ചേരികളിൽ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതെ കഴിയുന്ന കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കൽ നല്ലഭക്ഷണമെത്തിക്കുന്ന ഒരു മലയാളികൂട്ടായ്മയുണ്ട് മുംബൈയിൽ. എല്ലാ ഞായറാഴ്ചകളിലും ഇരുന്നൂറ്റിയമ്പതോളം കുരുന്നുകൾക്കാണ് ഇക്കൂട്ടർ ഭക്ഷണമെത്തിക്കുന്നത്.
മുംബൈ മീരാറോഡ് സെൻറ് തോമസ് പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്കുശേഷം പിതൃവേദി അംഗങ്ങൾ ഒത്തുകൂടി ഭക്ഷണമൊരുക്കും. സ്വന്തമായി സ്വരൂപിക്കുന്ന പണംചെലവാക്കി പച്ചക്കറികൾ വാങ്ങുന്നത്. പ്രായഭേദമന്യേ ഒന്നിച്ചുചേർന്ന് അവ വൃത്തിയായി അരിഞ്ഞെടുത്ത് പാകം ചെയ്യും. പിന്നെ, അവയെല്ലാം ചൂടോടെ പായ്ക്കറ്റുകളിലാക്കി ചേരികളിൽ ഭക്ഷണംകാത്തിരിക്കുന്ന കുരുന്നു വയറുകൾക്ക് നൽകും. ഭക്ഷണപൊതിയുമായി വാഹനമെത്തുമ്പോൾതന്നെ ചേരിയിലെ കുട്ടിക്കൂട്ടങ്ങൾ ഓടിയെത്തും.
വാങ്ങിയ ഭക്ഷപൊതികളുമായി കൂരകളിലേക്ക് ചിലർഓടും. ചിലരാകട്ടെ മുതിർന്നവർക്കും പങ്കുനൽകും. എല്ലാവരുടേയും കണ്ണുകളിൽ അപ്പോൾ തിളക്കംമാത്രം. വർഷങ്ങളായി നടക്കുന്ന ഈ നന്മനിറഞ്ഞ പ്രവൃത്തി കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇക്കൂട്ടർ ആലോചിക്കുന്നുണ്ട്.