ജിതേഷ്‌രാജിന് ആറു മാസമുള്ളപ്പോഴായിരുന്നു അത്. അമ്മ മടിയിലിരുത്തി താലോലിക്കുന്നതിനിടെ മുറ്റത്തെ തെങ്ങിൽ നിന്നു വീണ ഇളനീർ നിലത്തടിച്ചു തെറിച്ചു തലയിലിടിച്ചു. ചാത്തമംഗലം പുള്ളാവൂർ കുന്നത്ത് ടി.വി. രാജന്റെ മകന് ഇതോടെ ജീവിതം ചവർപ്പു നിറഞ്ഞതായി. ചികിത്സയുടെ ഫലമായി ജീവൻ തിരിച്ചുകിട്ടിയെങ്കിലും അരയ്ക്കു താഴെ തളർന്നുപോയി. ഇപ്പോൾ14 വയസ്സ്. പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാനാവില്ല.
കഴിഞ്ഞ മേയ് മൂന്നിനു മകന്റെ ഫിസിയോതെറപ്പിക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ന പിതാവ് ടി.വി. രാജൻ കുഴഞ്ഞു വീണു മരിച്ചതോടെ അസുഖബാധിതയായ മാതാവും ജിതിൻരാജും തനിച്ചാകുകയും ചികിത്സ നിലയ്ക്കുകയും ചെയ്തു. ആറു സെന്റ് ഭൂമിയിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ ജീവിതച്ചെലവിനും തുടർ ചികിത്സയ്ക്കും മാർഗമില്ലാതെ കടുത്ത ദുരിതമനുഭവിക്കുകയാണ് ഈ കുടംബം. അയൽക്കാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജിതേഷ് രാജ് ഇപ്പോൾ ആർഇസി ഹൈസ്കൂളിൽ പോകുന്നുണ്ട്. ഓട്ടോറിക്ഷയിൽ സ്കൂളിൽ പോയി തിരിച്ചു വരാൻ 80 രൂപ വീതം ദിവസവും വേണം.
കൂടാതെ ഫിസിയോതെറപ്പിക്കും മരുന്നിനും ജീവിതച്ചെലവിനും ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണു കുടുംബം. ചാത്തമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. സാമി ചെയർമാനും മൂഴിപ്പുറത്ത് രാജൻ കൺവീനറും എം.സി. രവീന്ദ്രൻ ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തിൽ പുള്ളാവൂർ കുന്നത്ത് ജിതേഷ്‌രാജ് കുടുംബസഹായ കമ്മിറ്റി രൂപവൽക്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് കട്ടാങ്ങൽ ബ്രാഞ്ചിൽ 40387101047345 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. IFSC KLGB0040387. ഫോൺ–9846289689.