നക്ഷത്രങ്ങൾക്കിടയിലിരുന്ന് അനയ്‌മോനും അറിയുന്നുണ്ടാവും, അവന്റെ പേരിൽ നന്മ മനസ്സുകൾ നൽകിയ പണം രക്ഷിതാക്കൾക്കു നൽകിയില്ലെന്ന പരാതിയെക്കുറിച്ച്. ചുള്ളിക്കര പടിമരുതിലെ അനയ്മോന്റെ ചികിത്സയ്ക്കായി ചികിത്സാ സഹായ സമിതിയുടെ പേരിൽ ലഭിച്ച 25 ലക്ഷത്തോളം രൂപ അവന്റെ മരണശേഷം കുടുംബത്തിനു നൽകാതെ പൂര്‍ണമായും വകമാറ്റുന്നതാണ് മലയോരത്തെ ചര്‍ച്ചാവിഷയം.സതീശൻ, ലതിക ദമ്പതികളുടെ മകനായ മൂന്നു വയസ്സുകാരൻ അനയ് മോന് മജ്ജയിൽ കാൻസർ രോഗം പിടിപെട്ടിരുന്നു.
ഇതേത്തുടർന്ന് അനയിന് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചികിത്സാ സമിതി രൂപീകരിക്കപ്പെട്ടു. കുട്ടിയുടെ ദുരിതകഥ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിറഞ്ഞതോടെ സഹായം ഒഴുകിയെത്തി. ഓട്ടോറിക്ഷകൾ മുതൽ സ്വകാര്യ ബസുകാർ വരെ കാരുണ്യയാത്രകൾ നടത്തി പണം സമാഹരിച്ചു നൽകി.
35ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയെന്നാണ് വിവരം. ബെംഗളൂരുവിൽ ചികിത്സയ്ക്ക് ചെലവായ ഏഴുലക്ഷം രൂപ സമിതി നൽകിയെങ്കിലും തിരുവനന്തപുരത്തെ ചികിത്സയ്ക്കു ചെലവായ പത്തു ലക്ഷം രൂപ ഇപ്പോഴും കുടുംബത്തിന് ബാധ്യതയാണ്. ചികിത്സാഫണ്ടിലേക്ക് സഹായമെത്തുമ്പോൾ പോലും നിത്യച്ചെലവിനു സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങേണ്ട അവസ്ഥയിലായിരുന്നു സതീശൻ. ആരുടെയും സഹായങ്ങൾക്ക് കാത്തുനിൽക്കാതെ അനയ്മോൻ മരണത്തിനു കീഴടങ്ങിയതോടെയാണ് ചികിത്സാ സഹായ സമിതി ഭാരവാഹികൾ നിലപാടു മാറ്റിയത്. 25 ലക്ഷത്തോളം അക്കൗണ്ടിൽ നിലനിൽക്കെയാണ് കടബാധ്യത തീർക്കാനെങ്കിലും സഹായം നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടത്.
പത്തു സെന്റ് സ്ഥലത്തെ ചെറിയ വീട്ടിൽ താമസിച്ച് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നയിക്കുകയാണ് ഇയാൾ. ചികിത്സയ്ക്കു സ്വരൂപിച്ച പണം കടബാധ്യത തീർക്കാൻ നൽകില്ലെന്നായിരുന്നു സമിതിയുടെ വിശദീകരണം. ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങൾക്കായി തുക ഉപയോഗിക്കുമെന്നും ഇവർ പറഞ്ഞു. അനയ്മോന്റെ ജീവൻ നിലനിർത്താനുള്ള ഓട്ടത്തിനിടയിലാണ് സതീശന് കടബാധ്യതകൾ വന്നുചേർന്നതെന്ന കാര്യം ഇവർ മറന്നുപോകുന്നുവെന്നാണ് ആരോപണം.