ജിദ്ദ: സമ്പദ്ഘടനയെ വൈവിധ്യവൽക്കരിക്കാനായി സൗദി അറേബ്യ ആവിഷ്കരിച്ച വിഷൻ 2030 വിഭാവന ചെയ്യുന്ന അത്യാധുനിക മെഗാ സിറ്റിയുടെ നിർമാണം കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറായി ചെങ്കടൽ തീരത്തെ 26,500 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു രൂപം കൊള്ളാനിരിക്കുന്ന നാഗരിക പദ്ധ്വതി 'നിയോം' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഊർജം, വെള്ളം, ബയോടെക്‌നോളജി, ആഹാരം, വ്യവസായം, വിനോദം തുടങ്ങിയവ സമന്വയിപ്പിച്ചു കൊണ്ടുള്ള സൗദി പദ്ധതി വരും കാലത്തിന്റെ വികസന വിസ്മയമായിരിക്കും.
അന്തർദേശീയമായ നവീന സങ്കേതങ്ങളെയും നിർമാണ രീതികളെയും പരിപോഷിപ്പിച്ചു കൊണ്ട് തദ്ദേശിയമായ വ്യവസായത്തിന്റെയും തൊഴിലവസങ്ങളുടെയും ഉത്തേജനവും അതിലൂടെ വൈവിധ്യവത്കരണവും വികസനവുമാണ് ലക്ഷ്യമാക്കുന്നതെന്നു നിക്ഷേപങ്ങൾക്കും സാമ്പത്തിക ഉത്ഥാനത്തിനും വേണ്ടി രൂപവത്കരിച്ച പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയര്മാന് കൂടിയായ കിരീടാവകാശി മുഹമ്മദ് സൽമാൻ വിവരിച്ചു.
"നിയോം" നിർമാണത്തിന് 500 ബില്യൺ ഡോളർ ആണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നൽകുക. പ്രാദേശിക, വിദേശ നിക്ഷേപകർക്കും പൊതു, സ്വകാര്യ നിക്ഷേപങ്ങൾക്കും അതിശയിപ്പിക്കുന്ന അവസരമായിരിക്കും "നിയോം" ഒരുക്കുക. അഖബാ ഉൾക്കടൽ തീരത്തെ ജോർദാൻ, ഈജിപ്ത് രാജ്യങ്ങൾ സ്പർശിച്ചു കൊണ്ടുള്ള 460 കിലോമീറ്ററിൽ പണിയുന്ന നഗരത്തിന് ഊർജം പകരുക സൂര്യനും കാറ്റും മാത്രമായിരിക്കും. അത്യാധുനികവും മനോഹരവുമായ ജീവിത സാഹചര്യങ്ങളാവും നഗരത്തിലെ നിവാസികൾക്ക് സജ്ജീകരിക്കുക.
ആഗോള എണ്ണ വിപണിയിലെ വിലയിടിവിനെ തുടർന്ന് സൗദി സമ്പദ്ഘടനയെ എണ്ണയെ മാത്രം ആശ്രയിക്കുക എന്ന നിലവിലെ അവസ്ഥയിൽ ഒരു പൊളിച്ചെഴുത്ത് വരുത്തുകയാണ് ലക്ഷ്യം. ഇതിനായി രൂപം കൊടുത്തതാണ് സൗദിയുടെ വിഷൻ 2030, ദേശീയ പരിവർത്തന രേഖയായ 2020 എന്നിവ.
എണ്ണ ഭീമൻ സൗദി ആരാംകോയുടെ ഓഹരികൾ വിൽക്കൽ, സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കൽ തുടങ്ങിയ വിപ്ലവകരമായ കാൽവെയ്പുകളിലൂടെ മുന്നോട്ടു ഗമിക്കുന്ന സൗദി അറേബ്യയുടെ മറ്റൊരു അഭിമാന നേട്ടമായിരിക്കും 2025 ഓടെ ആദ്യ ഘട്ടം പൂർത്തിയാവുന്ന "നിയോം". ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://dicoverneom.com സെറ്റിൽ ലഭ്യമാണെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പത്രക്കുറിപ്പ് പറഞ്ഞു.
ജർമൻകാരനായ ബിസിനെസ്സ് മാനേജ്‌മെന്റ് രംഗത്തെ ആഗോള വ്യക്തിത്വം ക്ലോസ് കെൻഫീൽഡ് ആണ് "നിയോം" പദ്ധതി പ്രസിഡന്റ്.
കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച "നിയോം" പദ്ധ്വതിയ്ക്ക് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം ആശംസകൾ നേർന്നു.