ജനരക്ഷായാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഭ്രാന്തനായിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതുകൊണ്ടാണ് സോളര്‍ കേസില്‍ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരെ പ്രഖ്യാപിച്ച നടപടികള്‍ വൈകിക്കുന്നത്. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പദയാത്രയോടെയായിരുന്നു ജനരക്ഷയാത്രയുടെ സമാപനം. പട്ടത്തുനിന്ന് തുടങ്ങിയ പദയാത്ര യൂണിവേഴ്സിറ്റി കോളജിന് സമീപത്തെത്തിയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യാത്രയ്ക്കൊപ്പം േചര്‍ന്നു. അഴിമതിയും കുടുംബവാഴ്ചയുമാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളാകും സി.പി.എമ്മിനെ ഇല്ലാതാക്കുകയെന്ന് അമിത് ഷാ പറഞ്ഞു. സി.പി.എം അധികാരത്തില്‍ വന്നശേഷം കൊല്ലപ്പെട്ട 13 ആര്‍,എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തരുടെ ബന്ധുക്കൾ നീതികിട്ടാനായി എല്ലാവിധത്തിലും പരിശ്രമിക്കും. സോളർകേസിലെ തുടർനടപടികൾ വൈകുന്നത് ജനരക്ഷായാത്ര കണ്ട് ഭയന്നാണെന്ന് അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി, സി.കെ. ജാനു, പി.സി. തോമസ് തുടങ്ങിയ എൻഡിഎ നേതാക്കളെല്ലാം സമാപനസമ്മേളനത്തിൽ പങ്കെടുത്തു.