സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ടണ്‍ കണക്കിന് വരുന്ന നിയമ നടപടികള്‍ കാരണം കഴിഞ്ഞ ഒരാഴ്ചത്തെ പത്രത്താളുകള്‍ എടുത്തു പൊക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. പക്ഷേ യഥാര്‍ഥ നടപടി എന്തായി എന്നുചോദിച്ചാല്‍ ഒരിലപോലും അനങ്ങിയിട്ടില്ല എന്നാണ് ഉത്തരം. അതേസമയം, തനിക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആശ്രയിച്ച സോളര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി തന്നെ ഇന്നു തള്ളി. അതായത് റിപ്പോര്‍ട്ട് ഞങ്ങളുടെ പക്കലുണ്ട്. അത് സമയം പോലെ നിയമസഭയില്‍ വച്ചോളാം. നടപടി ഞങ്ങള്‍ ഇപ്പോള്‍ തന്നെ എടുത്തോളാം. നിങ്ങള്‍ ഞങ്ങളുടെ നടപടിക്ക് വിധേയരായാല്‍ മതി. ഇതിനെയാണ് നമ്മള്‍ ഒളിപ്പോര് എന്നുവിളിക്കേണ്ടത്. എല്ലാം ഒളിച്ചുവച്ചുള്ള പോര്.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വാഭാവികനീതിയുടെ പച്ചയായ നിഷേധമാണ്. കുറ്റാരോപിതന്റെ കണ്ണുകെട്ടുന്നത് നീതിയുടെ കണ്ണുകെട്ടലാണ്. സര്‍ക്കാര്‍ കാണിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്.