ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് ഷെഫിന്‍ ജഹാന് നിര്‍ണായക പിന്തുണ. ഹാദിയയെ കോടതി നേരിട്ട് കേള്‍ക്കണമെന്ന അയാളുടെ വാദം കോടതി അംഗീകരിച്ചു. വെറുതെ അംഗീകരിക്കുകയായിരുന്നില്ല. വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതില്‍ ഹാദിയയുടെ വാക്കുകളാണ് അന്തിമം. ഇനി ഹാദിയയെ കേള്‍ക്കട്ടെ, സര്‍ക്കാരിനെ കേള്‍ക്കട്ടെ, എന്‍.ഐ.എയെ കേള്‍ക്കട്ടെ. അതിനുശേഷം കോടതി വിധിപറയും. ഷെഫിന് തീവ്രവാദബന്ധമുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അതുപക്ഷേ ഹാദിയയുടെ വിവാഹം അസാധുവാക്കാനുള്ള കാരണമല്ല. ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായ ഏറ്റവും നിര്‍ണായകമായ നടപടിയെന്നുമാത്രം ഇന്നത്തെ ഉത്തരവിനെ ചുരുക്കി വിശേഷിപ്പിക്കാം. ഇത് നമുക്ക് നല്‍കുന്ന ഒരുറപ്പുണ്ട്- വിവാഹത്തിന്റെ പേരില്‍ രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നവര്‍ക്ക് ഇനി ചുവപ്പുകാര്‍ഡ്.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ക്രിമിനലിനെ വിവാഹം ചെയ്യുന്നതുപോലും തടയാന്‍ നിയമമില്ലെന്ന് പറയുമ്പോള്‍ ഈ ആശയത്തിന്റെ ആത്യന്തിക പ്രാധാന്യത്തിലാണ് കോടതി ഊന്നിയത്. ഇനി അവസാനിപ്പിക്കൂ, വിവാഹങ്ങളെ മുതലെടുത്തുള്ള രാഷ്ട്രീയക്കളികള്‍.