സംസ്ഥാന സ്കൂൾ മീറ്റിൽ സ്വർണ വേട്ടയ്ക്കൊപ്പം ദേശീയ റെക്കോർഡും സ്വന്തമാക്കാനുള്ള തീവ്രപരിശീലനത്തിലാണ് പാലാ ജംപ്സ് അക്കാദമിയിലെ താരങ്ങൾ. കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറെക്കാലമായി കായിക കേരളത്തിന് അക്കാദമി സംഭാവന ചെയ്ത മിന്നും താരങ്ങൾ ഒട്ടനവധിയാണ്.
പോൾവോൾട്ട് പരിശീലന രംഗത്ത് കേരളത്തിന്റെ അഭിമാനമാണ് പാലായിലെ ജംപ്സ് അക്കാദമി. കഴിഞ്ഞ പതിനേഴു വർഷത്തിനിടെ അക്കാദമിയിൽ നിന്നും പരിശീലനം നേടിയ താരങ്ങൾ പിന്നീട് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറി . ആ ചരിത്രം ഇക്കുറിയും ആവർത്തിക്കാനാണ് ശ്രമം. മുഖ്യ പരിശീലകനായ കെ.പി സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ ഏഴുകുട്ടികളാണ് പാലായിൽ നടക്കുന്ന സ്കൂൾ കായിക മേളയിൽ ഇറങ്ങുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും മൽസരിക്കുന്നു. നാലു സ്വർണം വരെ പ്രതീക്ഷിക്കുന്നതായി പരിശീലകൻ കെ.പി. സതീഷ് പറഞ്ഞു
ചിട്ടയായ പരിശീലനം സ്വർണ നേട്ടത്തിനപ്പുറം കൂടുതൽ ഉയരം താണ്ടാൻ സഹായിക്കും എന്ന പ്രതീക്ഷ താരങ്ങളും പങ്കുവച്ചു. മുമ്പ്, അക്കാദമിയിൽ നിന്ന് പരിശീലനം നേടി ദേശീയ മീറ്റിൽ ഉൾപ്പെടെ പങ്കെടുത്ത് വിജയം കൊയ്ത താരങ്ങളും കുട്ടിൾക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ഏതായാലും ഇക്കുറി സ്കൂൾ കായിക മേളയിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ജംപ്സ് അക്കാദമി,. അത് പാലായിൽ തന്നെ സാധ്യമാകുമ്പോൾ സന്തോഷം ഇരട്ടിയാകുന്നു.