ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വീസ വേണ്ട. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ വീസാരഹിത പ്രവേശനം അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അടിയന്തരമായി ഇരു നടപ്പാക്കും. ഇന്ത്യയില്‍നിന്നുള്ളവര്‍ക്കു മുപ്പതു ദിവസത്തോളം (ഒറ്റ സന്ദര്‍ശനത്തിലോ അല്ലാതെയോ) വീസയില്ലാതെ ഖത്തറില്‍ കഴിയാനുള്ള അനുമതിയാകും ലഭിക്കുക. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 30 ദിവസത്തേക്ക് ഇളവു നീട്ടുന്നതായി അപേക്ഷിക്കാനുമാകും. ഖത്തര്‍ ടൂറിസം അഥോറിട്ടി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കു പുറമേ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി എണ്‍പതു രാജ്യങ്ങള്‍ക്കാണു വീസാ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വീസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല. എത്തുന്ന വിമാനത്താവളത്തിലോ തുറമുഖത്തോ ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഉറപ്പാക്കിയ ഖത്തറിലേക്കുള്ള/തിരിച്ചുള്ള ടിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ വീസാ ഇളവു രേഖ നല്‍കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. സന്ദര്‍ശകന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു തരത്തില്‍ ഇളവു നല്‍കാനാണു തീരുമാനം.
ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു 30 ദിവസത്തെ വീസാ ഇളവായിരിക്കും നല്‍കുക. അവര്‍ക്കു കാലാവധി കഴിഞ്ഞ് 30 ദിവസത്തെ ഇളവിനു കൂടി അപേക്ഷിക്കാനാകും. ഓസ്ട്രിയ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വീസാ ഇളവ് രേഖ നല്‍കും. ഇതനുസരിച്ച് ഒരു തവണ 90 ദിവസം വരെ ഖത്തറില്‍ തങ്ങാന്‍ കഴിയും. വീണ്ടും മടങ്ങിയെത്തുമ്പോഴും ഇതേ രേഖയുപയോഗിച്ചു 90 ദിവസത്തെ ഇളവു ലഭിക്കും. അമേരിക്കയും ബ്രിട്ടനും ഈ പട്ടികയിലാണ്.
2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വീസ അനുവദിച്ചിരുന്നു. ഖത്തര്‍ വഴി യാത്ര ചെയ്യുന്ന ആര്‍ക്കും അഞ്ചു മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെയാണു ട്രാന്‍സിറ്റ് വീസ നല്‍കുന്നത്.