എസ്.ബി.ഐയുടെ നിസഹകരണത്തെ തുടർന്ന് നെല്ല് സംഭരണത്തിലുണ്ടായിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. നെല്ലെടുത്താലുടൻ കർഷകർക്ക് പണം നൽകാൻ തയാറാണെന്ന് എസ്.ബി.ഐ അറിയിച്ചു. കൂടാതെ ആയിരത്തി അറുന്നൂറ് കോടി രൂപയുടെ കാർഷിക വായ്പ അനുവദിക്കാനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ബാങ്ക് അധികൃതരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
കർഷകരിൽ നിന്ന് നെല്ലെടുത്താൽ മൂന്ന് ദിവസത്തിനകം പണം നൽകണമെന്ന കരാറിൽ മറ്റെല്ലാ ബാങ്കുകളും ഒപ്പിട്ടെങ്കിലും എസ്.ബി.ഐ തയാറായിരുന്നില്ല. ഇതോടെ കാൽലക്ഷത്തോളം കർഷകർക്ക് പണം ലഭിക്കാത്ത സാഹചര്യവുമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് എസ്.ബി.ഐയുമായുള്ള മുഴുവൻ സഹകരണവും അവസാനിപ്പിക്കാൻ കൃഷിവകുപ്പ് തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാങ്ക് മാനേജ്മെന്റും മന്ത്രിയും തമ്മിൽ ചർച്ച നടത്തിയത്. കർഷകർക്ക് മുൻകൂറായി പണം നൽകാമെന്ന് എസ്.ബി.ഐ സമ്മതിച്ചു.
ഇതിനൊപ്പം ഈ സാമ്പത്തികവർഷം 1600 കോടി കാർഷികവായ്പയായി വിതരണം ചെയ്യും. കിട്ടാക്കടം ആയ കാർഷിക വായ്പകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനും ധാരണയായി. മുപ്പത്തിയാറായിരം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും, പച്ചക്കറി കൃഷിക്ക് നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം വരെ വായ്പ നൽകാനും ആലോചനയുണ്ട്.