അഞ്ചു ലക്ഷത്തിലേറെ കുട്ടികളാണ് പ്രതിവർഷം ഡയേറിയ (അതിസാരം) ബാധിച്ച് ലോകത്തോടു വിട പറയുന്നത്. അതിലേറെയും അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകൾ. ഡയേറിയയുടെ പ്രധാന കാരണമാകട്ടെ മലിനജലവും. അവികസിത രാജ്യങ്ങളിലെ കുട്ടികൾക്കാണ് ഏറ്റവുമധികം ഡയേറിയ ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഓരോ വർഷവും 170 കോടിയിലേറെ കുട്ടികൾക്ക് ഈ രോഗം ബാധിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. മലേറിയയ്ക്കും ന്യുമോണിയയ്ക്കുമൊപ്പം ഏറ്റവുമധികം കുട്ടികളുടെ മരണകാരണമാകുന്നതും ഡയേറിയയാണ്.
ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്നങ്ങൾ ഇന്ത്യയിലുൾപ്പെടെ കൊണ്ടുപിടിച്ചു നടക്കുന്നു. കൃത്രിമ സംവിധാനങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ പ്രകൃതിദത്തമായ ജലശുദ്ധീകരണത്തെപ്പറ്റിയുള്ള പഠനഫലത്തിന്റെ ആശ്വാസത്തിലാണ് വിദഗ്ധരിപ്പോൾ. മറ്റൊന്നുമല്ല, നാം നട്ടുവളർത്തുന്ന മരങ്ങളാണ് ജലശുദ്ധീകരണത്തിലും നമുക്കൊപ്പം നിൽക്കുന്നത്. ജലസ്രോതസ്സുകളോടു ചേർന്ന് എത്രയേറെ മരങ്ങളുണ്ടോ അത്രയേറെ ഡയേറിയ സാധ്യത കുറയുമെന്നാണ് അമേരിക്കയിലെ വെർമോണ്ട് സർവകലാശാലയിൽ നിന്നുള്ള പഠനം.