എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസനത്തിനായുള്ള പദ്ധതിരേഖയ്ക്ക് കിഫ്്ബിയുടെ അംഗീകാരം. 76.5 കോടി രൂപ ചെലവ് വരുന്ന നിർമാണ പ്രവർത്തനങ്ങൾ നവംബറിൽ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രണ്ട് വർഷത്തിനകം വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
നല്ലൊരു സർക്കാർ മെഡിക്കൽകോളജ് പോലുമില്ലാത്ത എറണാകുളം ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പായിരുന്നു ജനറൽ ആശുപത്രിയുടെ വികസനം. അതിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടാൻ പോകുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാൻസർ ബ്ലോക്ക് എന്നിവയ്ക്കായി ഇൻകെൽ സമർപ്പിച്ച 76.5 കോടിയുടെ പദ്ധതിരേഖയ്ക്ക് കിഫ് ബി പൂർണ അംഗീകാരം നൽകി. മുഴുവനായും ശീതീകരിച്ച എട്ട് നിലകളുള്ള സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിൽ 187 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും.
ആറ് ഒാപ്പറേഷൻ തിയേറ്ററുകൾ, തീവ്രപരിചരണവിഭാഗങ്ങൾ, എൻഡോസ്്കോപ്പി യൂണിറ്റ് എന്നവിയും സൂപ്പർസ്പെഷൽറ്റി ബ്ലോക്കിൽ ഉൾപ്പെടുന്നു. അഞ്ച് നിലകളുള്ള കാൻസർ ബ്ലോക്കിൽ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കെട്ടിടനിർമാണപ്രവൃത്തികൾക്കായുള്ള ഇ ടെൻഡറുകൾ ക്ഷണിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിലവിലെ ജനറൽ ആശുപത്രിയോടെ ചേർന്ന് തന്നെയാണ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കും നിർമിക്കുക. ആശുപത്രിയുടെ എതിർവശത്തിള്ള പഴയ സ്റ്റാഫ് ക്വാർട്ടേഴ്സ് വളപ്പിലാണ് കാൻസർ ബ്ലോക്ക് നിർമിക്കുക. നവംബറിൽ നിർമാണം ആരംഭിച്ച് രണ്ട് വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.