വന്യമൃഗശല്യവും കാലാനുസൃതമായി കൃഷി രീതികൾ മാറ്റാത്തതുമാണ് ആറളം ഫാമിന്റെ തകർച്ചയ്ക്ക് കാരണം. കായ്ഫലമില്ലാത്ത തെങ്ങുകളും പാഴ്മരങ്ങളും മുറിച്ച് മാറ്റി പുതിയ കൃഷി ചെയ്യണമെന്ന നിർദേശങ്ങളും പാലിക്കപ്പെട്ടില്ല.
കുരങ്ങുകളും ആനകളുംചേർന്ന് തെങ്ങുകൾ നശിപ്പിക്കുന്നത് പതിവാണ്. ഇതോടെ തെങ്ങിൽനിന്നുള്ള വരുമാനം പകുതിയിൽ താഴെയായി കുറഞ്ഞു. മറ്റ് കൃഷികൾ ചെയ്താലും വന്യമൃഗങ്ങൾ കൊണ്ടുപോകും.
ആറാംബ്ലോക്കിൽ മൂന്ന് വർഷംമുൻപ് റബർ മുറിച്ച് മാറ്റിയ ഏഴുപത് ഹെക്ടർ സ്ഥലമാണ് കാടുകയറി കിടക്കുന്നത്. പ്രായപൂർത്തിയായ കശുമാവും തെങ്ങും പാഴ്മരങ്ങളും മുറിച്ചു വിൽക്കാനും അധികൃതർ തയ്യാറായിട്ടില്ല.
സർക്കാരൊന്ന് മനസുവച്ചാൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ആറളം ഫാമിനെ മാറ്റിയെടുക്കാൻ കഴിയും. അതിന് ദീർഘവീഷ്ണത്തോടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്യേണ്ടത്.