ലോകമെങ്ങും സ്ത്രീകളുടെ ഒരു ഓണ്‍ലൈന്‍ മുന്നേറ്റം നടക്കുകയാണ്. മീ റ്റൂ അഥവാ ഞാനും എന്നാണ് ഈ ക്യാംപെയ്ന്റെ ഹാഷ് ടാഗ്. താന്‍ ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടോ എന്ന് സ്ത്രീ വെളിപ്പെടുത്തുന്നു മീ റ്റൂവിലൂടെ. സമീപകാലത്ത് ഹോളിവുഡ് നടി അലീസ മിലാനോ ആരംഭിച്ച,, അഥവാ 10 വര്‍ഷം മുന്‍പേ കറുത്തവര്‍ഗക്കാരിയായ ആക്ടിവിസ്റ്റ് തരാന ബുര്‍ക്കെ ആരംഭിച്ച,, ഈ ഓണ്‍ലൈന്‍ മുന്നേറ്റം കേരളത്തിലും വലിയ പ്രകമ്പനം സൃഷ്ടിച്ചുകഴിഞ്ഞു. ആയിരക്കണക്കിനു സ്ത്രീകള്‍ മീ റ്റൂ എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അവരില്‍ സജിത മഠത്തിലിനേയും റിമ കല്ലിങ്കലിനേയും പോലുള്ള താരങ്ങളുണ്ട്. സാമൂഹിക പ്രമുഖരുണ്ട്. ആക്ടിവിസ്റ്റുകളുണ്ട്. ഈ പ്രഖ്യാപനത്തിന്റെ അര്‍ഥമെന്താണ്? ഉത്തരം പറയേണ്ടത് മലയാളി പുരുഷ സമൂഹമാണ്.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. മീ റ്റൂ ക്യാംപെയ്നിലൂടെ പുറത്തുവരുന്ന, ലൈംഗിക അതിക്രമം നേരിട്ടവരുടെ എണ്ണം കേവലമായ സംഖ്യയല്ല. അത്രയും പുരുഷന്‍മാര്‍ ബോധപൂര്‍വം സ്ത്രീയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അതിന്റെ അര്‍ഥം. ഒരു സ്ത്രീ മീ റ്റൂ എന്ന് പറയുന്നുണ്ടെങ്കില്‍ ഒരു പുരുഷന്‍ കുറ്റസമ്മതം നടത്തട്ടെ, യെസ് ഐ റ്റൂ എന്ന്.