രാജ്യാന്തര തലത്തില്‍ പ്രതിവർഷം 29 കോടി ടയറുകൾ ഉപയോഗശൂന്യമാകുന്നുവെന്നാണ് കണക്ക്. അതിൽ 5.5 കോടിയെങ്കിലും ടയറുകൾ കൃത്യമായി റീസൈക്കിൾ ചെയ്യപ്പെടാതെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. അതായത് ഉപയോഗശൂന്യമായ മൊത്തം ടയറുകളിലെ 20 ശതമാനം! മനുഷ്യൻ വലിച്ചെറിയുന്ന ഇവ മനുഷ്യനു തന്നെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. പക്ഷേ വലിച്ചെറിയുന്ന ടയറുകൾ കാരണം ജീവലോകത്തിനുണ്ടാകുന്ന മറ്റു ദോഷങ്ങളെപ്പറ്റി ഓർത്തിട്ടുണ്ടോ? പല മൃഗങ്ങളുടെയും ജീവൻ തന്നെയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അതും അവ പോലും അറിയാതെ.
അമേരിക്കയിലെ ജോർജിയയിലുണ്ടായ അത്തരമൊരു സംഭവമാണ് പരിസ്ഥിതി സ്നേഹികൾക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ടയറിനുള്ളിൽ പെട്ടു പോയ മുതലയുടെ ചിത്രം പുറത്തുവിട്ടത് ജോർജിയ ഡിപാർട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസസ് ലോ എൻഫോഴ്സ്മെന്റ് വിഭാഗമായിരുന്നു. ചത്തുമലച്ച നിലയിലായിരുന്നു മുതല. അതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റും ചെയ്തു. വേട്ടക്കാരുടെ ശല്യത്തിൽ നിന്ന് ഇവയെ സംരക്ഷിക്കാൻ ഗാർഡുമാർ അക്ഷീണപ്രയത്നം തുടരുന്നതിനിടെയാണു പുതിയ സംഭവം.