വൈപ്പിൻ ∙ കടിച്ചു നീറ്റിക്കാൻ മാത്രം കൊള്ളാമെന്ന നീറുകളുടെ (പുളിയുറുമ്പ്) ദുഷ്പ്പേരു വൈകാതെ മാറിയേക്കും. മനുഷ്യർക്കു പുതിയൊരു വരുമാനമാർഗം തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണു നീറുകൾ. മരത്തിൽ കാണുന്ന പുളിയുറുമ്പിൻകൂടുകൾ തീവച്ചു നശിപ്പിക്കുംമുൻപ് ഒരുവട്ടം കൂടി ആലോചിക്കണം.അവ വിലകൊടുത്തു വാങ്ങാൻ ആളുണ്ട്.
പച്ചക്കറിത്തോട്ടങ്ങളിലെ കീടങ്ങളെ നശിപ്പിക്കുന്ന പോരാളികളായും പരാഗണ സഹായികളായും ഉപയോഗിക്കാൻ കഴിയുമെന്നു വന്നതോടെയാണു നീറുകൾ താരമായത്. നിറയെ ഉറുമ്പുകളുള്ള കൂടിന് ഇപ്പോൾ ഇരുപതു രൂപയാണു വില. ഡിമാൻഡ് അനുസരിച്ച് ഇതു ചിലപ്പോൾ ഉയരും.
രാസവസ്തുക്കൾ അടങ്ങിയ കീടനാശിനി ഉപയോഗിക്കില്ലെന്നു ശാഠ്യമുള്ള ജൈവ പച്ചക്കറിക്കർഷകരുടെ പേടിസ്വപ്നമാണു ചെടികളുടെ തണ്ടും ഇലകളുമെല്ലാം തിന്നു നശിപ്പിക്കുന്ന പ്രാണികൾ. പുകയിലക്കഷായം പോലുള്ള നാടൻ പ്രയോഗം കൊണ്ടും പ്രാണിക്കെണികൾ കൊണ്ടും പലപ്പോഴും പൂർണ പരിഹാരം സാധ്യമാവില്ല. ഇത്തരം സന്ദർഭങ്ങളിലാണു നീറുകളുടെ ഉപയോഗം. ചെടികളിലേക്കു കയറ്റിവിട്ടാൽ ഒരുമാതിരി കീടങ്ങളും പുഴുക്കളുമൊന്നും ആ വഴിക്കു വരില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.
പ്രാണികളെ ഒട്ടിപ്പിടിപ്പിച്ചു നശിപ്പിക്കുന്ന കെണികൾ ഉപയോഗിക്കുമ്പോൾ മറ്റൊരു പ്രശ്നമുണ്ട്. പലപ്പോഴും വേണ്ടത്ര പ്രാണികളുടെ അഭാവം മൂലം സ്വാഭാവിക പരാഗണം സാധ്യമാവാതെ കായ്ഫലം കുറയും. ഈ പ്രശ്നം പരിഹരിക്കാനും നീറുകൾക്കു കഴിയുമെന്നാണു ചില കർഷകരുടെ കണ്ടെത്തൽ. ആൺപൂവുകളിലും പെൺപൂവുകളിലും മാറിമാറി വന്നിരിക്കുന്ന പ്രാണികളുടെ ദേഹത്തു പറ്റിപ്പിടിക്കുന്ന പൂമ്പൊടിയാണു പരാഗണം സാധ്യമാക്കുന്നത്. ചെടികളിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പുളിയുറുമ്പുകൾക്ക് ഈ ജോലി നിർവഹിക്കാൻ കഴിയും.
നാട്ടിലെങ്ങും പുളിയുറുമ്പുകളെ കാണാമെങ്കിലും ഉറുമ്പിൻകൂടു സംഘടിപ്പിക്കുക എളുപ്പമല്ലെന്നും ഈ രംഗത്തുള്ളവർ പറയുന്നു. കടി കൊള്ളാതെ പലപ്പോഴും കൂട് കവറിനുള്ളിലാക്കാനാവില്ല. മിക്കവാറും കൂടിന്റെ സ്ഥാനം ഉയരത്തിലായിരിക്കുമെന്നതിനാൽ മരക്കൊമ്പിൽ നിന്ന് അടർത്തിയെടുക്കുക എളുപ്പമല്ല. മരംവെട്ടുകാരുടെ സഹായത്തോടെയാണു പലപ്പോഴും ഉറുമ്പിൻകൂടുകൾ ശേഖരിക്കുന്നത്.