ഭാര്യയും മകനും അമേരിക്കയിൽ, മറ്റൊരു മകൻ ബിസിനസുകാരൻ. പക്ഷേ പിതാവ് വർഷങ്ങളായി തെരുവിൽ!!. നഗരത്തിൽ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നടത്തിയ സർവേയിലാണ് ഇത്തരത്തിലൊരാളെ നഗരസഭാ അധികൃതർ കണ്ടെത്തിയത്. കുടുംബമായി അമേരിക്കയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശിയാണ് നാളുകളായി നഗരത്തിലെ തെരുവിൽ കഴിയുന്നത്.
ഭാര്യയുമായി വേർപിരിഞ്ഞ ശേഷം കുടുംബം ഇദ്ദേഹത്തെ ഒറ്റപ്പെടുത്തി. ഉണ്ടായിരുന്ന സ്വത്തുക്കൾ മക്കളുടെ പേരിൽ നേരത്തേതന്നെ എഴുതിവയ്ക്കുകയും ചെയ്തിരുന്നു. സർവേയിൽ വ്യത്യസ്ത അനുഭവങ്ങളുള്ള 93 പേരെയാണ് കണ്ടെത്തിയത്. മക്കൾ ഉപേക്ഷിച്ചവർ, തൊഴിൽരഹിതരായ അനാഥർ, മകളുടെ വിവാഹത്തിനായി വീട് വിറ്റവർ, വാടകയ്ക്ക് താമസിക്കാൻ പോലും നിവൃത്തിയില്ലാത്ത ദിവസ വേതനക്കാർ, മാനസിക രോഗികൾ തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ തെരുവിലെത്തിയവരെയും കണ്ടെത്തി.
കേന്ദ്ര സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് സർവേ. നഗരസഭാ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ എൻയുഎൽഎം സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റും നഗരസഭാ ആരോഗ്യ വിഭാഗവുമാണ് സർവേ ഏകോപിപ്പിക്കുന്നത്. എൻയുഎൽഎം പദ്ധതിയുടെ കീഴിൽ മുട്ടമ്പലത്തുള്ള ശാന്തിഭവനിൽ എഴുപതോളം പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.