ഇന്ത്യയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന രോഹിൻഗ്യൻ ജനതയ്ക്കു വേണ്ടി ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. റോഹിൻഗ്യൻ അഭയാർഥികളുടെ കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയാണ് ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഇന്ത്യയിൽ കഴിയുന്ന മുപ്പതിനായിരത്തോളം റോഹിൻഗ്യൻ അഭയാർത്ഥികളിൽ പന്ത്രണ്ടായിരത്തോളം കുട്ടികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ 1989 ലെ കൺവെൻഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് പ്രകാരം അഭയാർത്ഥികളായ കുട്ടികളുടെ അരോഗ്യ- വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുവാൻ രാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ജീവനു ഭീഷണിയുള്ളപ്പോൾ അവരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും കൺവെൻഷൻ പറയുന്നു. ഇന്ത്യ ഈ കൺവെൻഷനിൽ 1992ൽ ഒപ്പു വെച്ചിട്ടുണ്ട്. ഈ വിഷയം ഉയർത്തി കാണിച്ച്, റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തോടുള്ള ഇന്ത്യൻ സർക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് ഡിവൈഎഫ്ഐയുടെ നിയമ ഹര്‍ജിയുടെ ലക്ഷ്യം. റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പുകള്‍ ഡിവൈഎഫ്ഐ പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു.
റോഹിൻഗ്യൻ അഭയാർത്ഥികൾക്കു വേണ്ടിയുള്ള ഡിവൈഎഫ്ഐയുടെ നിയമ പോരാട്ടത്തിനു എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നൽകണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും, ജനറൽ സെക്രട്ടറി അവോയ് മുഖർജിയും അഭ്യർത്ഥിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ കമ്മിറ്റിയുടെ ലീഗൽ സബ് കമ്മിറ്റക്കു വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകനും ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡൻറുമായ പി.വി.സുരേന്ദ്രനാഥ്, അഡ്വ.രശ്മിത ആർ ചന്ദ്രൻ തുടങ്ങിയവർ ഡിവൈഎഫ്ഐക്കു വേണ്ടി ഹാജരാകും.