ഒന്നു നിൽക്കുക പോലും ചെയ്യാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നിമല യാത്ര. അടുത്തിടെയായി നടത്തം തീരെ കുറവായതിനാൽ തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞെങ്കിലും ഒരു ആശങ്കയും അങ്കലാപ്പും കൂടെയുള്ളവരാരും കണ്ടില്ല. പമ്പയിൽനിന്ന് ഒരു മണിക്കൂർ 33 മിനിറ്റു കൊണ്ട് അദ്ദേഹം സന്നിധാനത്തെത്തി. കഴിഞ്ഞ വർഷം കനത്ത മഴ കാരണം തടസ്സപ്പെട്ട മലകയറ്റമാണ് ഇത്തവണ യാതൊരു പ്രശ്നവും കൂടാതെ നടന്നത്.
തിങ്കളാഴ്ച രാത്രി 8.30ന് പമ്പയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രയാർ പൊന്നാടയണിയിച്ചു. ദേവസ്വം ഗെസ്റ്റ് ഹൗസിൽ കയറി ഒന്നിരുന്ന ശേഷം അധികം വൈകാതെ മലകയറ്റം തുടങ്ങി. മലയിറങ്ങി വരുന്നവർ കൈ വീശിയപ്പോൾ മുഖ്യമന്ത്രി തിരിച്ചും കൈ ഉയർത്തിക്കാട്ടി. ‘സ്വാമി ശരണം’ വിളികളോടും കൈ ഉയർത്തി സലാം വച്ചു.
ഇടയ്ക്ക് രാജു ഏബ്രഹാം എംഎൽഎയുടെ ഫോണിൽ മന്ത്രി എം.എം.മണി വിളിച്ച് സന്നിധാനത്തേക്ക് എത്തുന്ന കാര്യം സൂചിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വച്ച് മല കയറരുതെന്ന് മുഖ്യമന്ത്രി. മന്ത്രി വരാൻ തയാറാണെന്നു പറഞ്ഞെന്നു സൂചിപ്പിച്ചു രാജു ഏബ്രഹാം ഫോൺ നീട്ടിയപ്പോൾ ‘വൈകിട്ട് പമ്പയിൽ എത്തിയാൽ മതിയെന്നു പറയൂ’ എന്നു തീർത്തു പറഞ്ഞു. അപ്പോഴും നടത്തത്തിനു വേഗം കുറവില്ല.
കൂടെ നടക്കുന്ന പ്രയാർ ഗോപാലകൃഷ്ണൻ വഴി ദുർഘടമായപ്പോൾ മുണ്ട് മടക്കിക്കുത്തി. മുഖ്യമന്ത്രി സന്നിധാനം വരെയും മുണ്ടിന്റെ കാര്യത്തിൽ തൽസ്ഥിതി നിലനിർത്തി. ചരൽമേട് കഴിഞ്ഞുള്ള കുത്തുകയറ്റത്തിലാണ് അൽപം വേഗം കുറഞ്ഞത്.
‘കേരള സിഎം, കേരള സിഎം’ എന്നു പറഞ്ഞു വഴിയിൽ കാണാൻ നിന്ന അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പൻമാർക്കു നേരെയും അദ്ദേഹം കൈവീശി ചിരിച്ചു. മുഖ്യമന്ത്രിക്ക് അഭിമുഖമായി പിന്നോട്ടു നടന്നാണ് എഡിജിപി മനോജ് ഏബ്രഹാമും ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയും മല കയറിയത്. വെള്ളവുമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടെത്തന്നെയുണ്ടായിരുന്നെങ്കിലും പിണറായി വെള്ളം കുടിക്കാൻ നിൽക്കാതെ വെള്ളം പോലെ മല കയറി.
ആംബുലൻസും ഡോളിയുമൊക്കെ പിറകേ ഉണ്ടായിരുന്നു. പക്ഷേ, ഒന്നു നിൽക്കുക പോലും ചെയ്യാതെയുള്ള മുഖ്യമന്ത്രിയുടെ മലകയറ്റം എല്ലാവരെയും അമ്പരപ്പിച്ചു. ചിലർ ഇടയ്ക്കൊന്നു നിൽക്കാൻ കൊതിച്ച് കിതച്ചെങ്കിലും അതുണ്ടായില്ല.
മരക്കൂട്ടം എത്തുന്നതിനു മുൻപ് സുരക്ഷാ ജീവനക്കാർ മരപ്പൊത്തിൽ ഒരു പാമ്പിനെ കണ്ടു. മുഖ്യമന്ത്രിയോട് അൽപം മാറി നടക്കാൻ നിർദേശിച്ചു. മുഖ്യമന്ത്രി പാമ്പിനെ ഒന്നു നോക്കി. അൽപം മാറി നടത്തം തുടർന്നു. മരക്കൂട്ടത്ത് എത്തുമ്പോഴേക്കും കടകംപള്ളി സുരേന്ദ്രൻ വിയർത്തു. മുഖ്യമന്ത്രിയെ വിയർപ്പും ബാധിച്ചില്ല.
മരക്കൂട്ടം കഴിഞ്ഞപ്പോൾ ചാറ്റൽമഴയെ നേരിടാൻ മുഖ്യമന്ത്രി തൊപ്പി വച്ചു. അപ്പോഴും നിൽക്കുന്ന കാര്യം ചിന്തയിലില്ല. ചാറ്റൽ ശക്തമായപ്പോൾ സുരക്ഷാ ജീവനക്കാർ കുട നിവർത്തിയതും അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല. പത്തരയ്ക്കു സന്നിധാനത്ത് എത്തിയപ്പോൾ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് ചുരുങ്ങിയ വാക്കുകളിൽ പ്രതികരണം: ‘മലകയറ്റം സന്തോഷം പകരുന്നു. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകും.’ കഴിഞ്ഞ വർഷം മല കയറാനാവാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടു തന്നെ മറുപടി: ‘അന്നു കനത്ത മഴയായിരുന്നില്ലേ?’ എന്നാൽ, ഏതു മഴയെയും തോൽപിക്കാൻ പോന്ന ആവേശത്തിലായിരുന്നു ഇക്കുറി അദ്ദേഹം.
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിക്കുമെന്ന് തീർഥാടന ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ദേശീയ തീർഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം. തീർഥാടകർക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു.
ശബരി റെയിൽ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമലയിൽ ആവശ്യം കോൺക്രീറ്റ് കെട്ടിടങ്ങളല്ല. ഭക്തർ ദർശനം കഴിഞ്ഞാൽ അധികസമയം തങ്ങാതെ തിരിച്ചു പോകണം. അതിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.