കോളജ് വിദ്യാർഥികളെ കണ്ണികളാക്കിയുള്ള ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി. കമ്പനിയുടെ കേരളത്തിലെ മുഖ്യകണ്ണികളായ രണ്ടു പേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി സ്വദേശി നൽകിയ കേസിലാണ് അറസ്റ്റ്
തോപ്പുംപടി സ്വദേശി മുഹമ്മദ് ജസീൽ , ഫോർട്ടുകൊച്ചി സ്വദേശി കരൺ പ്രമോദ് സാവന്ത് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്റ്റാർ ഹോട്ടലിൽ രഹസ്യ യോഗം നടത്തുന്നതിനിടെയാണ് എറണാകുളം നോർത്ത് പൊലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചിച്ച് പണം തട്ടിയെടുത്തതിന് ഐ.പി.സി 406, 420 വകുപ്പുകൾ പ്രകാരവും പ്രൈസ് ചിറ്റ്സ് ആൻഡ് മണി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വിദേശ ടൂർ പാക്കേജുകളും വിലകൂടിയ വാച്ചുകളും വാങ്ങി വിൽപന നടത്തുന്നത് വഴി പണം ഇരട്ടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി മട്ടാഞ്ചേരി സ്വദേശി ഷുബൈബിൽ നിന്നും ഒരു ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കാംപെസുകൾ കേന്ദ്രീകരിച്ചുള്ള ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പ് മനോരമ ന്യൂസ് പുറത്ത്് കൊണ്ടുവന്നതിനെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് ഷുഹൈബ് പരാതി നൽകിയത്. കേസിൽ കമ്പനി മാനേജിങ് ഡയറക്ടർ മൈക്കൽ ഫെരാറി ഒന്നാം പ്രതിയാണ്. മക്കല്ലം ദേശായി. ക്യുനെറ്റിന്റെ ഉപകമ്പനിയായ വിഹാൻ ഡയറക്ട് സെല്ലിന്ങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർമാരായ കെ. പത്മ, കെ. ചേതൻ ഉൾപ്പെടെ പതിനാറു പേരാണുള്ളത്. കേരളത്തിൽ നിന്നും മാത്രം പത്തു കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.