ഒറ്റ ദിവസം കൊണ്ട് ഓസ്ട്രേലിയയിൽ ഈ ജീവികൾ കൊന്നു തിന്നുന്നത് 10 ലക്ഷത്തിലേറെ പക്ഷികളെയാണ്. ഒരു വർഷത്തെ കണക്കെടുത്താൽ ചത്തുവീഴുന്ന മൊത്തം പക്ഷികളുടെ എണ്ണം 37.7 കോടി വരും. ഇനിയിപ്പോൾ ഈ ‘ഭീകരജീവി’കളെ കൊന്നൊടുക്കാമെന്നു വച്ചാൽ ചില്ലറ പാടൊന്നുമല്ല. ഓസ്ട്രേലിയയുടെ 99.8 ശതമാനം വരുന്ന ഭാഗത്തും ഇവയുണ്ട്. ഇതേതാണ് അത്തരമൊരു ജീവിയെന്ന് അദ്ഭുതപ്പെടുന്നവർ അതിന്റെ ഉത്തരം കേട്ടാൽ ഒന്നുകൂടി അമ്പരക്കും. ഓസ്ട്രേലിയയിലെ പൂച്ചകളാണ് ഈ വില്ലന്മാർ. നാടനും കാട്ടുപൂച്ചയുമെല്ലാം ഉൾപ്പെടും ഇക്കൂട്ടത്തിൽ.
കാട്ടുപൂച്ചകളാണ് ഏറ്റവും ‘ഭീകരർ’. ഇവയെ തുരത്താൻ കോടിക്കണക്കിന് ഡോളർ ചെലവിട്ട് പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ലെന്നാണ് പുതിയ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാത്രവുമല്ല, ഓസ്ട്രേലിയയിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന പക്ഷികളെയും പൂച്ചകൾ കൊന്നൊടുക്കുന്നുണ്ട്. പക്ഷികളെ പൂച്ചകൾ കൊന്നുതിന്നുന്നുണ്ടെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണെങ്കിലും ഇത്തരത്തിൽ ആശങ്കാജനകമായ വിധത്തിലൊരു റിപ്പോർട്ട് അപ്രതീക്ഷിതമാണ്. മുൻകാലങ്ങളിലെ സർവേ–പഠന റിപ്പോർട്ടുകളും ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.