സഖാവിനെ തിയറ്ററിൽ കണ്ട് ഹർഷപുളകിതരായവർ ഒരു കാര്യം മനസ്സിലോർക്കുമെന്നുറപ്പ്, നിവിന്റെ നാലു ലുക്കും കിടിലം. വ്യത്യസ്തമായ റോളുകൾ ചെയ്യാനാകില്ല എന്ന അപവാദത്തിന് സഖാവിലൂടെ നിവിൻ പോളി മറുപടി പറഞ്ഞപ്പോൾ മേക്കപ്പിലും മേക്കോവറിലും നിവിന് പിന്തുണയേകിയത് രഞ്ജിത് അമ്പാടിയെന്ന മേക്കപ്പ്മാനാണ്. വ്യത്യസ്തമായ റോളുകൾ കൊണ്ട് നടീനടന്മാർ പ്രേക്ഷകമനം കീഴടക്കുമ്പോൾ മികച്ച മേക്കപ്പ്മാനുള്ള മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി വിജയയാത്ര തുടരുകയാണ് രഞ്ജിത്. സഖാവിന്റെ വിശേഷങ്ങളും കരിയറിലെ ചുവടുവയ്പ്പുകളും രഞ്ജിത് വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
നിവിൻ പോളിയുടെ നാല് മേക്കോവർ! സഖാവ് കഷ്ടപ്പെടുത്തിയോ?
സഖാവിനു വേണ്ടി അത്രയധികം കഷ്ടപ്പാടൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും രണ്ടു കാലഘട്ടം സിനിമയിൽ കാണിക്കുന്നത് കൊണ്ട് അതിനെപ്പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ടായിരുന്നു. 1960 മുതലുള്ള സഖാവിന്റെ മൂന്നു ഗെറ്റപ്പും ഇന്നത്തെ കാലത്തെ റിയൽ സഖാവിന്റെ ഗെറ്റപ്പുമാണ് ചെയ്തത്. അതിനുവേണ്ടി നിവിന് നാല് മേക്കോവർ ആണ് നടത്തിയത്. പണ്ടത്തെ കാലത്തെ സഖാവ് എങ്ങനെയാണ്? അയാളുടെ രൂപമാറ്റങ്ങൾ എന്തൊക്കെയാണ് ? ഇതൊക്കെ കൃത്യമായി പഠിച്ചു. ഒരിക്കലും നിവിൻ പോളി എന്ന നടനെ അയാളല്ലാതാക്കി മാറ്റാൻ പറ്റില്ല. കണ്ടു കഴിഞ്ഞാൽ ഇത് നിവിൻ പോളി തന്നെയായിരിക്കണം. എന്നാൽ ഒറ്റനോട്ടത്തിൽ പ്രേക്ഷകർക്ക് മനസ്സിലാകാനും പാടില്ല.
വെല്ലുവിളിയുള്ള ജോലി തന്നെയായിരുന്നു അത്. രണ്ടു പ്രായമാണ് ചിത്രത്തിൽ നിവിന്. അതുകൊണ്ട് കാഴ്ച്ചയിൽ ഒട്ടും സാമ്യം വരാനും പാടില്ല. സാധാരണ പ്രായം കൂട്ടാൻ എളുപ്പത്തിൽ ചെയ്യുന്നത് മുടി നരപ്പിക്കുക, കണ്ണട വച്ചുകൊടുക്കുക തുടങ്ങിയവയായിരുന്നു. എന്നാലിത് അങ്ങനെയല്ലാതെ തീർത്തും വ്യത്യസ്തമായിട്ടിരിക്കണം, റിയലിസ്റ്റിക് ആകണം. എന്തൊക്കെയാണ് നിവിനിൽ വരുത്തിയ മാറ്റങ്ങളെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും പാടില്ല. അറുപതു കാലഘട്ടങ്ങളിൽ സാധാരണ ആളുകൾ കട്ടി മീശയൊന്നും വളർത്താറില്ല. സഖാവ് കൃഷ്ണനെ ചെയ്യുമ്പോൾ അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രം നന്നായി മെലിഞ്ഞിട്ടാണ്. കുറച്ചു കുടവയറുമൊക്കെയായി ശരീരം സ്വല്പം ലൂസാണ്. പുതിയ കാലത്തെ സഖാവിനാണെങ്കിൽ തടി കൂടണം. അങ്ങനെ നോക്കി അതിനുവേണ്ടി ചില ഷെഡ്യൂളുകൾ പോലും മാറ്റിവച്ചിരുന്നു.
നിവിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമായിരുന്നു. മറ്റു സിനിമകളിലൊന്നും നിവിന് ഇതുപോലൊരു മേക്കോവർ ചെയ്തിട്ടില്ല. 1983 ൽ ചെയ്തിട്ടുണ്ടെങ്കിലും അത് ഇതുപോലെ പ്രായം ചെന്ന കഥാപാത്രമായിരുന്നില്ല. സംവിധായകൻ സിദ്ധാർഥ് ശിവ തന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അതാണ് കഥാപാത്രത്തെ കൂടുതൽ പെർഫക്റ്റാക്കാൻ എന്നെ സഹായിച്ചത്. സഖാവിൽ നിവിന് മാത്രമല്ല നായിക ഐശ്വര്യ ഉൾപ്പെടെ മറ്റു ആർട്ടിസ്റ്റുകൾക്കും വേഷപ്പകർച്ച നൽകിയിട്ടുണ്ട്. ഐശ്വര്യയെ 55 വയസ്സുകാരിയായും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഓരോരുത്തർക്കും രണ്ടു-മൂന്ന് ഗെറ്റപ്പുകൾ ചെയ്യാൻ പറ്റി.
സഖാവിൽ കങ്കാണിയായി ബൈജു കലക്കിയല്ലോ?
കങ്കാണി എന്നുള്ള ആ കഥാപാത്രത്തിന് പ്രത്യേകിച്ചൊരു രൂപം വേണമെന്ന് സംവിധായകൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സാധാരണ ഒരു കൊമ്പൻ മീശയല്ലാതെ ആ കഥാപാത്രം വ്യത്യസ്തമാകണമായിരുന്നു. ആദ്യം ഈ റോൾ ചെയ്യാനായി മറ്റു പല നടന്മാരെയും നോക്കിയെങ്കിലും പൂർണ്ണമായ ഒരു മേക്കോവറിന് ആരും ഒരുക്കമായിരുന്നില്ല. കാരണം അവരെല്ലാം വേറെ ചില പടങ്ങളിൽ കമ്മിറ്റഡ് ആയിരുന്നു. ഒടുവിലാണ് ബൈജു ചേട്ടനെ കാസ്റ്റ് ചെയ്യുന്നത്. പുത്തൻപണത്തിൽ ഞാൻ ബൈജു ചേട്ടന് വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതിലും വ്യത്യസ്ത ഗെറ്റപ്പായിരുന്നു. ആ പടത്തിനുശേഷം കുറേ കഴിഞ്ഞാണ് സഖാവിനു വേണ്ടി ബൈജു ചേട്ടന് ഞാൻ മേക്കപ്പ് ചെയ്യുന്നത്. പൂർണ്ണമായും ആ കഥാപാത്രത്തിലേക്ക് മാറാൻ അദ്ദേഹം തയ്യാറായിരുന്നു. അദ്ദേഹത്തെ കിട്ടിയതുകൊണ്ടാണ് അത്ര നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയത്.
എന്നു നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്.. പാർവതിയെ ശരിക്കും മാറ്റി?
’ചാർലി’യെക്കുറിച്ച് പറയുകയാണെങ്കിൽ മാർട്ടിൻ ചേട്ടന്റെ കൂടെ ജോലി ചെയ്യാൻ തന്നെ രസമാണ്. അതുകൊണ്ടായിരിക്കും ടെസ്സയായുള്ള പാർവതിയുടെ മേക്കോവർ കൂടുതൽ മനോഹരമായത്. അഞ്ജലി മോനോന്റെ ചിത്രം ബാംഗ്ലൂർ ഡെയ്‌സിന് ശേഷമാണ് പാർവതി ’എന്നു നിന്റെ മൊയ്തീനി’ൽ അഭിനയിക്കാനെത്തുന്നത്. വളരെ ഷോർട്ട് ഹെയറായിരുന്നു അന്ന് പാർവതിക്ക്. കാഞ്ചനമാലയാക്കി മാറ്റണമെങ്കിൽ മുട്ടോളം വരെ മുടി വേണമായിരുന്നു. കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. സിനിമ കാണുമ്പോൾ കൃത്രിമമാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു അന്ന് മുടി വച്ചുചേർത്തത്. പിന്നീടാണ് പാർവതി ചാർലിയിൽ അഭിനയിക്കാനെത്തുന്നത്. ആ സിനിമയിലേക്ക് ചുരുണ്ട മുടിയായിരുന്നു ആവശ്യം. അഞ്ചാറു എക്സ്റ്റൻഷൻ പീസുകൾ വച്ചിട്ടാണ് മുടി ഭംഗിയാക്കിയത്. നിറം കുറച്ചുകൂടി ബ്രൗണിഷ് ആക്കി മാറ്റി.
ടേക്ക് ഓഫ് കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഷെല്ലാക്രമണത്തിൽ പരിക്ക് പറ്റി കിടക്കുന്നവർ, ചോരയൊലിപ്പിച്ചവർ അങ്ങനെ വ്യത്യസ്തമായ കുറേ ഇമേജുകൾ സൃഷ്ടിക്കണമായിരുന്നു. അതും നല്ല അനുഭവങ്ങൾ പകർന്നുതന്ന സിനിമയായിരുന്നു. ഇതിൽ പാർവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഗർഭ കാലഘട്ടത്തിലെ അഞ്ചും ആറും മാസത്തെ വയർ കാണിച്ചത് പ്രോപ്പർട്ടി ഉപയോഗിച്ചിട്ടായിരുന്നു. മൂന്ന് മാസം ഗർഭവസ്ഥ മാത്രമാണ് യഥാർത്ഥത്തിൽ കാണിച്ചിരിക്കുന്നത്.