പാലിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടികാട്ടി തൊടുപുഴ വഴിത്തലയിലെ ക്ഷീരകർഷകർക്ക് ന്യായവില നിഷേധിക്കുന്നതായി പരാതി. പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഉപകരണത്തിൽ അധികൃതർ കൃത്രിമം നടത്തുന്നതായും കർഷകർ ആരോപിക്കുന്നു. വ്യാപക പരാതി ഉയർന്നതോടെ ക്ഷീര വികസന വകുപ്പ് അന്വേഷണം ആരംഭിച്ചു.
മിൽമ പാൽവില വർധിപ്പിച്ചപ്പോൾ ആശ്വസിച്ചത് ക്ഷീര കർഷകരാണ്. ഫ്രെബുവരിയിൽ പാലിന് മൂന്ന് രൂപ കൂടിയപ്പോൾ കർഷകരുടെ കഷ്ടതകൾക്കും ഒരുപരിധി വരെ ശമനമായി. എന്നാൽ തൊടുപുഴ സൗത്ത് വഴിത്തല ക്ഷീരോൽപാദക സംഘത്തിലെ കർഷകർക്ക് വിലവർധന ഗുണം ചെയ്തില്ല. ഓഗസ്റ്റ് അവസാനവാരം മുതൽ സംഘത്തിലെ കർഷകർക്ക് ലഭിച്ചിരുന്ന തുക ഗണ്യമായി കുറഞ്ഞു. പാലിന്റെ ഗുണനിലവാരം കുറഞ്ഞുവെന്ന കാരണം ചൂണ്ടികാട്ടിയാണ് വില കുറച്ചത്. ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപവരെ കർഷകർക്ക് നഷ്ടമായി. പാലിൻറെ ഗുണനിലവാരം പരിശോധിക്കുന്ന ഉപകരണങ്ങളിൽ സൊസൈറ്റി അധികൃതർ കൃത്രിമം നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ ചൂണ്ടികാട്ടുന്നു.
കർഷകരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ഉപകരണത്തിലെ തകരാർ പരിഹരിച്ചെങ്കിലും പരാതി തുടർന്നു. ഇതോടെയാണ് സൊസൈറ്റിയിലെത്തി ഒരാഴ്ചക്കാലം ഗുണനിലവാരം നേരിട്ട് പരിശോധിക്കാൻ ക്ഷീരവകുപ്പ് തീരുമാനിച്ചു. ഇതിനായി ഒരു സീനീയർ ഡയറി എക്സ്റ്റഷൻ ഓഫീസറെയും നിയമിച്ചു. സംഘത്തിലെ പാൽ കോതമംഗലത്ത് ഒരു സൊസൈറ്റിയിലെത്തിച്ച ശേഷമാണ് എറണാകുളത്തെ മിൽമ ഡയറിയിലേക്ക് അയക്കുന്നത്. കോതമഗംലത്താണ് കൃത്രിമം നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.