കേരളത്തെ സംബന്ധിച്ച ഒരു മഹാസത്യമാണ് എ.കെ.ആന്റണി പറഞ്ഞത്. ആരാധനാലയങ്ങള്‍ ഇന്ന് സമ്പത്തിന്റെ കേന്ദ്രങ്ങളാണ്. അല്ലെങ്കില്‍ ഒരുപക്ഷേ എന്നും അങ്ങനെ തന്നെ. ഏത് മതത്തെയും സമുദായത്തെയും സംബന്ധിച്ച് ഇതുതന്നെയാണ് ശരി. വിശ്വാസത്തിന്റെ പേരിലാകുമ്പോള്‍ വാരിക്കോരി നല്‍കാന്‍ മടിക്കാത്തവരാണ് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലേയും വിശ്വാസികള്‍. ഇല്ലാത്തവര്‍ വയറുമുറുക്കി ഉടുത്തിട്ടായാലും ആരാധനാലയങ്ങള്‍ക്ക് സംഭാവന ചെയ്യും. ഈ സമ്പത്തെല്ലാം വിനിയോഗിക്കപ്പെടുന്നത് നല്ല കാര്യങ്ങള്‍ക്കാണോ? കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ നിര്‍മിക്കലും പുതുക്കിപ്പണിയലും മോടികൂട്ടലുമാണ് നടക്കുന്നത്. ഇത് കേരളത്തെപ്പോലെ ബഹുഭൂരിപക്ഷവും സാധാരണക്കാരായ നാടിന് താങ്ങാവുന്നതാണോ?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. കോടികള്‍ മുടക്കിയുള്ള ആരാധനാലയങ്ങള്‍ നമുക്ക് വേണ്ട. ദൈവത്തെ ആരാധിക്കാന്‍ ആഡംബരത്തിന്റെ ആവശ്യമില്ല. ദൈവത്തിന് സ്നേഹം പാവങ്ങളോടാണ്. ആര്‍ഭാടം ഒഴിവാക്കി ഒരു പാവപ്പെട്ടവനെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം ദൈവികമായി മറ്റൊന്നുമില്ല.