നക്ഷത്ര മത്സ്യങ്ങൾ മണൽപ്പരപ്പിലൂടെ നടക്കുമോ? കടലിൽ ജീവിക്കുന്ന നക്ഷത്ര മത്സ്യങ്ങൾ കരയിലെത്തിയാൽ എങ്ങനെയിരിക്കും? ഇതിനൊക്കെയുള്ള ഉത്തരമാണ് ഈ ദൃശ്യങ്ങൾ. മണൽപ്പരപ്പിലൂടെ പതിയെ നീങ്ങുന്ന നക്ഷത്ര മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുഎസിലെ നോർത്ത് കാരൊലിനയിലെ കടൽത്തീരത്തു നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. സെബ് ഹോലോക് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
വേലിയേറ്റത്തോടൊപ്പം തീരത്തടിഞ്ഞതാണ് ഒരുകൂട്ടം നക്ഷത്ര മത്സ്യങ്ങൾ.വൈകുന്നേരം ആറരയോടെയാണ് നക്ഷത്രമത്സ്യങ്ങൾ കൂട്ടത്തോടെ തീരത്തടിഞ്ഞത്. ഇതിലൊന്നിനെയാണ് സെബ് ക്യാമറയിൽ പകർത്തിയത്. മെല്ലെ മണൽപ്പരപ്പിലൂടെ നീങ്ങുന്ന ഈ നക്ഷത്ര മത്സ്യത്തിന് ഭക്ഷണം കഴിക്കുന്ന പ്ലേറ്റിന്റെ വലിപ്പമുണ്ടായിരുന്നുവെന്നും സെബ് വ്യക്തമാക്കി. അധിക സമയം കരയിൽ ജീവിക്കാനാവാത്തതിനാൽ തീരത്തടിഞ്ഞ നക്ഷത്ര മത്സ്യങ്ങളെ ബീച്ചിലുണ്ടായിരുന്നവർ ചേർന്ന് ഉടനെതന്നെ സുരക്ഷിതമായി തിരികെ കടലിലേക്കയച്ചു. എന്തായാലും മെല്ലെ നടക്കുന്ന നക്ഷത്ര മത്സ്യത്തിനു പിന്നാലെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. ഒന്നര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.