അപകടങ്ങൾ പതിവായ തിരുവനന്തപുരം മുതലപ്പൊഴിയിൽ പഠനമെന്ന പേരിൽ കോടികൾ തുലയ്ക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെ നാൽപത് കോടിയിലേറെ രൂപ ചെലവാക്കിയിട്ടും തുറമുഖ നിർമാണം പോലും പൂർത്തിയായില്ല. തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും കരാർ കമ്പനിയും തമ്മിലുള്ള ഒത്തുകളിയെന്ന ആക്ഷേപം ശക്തമാവുന്നു.
2000ലാണ് മുതലപ്പൊഴിയിൽ തുറമുഖ നിർമാണം തുടങ്ങിയത്. ചെന്നൈ ഐ.ഐ.ടിയുടെ മേൽനോട്ടത്തിലെ ആദ്യഘട്ട നിർമാണത്തിന് ചെലവഴിച്ചത് 15 കോടി രൂപ. പക്ഷെ അഞ്ച് വർഷംകൊണ്ട് എങ്ങുമെത്താതെ നിർമാണം നിലച്ചു. 2013ൽ വീണ്ടും തുടങ്ങിയപ്പോൾ ചെലവാക്കിയത് 23 കോടി രൂപ. അങ്ങിനെ കടലിൽ കല്ലിട്ട് ഉദ്യോഗസ്ഥരും കരാറുകാരും കോടികൾ എഴുതി വാങ്ങി.
17 വർഷം പണിതിട്ടും പുലിമുട്ടും തുറമുഖവും പാതിവഴിയിൽ നിൽക്കുന്നതാണ് അപകടത്തിന് വഴിവയ്ക്കുന്നതെന്ന് കടലിനെ അറിയാവുന്ന മൽസ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനിടെ ഓരോ അപകടങ്ങളുണ്ടാകുമ്പോഴും പഠനത്തിനെന്ന പേരിലും ലക്ഷങ്ങൾ ചെലവാക്കുന്നതും അഴിമതിയുടെ മറ്റൊരു മുഖമാണ്.