ചോർന്നൊലിച്ച് ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന ഒറ്റമുറി വീട്ടിൽ ഭക്ഷണവും മരുന്നുമില്ലാതെ ദമ്പതികൾ. ജീവിതസായാഹ്നത്തിൽ ഇവർക്കു കൂട്ട് നാലു നായ്ക്കൾ മാത്രം. പൂപ്പാറ തോണ്ടിമല സ്വദേശി പേച്ചിമുത്ത് (72), ഭാര്യ സ്വർണത്തായ് (70) എന്നിവരാണു കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാകാതെ ദുരിതജീവിതം നയിക്കുന്നത്. നാലര പതിറ്റാണ്ട് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്കു മക്കളില്ല. തമിഴ്നാട്ടിൽ നിന്നും വർഷങ്ങൾക്കു മുന്‍പ് കേരളത്തിലെത്തി.
ഇവിടെ ബന്ധുക്കളുമില്ല. ദേവികുളം സർക്കാർ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപികയായി സ്വർണത്തായ് ദീർഘകാലം ജോലി ചെയ്തു. ഒരുമാസം മുൻപുവരെ പൂപ്പാറയിലെ തയ്യൽക്കടയിൽ ജോലി ചെയ്താണു പേച്ചിമുത്തും ഭാര്യയും കഴിഞ്ഞത്. ഇപ്പോൾ കടയിൽ പണി കുറഞ്ഞ് പേച്ചിമുത്തിന്റെ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിത്തുടങ്ങി.
ഇതോടെ ഇതുവരെ ആരുടെമുന്നിലും കൈനീട്ടാതെ അധ്വാനിച്ചു ജീവിച്ച പേച്ചിമുത്തും ഭാര്യയും ജീവിതവഴിയിൽ പകച്ചുനിന്നു. ഇപ്പോൾ ആകെയുള്ള ആശ്വാസം ആശാ പ്രവർത്തകരാണ്. ആഴ്ചയിൽ രണ്ടുതവണ മരുന്നും ഭക്ഷണവുമായി ആശാപ്രവർത്തകയായ മായയും സുഹൃത്തുക്കളും എത്തും. ഇവരുടെ അവശത പഞ്ചായത്തിൽ അറിയിച്ചതും മായയാണ്. ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് ഇവർ അന്തിയുറങ്ങുന്നത്. കടുത്ത പട്ടിണിയിലും ഇവരെ വിട്ടുപോകാതെ കട്ടിലിനു സമീപം കസേരയിൽ നാല് വളർത്തുനായ്ക്കൾ മാത്രം രാവും പകലും കാവലുണ്ട്.