കൊല്ലം അഞ്ചലിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. തടിക്കാട് ഏറം സ്വദേശി ഇഖ്ബാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടത്തു.
ശനിയാഴ്ച രാത്രിയില്‍ മദ്യലഹരിയിലാണ് യുവാക്കള്‍ തമ്മില്‍ തർക്കമുണ്ടായത്. ബന്ധുവായ ഷെരീഫിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. മരിച്ച ഇക്ബാലും സഹോദരനായ സുലൈമാനും ഷെരീഫുമായി നിലനിൽക്കുന വസ്തുതർക്കം ചർച്ച ചെയ്്ത് തീർക്കാൻ നടത്തിയ ശ്രമം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഇഖ്ബാല്‍ കിണറ്റിൽ വീണത്. പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി ഇഖ്ബാലിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏതാനും നാളുകളായി ഇക്ബാലുമായി പ്രതികള്‍ വസ്തു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അഞ്ചല്‍ പൊലീസ് പല തവണ വിഷയത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. അതിനിടെയാണ് ഇന്നലെ വീണ്ടും തര്‍ക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഇക്ബാലിനെ കിണറ്റിലേയ്ക്ക് തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റഹീം, ഷരീഫ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു.