തിരുവനന്തപുരം കഴക്കൂട്ടത്തെ മേല്‍പ്പാലം അന്തിമരൂപരേഖ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. രണ്ടര കിലോമീറ്റർ നീളുന്ന മേൽപ്പാലത്തിന് പ്രാഥമിക അംഗീകാരമായതോടെയാണ് ദേശീയപാത അതോറിറ്റി നടപടികൾ വേഗത്തിലാക്കിയത്. ടെക്നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടത്തെ ഗതാഗത പ്രശ്നത്തിന് പൂർണ പരിഹാരമാകുന്ന തരത്തിലാണ് പാത തയാറാക്കുന്നത്.
ആകാശക്കാഴ്ചകൾ ആസ്വദിച്ച് കഴക്കൂട്ടത്തിന് മുകളിലൂടെ പറന്ന് പോകുന്നൊരു നെടുനീളൻ ആകാശപ്പാത. അത്തരമൊരു ഫ്ളൈ ഓവർ കഴക്കൂട്ടത്ത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. പ്രാഥമിക അലൈൻമെന്റിന് ദേശീയപാത അതോറിറ്റി അംഗീകാരം നൽകിക്കഴിഞ്ഞു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് പറന്നുയർന്ന് ടെക്നോപാർക്കിന് മുന്നിലിറങ്ങുന്ന പാതയ്ക്ക് രണ്ടര കിലോമീറ്റർ നീളവും നാലുവരി വീതിയുമുണ്ടാകും. സൈബർ സിറ്റിയായ കഴക്കൂട്ടത്തെ ഗതാഗതകുരുക്കിന് സ്ഥിരപരിഹാരമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പാതയ്ക്കായി നാട്ടുകാർ കാത്തിരിക്കുന്നത്.
ഫ്ളൈ ഓവറിന് ഇരുവശത്തും സമാന്തര റോഡും പണിയുന്നതോടെ വാഹനങ്ങൾക്ക് ട്രാഫിക് സിഗ്നലിന്റെ ശല്യംപോലുമില്ലാതെ കടന്ന് പോകാം. ടെക്നോപാർക്കിന് സമീപത്തെ പാർക്കിങ് പ്രശ്നങ്ങളും പരിഹരിക്കുന്ന തരത്തിലാവും അന്തിമ രൂപരേഖ തയാറാക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ തയാറാക്കുന്ന രൂപരേഖയ്ക്ക് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ അനുമതിയായാൽ കഴക്കൂട്ടത്ത് ആകാശപ്പാതയുയരുമെന്ന് ഉറപ്പിക്കാം.