷേ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതു പോലെ അല്‍പം ആശ്വാസം സംസ്ഥാന നികുതി കുറച്ചാല്‍ കേരളത്തിലുണ്ടാകില്ലേയെന്ന ചോദ്യത്തിനു മറുപടി സാമ്പത്തികശാസ്ത്രത്തിന്റെ സങ്കീര്‍ണത തന്നെയാണ്. അതല്ല ശരിയായ രീതിയെന്ന്.
ഇന്ധനവില വര്‍ധന കേരളത്തെ ഞെരിക്കുന്നുണ്ട്. അപ്പോള്‍ ജി.എസ്.ടിയോ? തലങ്ങും വിലങ്ങും പ്രഹരമേല്‍പിക്കുന്ന ജി.എസ്.ടിക്കു മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് കേരളീയരും. വില കുറയുമെന്നു സംസ്ഥാനം പ്രഖ്യാപിച്ച പട്ടികയൊക്കെ വന്‍തമാശയായി പര്യവസാനിച്ചു. സേവനങ്ങള്‍ക്കു മേല്‍ നല്‍കേണ്ടി വരുന്ന കനത്ത നികുതിയോ? ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെവിടെ? ജനങ്ങള്‍ക്കു കിട്ടേണ്ട ആശ്വാസമെവിടെ? ഒന്നിനുമില്ലൊരു നിശ്ചയം എന്നത് കേരളത്തിലെ ജി.എസ്.ടി നടത്തിപ്പിനെക്കുറിച്ചാണെന്നു മാത്രം പറയാം. കിട്ടാന്‍ പോകുന്ന നികുതി വിഹിതത്തെക്കുറിച്ചു മാത്രമോര്‍ക്കുകയെന്ന വിദഗ്ധോപദേശം മലയാളികള്‍ക്ക് സൗജന്യമാണെന്നതു മാത്രം മിച്ചം. സര്‍ക്കാരിന്റെ വരുമാനം കുറയുമെന്ന ഏതു ഘട്ടത്തിലും ഇടതുസര്‍ക്കാരും ഓടുന്നത് ജനങ്ങളില്‍ നിന്ന് കിട്ടാവുന്നത്ര നികുതി പിടിച്ചു പറിക്കാന്‍ തന്നെയാണ്.
എന്തും ചെയ്യാം. ആരും ചോദിക്കില്ല, ചോദിച്ചാലും ചോദ്യങ്ങള്‍ക്ക് ശക്തിയില്ല, വേണ്ട ശബ്ദമില്ല, ആത്മാര്‍ഥതയുമില്ല എന്നാണെങ്കില്‍ ഏതു സര്‍ക്കാരിനും എന്തുമാകാം. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് വീണ്ടു വിചാരം കൂടിയില്ലെങ്കില്‍ വിധിയുടെ ഔദാര്യമാകും രാജ്യത്തിന്റെ ഭാവി. അവര്‍ അര്‍ധരാത്രിക്ക് നോട്ടു നിരോധനം പ്രഖ്യാപിക്കും. സമ്പദ‍്‍ വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് നമ്മളെ കൊഞ്ഞനം കുത്തും. ജി.എസ്.ടി. എന്ന ഒറ്റനികുതി ഒറ്റുനികുതിയായി ജനതയുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ വിശദീകരണങ്ങള്‍ കൊണ്ടു പോലും ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഞെളിഞ്ഞു നില്‍ക്കും. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നികുതിക്കൊള്ള നടത്തിയും ജനങ്ങളോടു പറയും നല്ല ദിനങ്ങളാണ്, കാത്തിരുന്നോളാന്‍.
ഒരന്യായത്തെ ന്യായീകരിക്കാന്‍ ഒരു ന്യായത്തിനുമാകില്ലെന്നു മാത്രമേ പറയാനാകൂ. എല്ലാം ഭാരതത്തിനു വേണ്ടിയാണല്ലോയെന്നോര്‍ത്തു സമാധാനിക്കുക മാത്രമാണ് സാധ്യത. ഏറ്റവും വലിയ രാജ്യസ്്നേഹികളാണല്ലോ രാജ്യം ഭരിക്കുന്നത്! അവരീ രാജ്യം ഇക്കാലം കൊണ്ട് നേടിയെടുത്ത ഉറപ്പും കരുത്തും തീര്‍ത്തും ഇല്ലാതാക്കില്ലായിരിക്കും എന്നു വെറുതേ പ്രതീക്ഷിക്കാം. ആ പ്രതീക്ഷയ്ക്ക് കൊടുക്കാന്‍ പോകുന്ന വലിയ വില ഇനി നമ്മള്‍ അറിയുമോ എന്നു പോലും ഉറപ്പില്ല. കണക്കിലും വിശ്വാസമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നോര്‍ക്കുക. ഡല്‍ഹിയിലെ സര്‍വകലാശാലകളിലും രാജസ്ഥാനിലെയും ബെംഗ്ളൂരുവിലെയും തെരുവുകളിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് പ്രതിഷേധത്തിന്റെ ഉറച്ച ശബ്ദം. ജനതയുടെ പ്രതിരോധനത്തിന്റെ തന്നെ സൂചനയാണോയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും.