കുട്ടികോണ്‍ഗ്രസുകാരുടെ കഞ്ഞിമുക്കി തേച്ചുമിനുക്കിയ തൂവെള്ളകുപ്പായത്തിനുള്ളില്‍ മാഞ്ഞുപോകാത്ത ഒരു കരിഓയില്‍ക്കറയുണ്ട് ഇന്നും. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനക്കെതിരെ കൊടികെട്ടിയിറങ്ങിയക്കാലത്ത് കാട്ടിക്കൂട്ടിയ ഒരു സമരാഭാസത്തിന്റെ ബാക്കി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം അതുചെയ്ത രാഹുല്‍ ബ്രിഗേഡ്സിന് കേശവേന്ദ്രകുമാര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മാപ്പുനല്‍കി. ആ കേസ് ഡയറി മടക്കിയെടുത്തുവക്കുംമുന്‍പ് അതിന്റെ അവസാനപേജ് ഒന്നുകൂടി ഉറക്കെവായിക്കാം. കാരണം ആ കേസിന്റെ ക്ലൈമാക്സ് ഒരു പാഠപുസ്തകമാണ്. എല്ലാ വിദ്യാര്‍ഥി സംഘടനകളിലെ എല്ലാ കുട്ടികളും ഇത് പാഠമാക്കണം
ബീഹാറിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച് ഇതെല്ലാം ജയിക്കാന്‍ നല്ലവിദ്യാഭ്യാസം മാത്രം മതിയെന്ന് ഉറച്ചുവിശ്വസിച്ച് പഠിച്ചുപടികയറിയെത്തുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. വൊക്കഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍ റയില്‍വേയുടെ ബുക്കിങ് ക്ലര്‍ക്കായി പണിയെടുത്ത് ഇഗ്നോയില്‍ നിന്ന് വിദൂരവിദ്യാഭ്യസത്തിലൂടെ ബിരുദം നേടി ഒരു പരിശീലനക്ലാസുകളുമില്ലാതെ ഇരുപത്തിരണ്ടാംവയസില്‍ ഐഎഎസുകാരനായി. 2008 ബാച്ചിലെ ഏറ്റവും പ്രായംകുറഞ്ഞയാള്‍, ഒരുപക്ഷേ നാളെ നമ്മുടെ നാട്ടില്‍ ചീഫ് സെക്രട്ടറിയുടെ കാറില്‍ കേശവേന്ദ്രകുമാറുണ്ടാകാം. കാരണം ഇത്ര ചെറുപ്പത്തില്‍ തന്നെ ഐഎഎസ് കസേരയില്‍ ഇരുന്ന ഉദ്യോഗസ്ഥര്‍ കുറവാകും. ഇനി ഇദ്ദേഹത്തിന്റെ ഭൂതകാലം വിട്ട് കേസിന് ആസ്പദമായ സംഭവംകൂടി ഓര്‍ത്തുപോകാം. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനക്കെതിരെ കെ.എസ്.യു സമരക്കൊടി പൊക്കി നടക്കുന്ന കാലം. 2013. പ്രത്യേകം ഓര്‍ക്കാം. യുഡിഎഫ് ഭരണമാണ്. സമരം സ്വന്തം സര്‍ക്കാരിനെതിരെയാണ്. സമരം അസ്ഥിക്ക് പിടിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറായ കേശവേന്ദ്രകുമാറിന്റെ കാബിനിലെത്തി ദേഹത്ത് കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു.
പരിഷ്കൃത സമൂഹത്തിന് ആലോചിക്കാന്‍ പോലുമാകാത്ത സമരരീതിയായിരുന്നു അത്. ഒരുവാക്കിലൊതുക്കിയാല്‍ കാടത്തം അതല്ലെങ്കില്‍ തെമ്മാടിത്തം അല്ലാതെയെന്ത്. ഓര്‍ക്കണം ഒട്ടും പ്രകോപിതനാകാതെ നില്‍ക്കുന്ന ഫീസ് വര്‍ധന കുറക്കാനുള്ള ഉത്തരവ് ഉടനിറങ്ങുമെന്ന് പറയുന്ന ഉദ്യോഗസ്ഥന്റെ നേരെയായിരുന്നു ആക്രമണം. ഓരോഫയലും ഓരോജീവിതമെന്നെല്ലാം പ്രസംഗിക്കുന്ന നേതാക്കളുടെയെല്ലാം കുട്ടിപതിപ്പുകളാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇങ്ങനെ പെരുമാറികാണിക്കുന്നത്.
നേതാക്കളുടെ ആഹ്വാനം കണ്ട് കല്ലെടുത്ത്, കരിഓയിലെടുത്ത്, കണ്ടെതെല്ലാം കത്തിക്കാനായെല്ലാം ഇന്നും കുട്ടികളിറങ്ങുന്നുണ്ട് തെരുവിലേക്ക്. ഈയാഴ്ച തന്നെ നാംകേട്ടു യൂണിയനാഘോ·ഷത്തിനിടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം കമ്മിഷണറോഫീസിലേക്ക് പടക്കംപൊട്ടിച്ചെറിഞ്ഞ വാര്‍ത്തകള്‍. ആഘോഷങ്ങളോ സമരങ്ങളോ ആവശ്യപ്പെടുന്ന സാഹചര്യങ്ങളോട് മുഖംതിരിക്കേണ്ടെന്നല്ല പറഞ്ഞുവരുന്നത്, ഞാനെത്തുന്ന സമരമുഖത്തിന്റെ സ്വഭാവമെന്തെന്ന നല്ലബോധ്യമുണ്ടാകണം വിദ്യാര്‍ഥിസംഘടനാപ്രതിനിധികള്‍ക്ക്. നേതാവാകാന്‍ നേര്‍വഴി മതിയെന്ന നല്ല നിശ്ചയവും വേണം.
ഒരു സുപ്രഭാതത്തില്‍ ഓഫീസിലേക്ക് വരുംവഴി കാറിലിരുന്ന് കേശവേന്ദ്രകുമാര്‍ ആലോചിച്ച് നടപ്പാക്കിയ തീരുമാനമല്ല ആ ഫീസ് വര്‍ധനയെന്നും അത് അബ്ദുറബ്ബിന്റെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം ആലോചനകളുടെ ബാക്കിപത്രമെന്നും നന്നായി അറിയാകുന്നവര്‍ തന്നെയായിരുന്നു അന്നത്തെ കെ.എസ്.യുക്കാര്‍. പിന്നെ നേതാക്കളുടെ ദേഹത്ത് കരിഓയിലൊഴിച്ച് അവരെ കരിങ്കൊടി കാണിച്ചും കരടാകേണ്ടെന്ന് കരുതിയാകും കേശവേന്ദ്രകുമാറിന്റെ കാബിനിലെത്തിയത്. ഇത്തരമൊരു സമരമുറയുടെ പ്രത്യാഘാതങ്ങളെന്തെന്നും അറിയാത്തവരാകില്ല ഈ കൂട്ടം. അതിനെ അധികാരം കൊണ്ട് അടച്ചുവെക്കാമെന്ന് അഹങ്കരിച്ചെത്തിയവര്‍ തന്നെയാകും. ആ കുട്ടിനേതാക്കളുടെ പ്രതീക്ഷകള്‍ പോലെ തന്നെ പിന്നീട് കേസ് പതുക്കെ പിന്‍വലിക്കാന്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് നാഴികക്ക് നാല്‍പതുവട്ടം ചൊല്ലുന്ന ഉമ്മന്‍ചാണ്ടി ശ്രമം നടത്തി തന്റെ വെള്ളക്കുപ്പായത്തിലേക്ക് ആ കരിഓയില്‍ക്കറതൊട്ടുതേക്കുന്നതും നാം കണ്ടു.
എന്നാല്‍ കേശവേന്ദ്രകുമാര്‍ ഉറച്ചുനിന്നതോടെ കെ.എസ്.യുക്കാര്‍ കോടതിയില്‍ നിന്നിറങ്ങിയില്ല. കേസുമായി മുന്നോട്ടുപോകുമ്പോഴും ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാത്തുസൂക്ഷിച്ച ജാഗ്രതയാണ് കയ്യടിപ്പിക്കുന്നത്. ടാലന്റ് ഹണ്ടിലൂടെ പിന്നിലണിനിരത്തുന്ന കുട്ടികള്‍ക്ക് രാഹുല്‍ഗാന്ധിമാര്‍ പറഞ്ഞുമനസിലാക്കികൊടുക്കാത്ത പാഠങ്ങള്‍ ഈ ചെറുപ്പക്കാരന്‍ പകര്‍ന്നു നല്‍കി. നിങ്ങള്‍ കൊടിയേന്തി കാടത്തം കാട്ടി കോടതിയിലേക്ക് നടന്നുപോകുമ്പോള്‍ നഷ്ടമാകുന്നത് നല്ലഭാവിയെന്ന പാഠം. നല്ലനടപ്പിന്റെ ചില സാക്ഷ്യപ്പെടുത്തലുകളാവശ്യപ്പെട്ട് അത് അംഗീകരിച്ചാല്‍ കേസ് പിന്‍വലിക്കാമെന്ന് ഉറപ്പും നല്‍കി. പ്രതികള്‍ മാനസികാരോഗ്യകേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളിലും ചെന്ന് രോഗികളെ പരിചരിച്ച്, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി തിരികെയത്തിയപ്പോള്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കേശവേന്ദ്രകുമാര്‍ കോടതിയെ അറിയിച്ചു. അത് ആഘോഷമാക്കാന്‍ ഒരു മാധ്യമത്തിന്റേയും ക്യാമറക്കണ്ണുകളിലേക്കും അദ്ദേഹം കയറിനിന്നില്ലെന്നതും കയ്യടിക്കേണ്ടതു തന്നെ. ഒപ്പം നിവൃത്തിക്കേടുകൊണ്ടാണെങ്കിലും സേവനകര്‍മങ്ങളിലേക്ക് കടന്നുപോകാന്‍ മടിച്ചുനില്‍ക്കാത്ത ആ ചെറുപ്പക്കാരും ഇന്ന് നല്ലമാതൃകയാണ്.
അന്ന് കരിഓയിലുമായെത്തിയ വിദ്യാര്‍ഥികളുടെ പ്രായത്തില്‍ കേശവേന്ദ്രകുമാര്‍, ഐ.എ.എസ് സ്വന്തമാക്കി കാണും. അതല്ലെങ്കില്‍ ആ സ്വപ്നത്തിന്റെ അരികിലേക്ക് തൊട്ടരികിലേക്ക് നടന്നുപോകുന്നസമയമാകും. തീരുന്ന ഈ കേസ് തുടങ്ങിവക്കുന്ന നല്ലമാതൃകകളുണ്ട്. ചോരതിളച്ചുനടക്കുന്ന കുട്ടികള്‍ക്കും ആ തിളപ്പിനെ തണുപ്പിക്കാനറിയാത്ത നേതാക്കള്‍ക്കും ഒപ്പം ആ തിളപ്പില്‍ പൊള്ളിപോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കുമെല്ലാം നല്ലപാഠം