വൃക്ക രോഗിയെ സഹായിക്കാനായി ഒരു നാടിന്റെ കഥ പറഞ്ഞ പുസ്തകം. മലപ്പുറം കാളികാവിലാണ് പള്ളിശേരി ഗ്രാമത്തിന്റെ കഥ പറഞ്ഞ ഒരു ദേശത്തിന്റെ ആത്മകഥ എന്ന പുസ്തകം പുറത്തിറക്കിയത്. പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന പണം ചികിൽസാ ചെലവിലായി നൽകും.
ഇരു വൃക്കകളും തകരാറിലായ അനിൽകുമാറിന്റെ ചികിൽസക്കായാണ് ഈ പുസ്തകം. പള്ളിശേരിയെന്ന ഗ്രാമത്തിന്റെ ചരിത്രവും വർത്തനമാനവുമാണ് പുസ്തകം നിറയെ.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജാതിമത വ്യത്യസമില്ലാതെ എന്നും ഒന്നിക്കുന്ന കാഴ്ചയാണ് ഈ ഗ്രാമത്തിലേത്.അനിൽകുമാറിന് വൃക്ക നൽകാൻ അമ്മ ഒരുക്കമാണ്.പക്ഷെ ചികിൽസക്കാവശ്യമായ പണമില്ല. ശസ്ത്രക്രിയക്കും തുടർചികിൽസക്കൂമായി 25 ലക്ഷം രൂപ വേണം.
ഒരു പുസ്തകത്തിന് 100 രൂപയാണ് വില.ആയിരം കോപ്പികൾ നിലവിൽ അച്ചടിച്ചിട്ടുണ്ട്.പ്രവാസിയും പാലിശേരി നിവാസിയുമായ സാനുവാണ് ഈ പുസ്തകത്തിന് പിന്നിൽ രോഗികളെ സഹായിക്കാനായി പള്ളിശേരി ഗ്രാമിക കലാ സംഘത്തിന്റെ നേതൃത്വത്തിൽ നാടകവും അവതരിപ്പിക്കാറുണ്ട്.മുമ്പ് തെരുവു നാടകം അവതരിപ്പിച്ച് വൃക്കരോഗിയുടെ ചികിൽസക്കായി ഏഴ് ലക്ഷം രൂപ സമാഹരിച്ചതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാണ് പുസ്തകം പുറത്തിറക്കിയത്.