സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഒരു പുതിയ വിഷയമല്ല. അതുകൊണ്ടുതന്നെ എല്ലാവരും മുഖംതിരിക്കുന്ന വിഷയവുമായി അത് മാറിയിട്ടുണ്ട്. പക്ഷേ ഒരു ഔദ്യോഗിക യാത്രയുടെ പേരില്‍ മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയൻ റുഖിയ അനുഭവിക്കുന്ന ദുരന്തം ആര്‍ക്കും മുഖംതിരിക്കാവുന്നതല്ല. ആലപ്പുഴയില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി സഹപ്രവര്‍ത്തകരോടൊപ്പം ഒരു ഹൗസ് ബോട്ട് യാത്ര നടത്തിയതാണ് റുഖിയയ്ക്ക് വിനയായത്. ഈ യാത്രയുടെ പേരില്‍ അവരെ അധിക്ഷേപിച്ചും മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചും ക്രൂശിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ വഴി ആരൊക്കെയോ. സമൂഹമാധ്യമം സമൂഹവിരുദ്ധ മാധ്യമമാകുന്ന മറ്റൊരു ഞെട്ടിപ്പിക്കുന്ന കാഴ്ച.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. നിസ്സഹായരായ ഇരകളെ സൃഷ്ടിക്കാനാണെങ്കില്‍ എന്തിനാണ് നമ്മള്‍ ഇവയെ സമൂഹമാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? സമൂഹവിരുദ്ധ മാധ്യമങ്ങളെന്ന് വിളിക്കൂ. റുഖിയമാരുടെ ജീവിതം പന്താടാന്‍ ഏത് സ്വതന്ത്ര മാധ്യമത്തിന്റെ പേരിലും ആരെയും അനുവദിക്കരുത്.