താജ്മഹലിനെ എങ്ങനെ കാണണമെന്ന് ഇന്ത്യക്കാരായ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. ചില ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പക്ഷേ ഇതല്ല സ്ഥിതി. ഇവര്‍ക്ക് നാണക്കേടിന്റെ പ്രതീകമാണ് താജ്മഹല്‍. ലോകം വിസ്മയപൂര്‍വം ആദരിക്കുന്ന ഈ ചരിത്രപൈതൃകത്തെ സ്വന്തം സങ്കുചിത രാഷ്ട്രീയ നേത്രങ്ങള്‍ കൊണ്ട് നോക്കിക്കാണാനേ ഇവര്‍ക്കു കഴിയുന്നുള്ളൂ. കഴിഞ്ഞ ദിവസം യു.പിയിലെ സംഗീത് സോം എം.എല്‍.എ താജിനു നേരേ നടത്തിയ ആക്ഷേപവചനങ്ങള്‍ ബി.ജെ.പി നേതൃത്വം തള്ളിക്കളഞ്ഞുവെന്ന തോന്നല്‍ ഉണ്ടായെങ്കിലും ഇന്നിപ്പോള്‍ പക്ഷേ അതല്ല സ്ഥിതി. വിനയ് കത്യാര്‍ എം.പി ഇതാ താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ആരൊക്കെ ഈവഴിക്കുള്ള പുതുപുതു വാദങ്ങള്‍ നിരത്തും എന്നുമാത്രം ചിന്തിച്ചാല്‍ മതി. ദേശീയ സ്മാരകങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് ഈ പ്രസ്താവനകളെന്ന് കാണാതെവയ്യ
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. താജ്മഹല്‍ ഇന്ത്യന്‍ ദേശീയപൈതൃക സ്വത്താണ്. ഇന്ത്യയിലെ ജനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സാംസ്കാരിക മുദ്ര. ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം കാഴ്ചവയ്ക്കുന്ന വിസ്മയസൗധം. അതിനുമേല്‍ സംശയത്തിന്റെ കറപുരട്ടാനുള്ള ഏതുനീക്കവും ഭ്രാന്തമാണ്. മതേതര ഇന്ത്യ ജാഗ്രതയോടെ ചെറുക്കേണ്ട ഭ്രാന്ത്.