ഇന്ത്യ പേടിക്കേണ്ടത് ആരെയാണ്? വീണ്ടുവിചാരമില്ലാത്ത ഭരണാധികാരികളെയാണോ? ഭരണപക്ഷത്തിനു പുറത്തു നിന്ന് ആര് വിരല്‍ചൂണ്ടിയാലും അവര്‍ കൂവിത്തോല്‍പ്പിക്കും. പക്ഷേ അവഗണിക്കാന്‍ കഴിയാത്ത കലാപങ്ങള്‍ അകത്തുനിന്നുമുയരുമെന്ന് അവര്‍ മറന്നു പോയി. പറഞ്ഞുവരുന്നത് ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ചു തന്നെ. രാജ്യം മുഴുവന്‍ സാമ്പത്തികത്തകര്‍ച്ചയെക്കുറിച്ചുന്നയിച്ച ആശങ്കകള്‍ പുച്ഛിച്ചു തള്ളിയവരാണ്. പക്ഷേ നിങ്ങള്‍ ഈ രാജ്യത്തോട് എന്താണ് ചെയ്യുന്നതെന്ന ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്. നിങ്ങളീ രാജ്യത്തോട് എന്താണ് ചെയ്യുന്നതെന്ന് ഉറക്കെയുറക്കെ ചോദിക്കുന്നത് ധനകാര്യവിദഗ്ധരായ ബി.െജ.പി. നേതാക്കള്‍ തന്നെയാണ്.
ശിവസേനയും അരുണ്‍ ഷൂറിയും സുബ്രഹ്മണ്യന്‍ സ്വാമിയും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അവഗണിക്കാം. സാമ്പത്തികവിദഗ്ധരെന്നു ലോകം അംഗീകരിച്ചവരുടെ വിമര്‍ശനങ്ങള്‍ പുച്ഛിച്ചു തള്ളാം. പക്ഷേ മുന്‍ ബി.ജെ.പി.സര്‍ക്കാരിലെ കേന്ദ്രധനമന്ത്രി എണ്ണമിട്ട് നിര്‍ത്തിപ്പൊരിക്കുമ്പോഴോ.
രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിയിട്ടത് നിങ്ങളാണെന്ന് ഇപ്പോള്‍ ബി.ജെ.പിസര്‍ക്കാരിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്. പ്രതിപക്ഷശബ്ദങ്ങളോട് ബധിരതയുള്ള ഭരണകൂടത്തിന് സ്വന്തം പക്ഷത്തു നിന്നു തന്നെ നിശിതവിമര്‍ശനം. യശ്വന്ത് സിന്‍ഹ മാത്രമല്ല വിമര്‍ശകരുടെ ക്യൂവില്‍ ഭരണപക്ഷത്തു നിന്നെ ആളുകള്‍ കൂടുന്നു. സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം പകരാന്‍ ഉത്തേജകപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത് ബി.എം.എസാണ്.
രാജ്യത്തിന് ക്ഷീണകാലമാണെന്ന് തലകുനിച്ച് സമ്മതിച്ചിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍.പക്ഷേ മാന്ദ്യമെന്നു വിളിക്കരുതെന്നും സമ്പദ്‍വ്യവസ്ഥ കൂപ്പു കുത്തിയെന്നു പറയരുതെന്നും പല ഘട്ടങ്ങളിലായി ജെയ്റ്റ്‍ലി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയും പരിവാരങ്ങളും ആജ്ഞാപിക്കുന്ന വിശേഷണങ്ങള്‍ മാത്രം പിന്തുടരാം, പക്ഷേ അടിസ്ഥാന ചോദ്യത്തിനുത്തരം വേണമല്ലോ. എന്താണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ? സാമ്പത്തികത്തകര്‍ച്ചയെന്നു കഷ്ടിച്ച് സമ്മതിക്കും. കണക്കുകള്‍ പൂര്‍ണമായി വളച്ചൊടിക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ മാത്രമാണ് ഈ കീഴടങ്ങലെന്നും ഓര്‍ക്കണം. യാഥാര്‍ഥ്യം ഒളിച്ചുവയ്ക്കാവുന്നതിലും അപ്പുറം വലുതായിരിക്കുന്നു. സകലമാന വളര്‍ച്ചാസൂചികകളും കുത്തനെ ഇടിയുകയാണ്.
ആരാണ് ഈ സര്‍ക്കാരിന്റെ പരീക്ഷണപരാജയങ്ങളുടെ ഭാരം വഹിക്കുന്നത്. ദേശീയവാദികള്‍ക്ക് രാജ്യമെന്നാല്‍ അതിര്‍ത്തിക്കുള്ളിലെ ഭൂമിയാകാം. പക്ഷേ മനുഷ്യര്‍ക്ക് രാജ്യമെന്നാല്‍ ജനതയാണ്. രാജ്യത്തിന്റെ കുതിപ്പിനെന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട നടപടികളോരോന്നും ജനതയുടെ നട്ടെല്ലൊടിക്കുമ്പോള്‍ വീണ്ടും വീണ്ടും ജനങ്ങളെ പിഴിയാനാണ് കേന്ദ്രനീക്കം. ഇനി ആദായനികുതി പരിധിയിലേക്ക് കൂടുതല്‍ നികുതിദായകരെ കണ്ടെത്താനാണ് നിര്‍ദേശം. അസംസ്കൃതഎണ്ണവിലയില്‍ ഒരു ന്യായീകരണവുമില്ലാത്ത നികുതിക്കൊള്ള നടത്തി ജനങ്ങളെ ഞെക്കിപ്പിഴിയുന്ന അതേ സര്‍ക്കാര്‍ ഇനിയുമിനിയും കഴുത്തു ഞെരിക്കാന്‍ പോകുന്നത് സ്വന്തം ജനതയെയാണ്.
തുടങ്ങിയത് നോട്ടു റദ്ദാക്കലില്‍ നിന്നല്ലെന്ന് മോദിവിരുദ്ധത ബാധിച്ചിട്ടില്ലാത്ത സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ഭാഗ്യം ലഭിച്ച ധനമന്ത്രിമാരിലൊരാളായിരുന്നു അരുണ്‍ ജെയ്റ്റ്‍ലി. സമ്പദ്‍്വ്യവസ്ഥയില്‍ നിര്‍ണായസ്വാധീനം ചെലുത്തുന്ന ആഗോള എണ്ണവില പോലും താഴേക്കിറങ്ങിത്തുടങ്ങിയ കാലമാണ് ജെയ്റ്റ്‍ലിക്കും മോദിക്കും തീരുമാനങ്ങളെടുക്കാന്‍ കിട്ടിയത്. എന്നാല്‍ അനൂകുലമായതൊന്നിനെയും രാജ്യത്തിനു നേട്ടമാക്കി മാറ്റാനാകാതെ പോയ മൂന്നു വര്‍ഷമാണ് കടന്നു പോയതെന്ന് ഇന്നത്തെ കണക്കുകള്‍ വിളിച്ചു പറയുന്നു. സ്ഥിരതയില്ലാത്ത സാമ്പത്തികകാലാവസ്ഥയില്‍ വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധനവും മുന്നൊരുക്കങ്ങളില്ലാത്ത ജി.എസ്.ടിയും അസംഘടിത മേഖലയെ തല കീഴായി മറിച്ചിരിക്കുന്നു. കപില്‍ സിബല്‍ ആരോപിച്ചതുപോലെ കാഷ്‍ലെസ് രാജ്യമാക്കാന്‍ ഓടിയ പ്രധാനമന്ത്രി രാജ്യത്തെ വലിയൊരു വിഭാഗത്തെ കാഷ്‍ലെസ് ആക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ദരിദ്രര്‍ പൂര്‍ണദരിദ്രരായി മാറുകയാണ്.
ആരാധകര്‍ക്ക് വിമര്‍ശകരെ എറിഞ്ഞുവീഴ്ത്താം. പക്ഷേ കണക്കുകള്‍ അസഭ്യവര്‍ഷം പേടിച്ച് പിന്‍മാറില്ല, മാറിമറിയില്ല. അമിത് ഷാ വിശ്വസിക്കരുതെന്നു പറഞ്ഞാല്‍ ജി.ഡി.പി നേരെയാകില്ല. എങ്ങനെ ഞെളിഞ്ഞുനിന്നാലും അപകടം തിരിച്ചറിഞ്ഞ് നിശബ്ദമായെങ്കിലും നടപടികള്‍ കൈക്കൊള്ളുമോ എന്നതാണ് ചോദ്യം.
യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാണിച്ച കണക്കുകള്‍ രാജ്യത്തിനറിയാത്തതതല്ല. പക്ഷേ തുറന്നടിച്ച മറ്റു ചിലത് ആരും ഇതുവരെ പറയാന്‍ ധൈര്യപ്പെടാത്തതാണ്. ബി.ജെ.പിയില്‍ തിരുവായ്ക്ക് എതിര്‍വായില്ല. പരസ്പരം പുറം ചൊറിയുന്ന നേതാക്കള്‍ പുകഴ്ത്തലുകള്‍ മാത്രം കേള്‍ക്കാനിഷ്ടപ്പെടുന്നവരാണ്. ബി.ജെ.പിയുടെ ദേശീയനിര്‍വാഹകസമിതി പോലും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും പ്രശംസിക്കാന്‍ മാത്രമുള്ള വേദിയാണ്. ജനാധിപത്യമെന്നത് ഇന്നത്തെ ബി.ജെ.പിയില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഇത് ബി.ജെ.പിയിലെ മാത്രം അവസ്ഥയല്ല. ക്രിയാത്മകവിമര്‍ശനങ്ങളെപ്പോലും അപഹസിച്ചു നേരിടുന്ന നേതാവും കൂട്ടരുമാണ് രാജ്യം നയിക്കാന്‍ നിയോഗമേറ്റിരിക്കുന്നത്. കഴിഞ്ഞ ആറു പാദങ്ങളിലായി 3 വര്‍ഷമായി ഇന്ത്യയുടെ ജി.ഡി.പി. താഴേയ്ക്കാണ് പോക്ക്. എന്നുവച്ചാല്‍ സാമ്പത്തികത്തകര്‍ച്ചയുടെ പ്രതിഫലനം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. അതില്‍ സാധാരണക്കാരുണ്ട്, സാമ്പത്തിക ശാസ്ത്രജ്ഞരുണ്ട്, കണക്കറിയാതെയും കയ്പു കുടിച്ചുകൊണ്ടിരിക്കുന്ന പാവങ്ങളുണ്ട്. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്തതാണ് ഇന്ത്യയുെട സാമ്പത്തികഅടിത്തറയുടെ ഉറപ്പ്. ഇതുവരെ ഏല്‍പിച്ച പ്രഹരങ്ങള്‍ സഹിക്കാം. പക്ഷേ പരുക്കുകള്‍ പരിഹരിക്കാന്‍ എന്താണ് നിങ്ങളുടെ പദ്ധതി
എത്രമാത്രം വൈകാരികമായാണ് നോട്ടു റദ്ദാക്കല്‍ തീരുമാനം അവതരിക്കപ്പെട്ടത് എന്നത് മറക്കാന്‍ നേരമായിട്ടില്ല. കടുത്ത നഷ്ടങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ജനതയില്‍ ഒരു വിഭാഗം പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് നെഞ്ചില്‍ കൈവച്ചുള്ള ആ ഗദ്ഗദം മനസില്‍ തൊട്ടാണ്. ഇന്ന് അതേ നോട്ടുറദ്ദാക്കലിന്റെ കൂടി തുടര്‍ചലനമായി സമ്പദ്‍വ്യവസ്ഥ കലങ്ങിമറിയുമ്പോള്‍ തന്നെ വിശ്വസിച്ച ജനതയോടെങ്കിലും വിശദീകരിക്കേണ്ടേ പ്രധാനമന്ത്രി? എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്? ജനാധിപത്യമര്യാദ ജനങ്ങളോടു വേണ്ടേ?
പറഞ്ഞ വാക്കുകളോടെങ്കിലും പ്രധാനമന്ത്രി പ്രതിബദ്ധത പുലര്‍ത്തണമെന്ന് ഇന്നാരും നിര്‍ബന്ധം പിടിക്കില്ല. 3 വര്‍ഷം കടുത്ത മോദിഭക്തരെപ്പോലും ചില നല്ല പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്യുന്നതെല്ലാം ശരിയാണെന്നു വാദിച്ചിരുന്നവര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങള്‍ നല്ലതായിരുന്നുവെന്ന വാദത്തിലേക്കെങ്കിലും പരുങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രാകിയതുകൊണ്ട് ആരുടെയും ജീവിതം നേരെയാകാന്‍ പോകുന്നില്ലെന്നു തിരിച്ചറിയുന്നവര്‍ എവിടെ നിന്നെങ്കിലും വിശ്വസനീയമായ വിശദീകരണങ്ങള്‍ വരുന്നുണ്ടോയെന്ന് കാതോര്‍ക്കുകയാണ്.
സൂചികകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊന്നിനും മറുപടിയില്ല മന്ത്രിമാര്‍ക്കും. പക്ഷേ സാഹചര്യത്തെ വൈകാരികമായി കാണരുതെന്ന് അവര്‍ നമ്മളോടാവര്‍ത്തിക്കുന്നുണ്ട്. അതായത് സാമ്പത്തികപരിഷ്കരണത്തോട് വികാരഭരിതമായി പ്രതികരിക്കുന്നത് ശരിയല്ലെന്ന്. നമ്മുടെ പ്രധാനമന്ത്രിയെ ആരാണ് ഇതൊന്നു പറഞ്ഞു മനസിലാക്കുക?
പ്രധാനമന്ത്രിയോ ധനമന്ത്രിയോ മനഃപൂര്‍വം നമ്മുടെ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ താറുമാറാക്കാന്‍ എന്തെങ്കിലും ചെയ്തോ? അങ്ങനെ ആരോപിക്കാനാകുമോ? വ്യക്തിപരമായി കൈക്കൊണ്ട നോട്ടു റദ്ദാക്കല്‍ എന്ന വലിയ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആത്മാര്‍ഥമായി വിശ്വസിച്ചിട്ടുണ്ടാകുക ഇത് ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ നവീകരിക്കുമെന്നാവില്ലേ? ജി.എസ്.ടി. ധൃതിയില്‍ നടപ്പില്‍ വരുത്തുമ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയും അത് രാജ്യത്തിനുണ്ടാക്കുന്ന നേട്ടങ്ങള്‍ മാത്രമായിരിക്കില്ലേ ഉദ്ദേശിച്ചിട്ടുണ്ടാകുക? ഈ ചോദ്യമാണ് സത്യത്തില്‍ നമ്മളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. അതായത് ഇന്ത്യ എന്ന വലിയ രാജ്യത്തെയാകെ ബാധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അതെന്തെല്ലാം തുടര്‍ചലനങ്ങളുണ്ടാക്കുമെന്ന് തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരാണോ നമ്മുടെ രാജ്യം നയിക്കുന്നത്?
നികുതി പരിഷ്കരണവും നോട്ടു നിരോധനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നികുതിയുമെല്ലാം ഒരിന്ത്യക്കാരന്റെ ജീവിതത്തെ കശക്കിയെറിയുന്നതെങ്ങനെയെന്ന് മോദിക്കും ജെയ്‍റ്റ്‍ലിക്കും മനസിലായിരുന്നില്ല എന്നാണ് സമ്മതിക്കേണ്ടിവരുന്നതെങ്കില്‍ അതുണ്ടാക്കേണ്ടത് ഉള്‍ക്കിടിലമാണ്. പരസ്യവാചകങ്ങളിലൊതുങ്ങില്ല, ഈ ദീര്‍ഘവീക്ഷണമില്ലായ്മയ്ക്ക് ഇന്ത്യ കൊടുക്കേണ്ടി വരുന്ന വില.
ഇതെല്ലാം ദോഷൈകദൃക്കുകളുടെ ജല്‍പനം മാത്രമാണോ? പ്രശ്നം സാമ്പത്തികമായതുകൊണ്ടും അവനവന്റെ ജീവിതത്തെക്കൂടി ബാധിക്കുന്നതായതുകൊണ്ടും വിമര്‍ശിക്കുന്നവര്‍ പോലും വിമര്‍ശനം തെറ്റാണെന്നു തെളിയിക്കുന്ന മറുപടികള്‍ പ്രതീക്ഷിക്കും. പക്ഷേ അരുണ്‍ ജെയ്റ്റ്‍ലി ആകെ പറഞ്ഞിരിക്കുന്നത്, വിദേശനിക്ഷേപത്തിലേക്ക് നോക്കൂ എന്നാണ്. അതായത് ധനമന്ത്രിക്കു പോലും തളര്‍ന്നുകിടക്കുന്ന സൂചികകള്‍ക്കൊന്നിനും മറുപടിയില്ല. അപ്പോള്‍ ഇനി ഭക്തര്‍ക്കു മുന്നിലുള്ളത് ഒരേയൊരു വഴിയാണ്, ആര്‍.എസ്.എസിനെ വിശ്വസിക്കുക, രാജ്യം സാമ്പത്തികവളര്‍ച്ചയിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ ധൈര്യം കാണിക്കുന്നത് അക്കൂട്ടര്‍ മാത്രമാണ്. പറയുന്നത് ആര്‍.എസ്.എസായതുകൊണ്ട് സ്വയംസേവകനായ പ്രധാനമന്ത്രി എങ്ങനെയെങ്കിലും അതു നടപ്പാക്കുമെന്ന് ഉറച്ചങ്ങു വിശ്വസിക്കുക. എങ്ങനെയെന്ന് അവര്‍ക്കു പോലും നിശ്ചയമില്ലെന്ന് അറിയാമെങ്കിലും. എന്നാല്‍ യുക്തിയോടെ ചിന്തിക്കുന്നവര്‍ക്ക്, കണക്കുകളിലേതെങ്കിലുമൊന്ന് ശരിയായി കേട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് പ്രത്യാശാവഹമായ, ശാസ്ത്രീയമായ ഒരു ബദല്‍ മറുപടിയും മുന്നിലില്ല. അത് സത്യമാണ്.
എന്നിട്ടും യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മോദി ആരാധകര്‍ നിഷ്ക്കളങ്കമായി ചോദിക്കും, എന്തിനാണിങ്ങനെ ഞങ്ങളുടെ പ്രധാനമന്ത്രിയെ എപ്പോഴും പഴി പറയുന്നത്? നിങ്ങള്‍ക്കെന്തുകൊണ്ടാണ് നരേന്ദ്രമോദിയോട് ഈ നിരന്തരവിരോധം? ആ ചോദ്യത്തിലെ നിഷ്കളങ്കത ബോധമുള്ളവരെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് നെഞ്ചില്‍ കൈവച്ചാണ് ഇന്ത്യന്‍ ജനത ചോദിക്കുന്നത്. നിങ്ങളൂരിയെടുത്ത സമ്പദ്‍വ്യവസ്ഥയുടെ കഴുക്കോലുകള്‍ തിരികെ വയ്ക്കാന്‍ സത്യമായും നിങ്ങള്‍ക്കറിയാമോ? സ്വന്തം ഭരണകൂടത്തെയാണോ ഇന്ത്യ പേടിക്കേണ്ടത്?·