കാസർകോട് നഗത്തിലെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു. ജില്ലാ ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് രണ്ടുലക്ഷം രൂപ വിലമതിക്കുന്ന ഉൽപന്നങ്ങൾ പിടികൂടിയത്.
തായലങ്ങാടിയിലെ ഒരു ഗോഡൗണിൽ നിന്നാണ് വ്യാജസൗന്ദര്യവർധക വസ്തുക്കൾ കണ്ടെടുത്തത്. ക്രീം, ലോഷൻ, സോപ്പ്, ബേബി സോപ്പ് തുടങ്ങി 16 ഇനങ്ങളിലായുള്ള ആയിരത്തോളം സാധങ്ങൾ പിടികൂടി. ജില്ലാ ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഭൂരിഭാഗം ഉൽപന്നങ്ങളും പാക്കിസ്ഥാനിലു, ചൈനയിലും നിർമ്മിച്ചവയാണെന്ന് പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിർമാതാവിന്റെയോ ലൈസൻസിയുടെയോ പേരോ വിലാസമോ ഇല്ല. ഉൽപ്പന്നത്തിന്റെ വിലയും ഇവയിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിലയിടാത്തതുകൊണ്ടു തന്നെ തോന്നുന്ന വിലക്കാണ് വിൽപന.
വിദ്യാനഗർ സ്വദേശി ഇബ്രാഹിം ഖലീലാണ് മുറി വാടകയ്ക്കെടുത്തത്. ജില്ലയിലെ ഇത്തരം സാധനങ്ങളുടെ വിതരണം നിയന്ത്രിക്കുന്നത് ഇബ്രാഹിമാണെന്ന നിഗമനത്തിലാണ് അധികൃതർ. പരിശോധന നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന ഇബ്രാഹിമിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി. ഇയാൾക്കതിരെ കേസെടുത്തു. കോളജ് വിദ്യാർഥികളുൾപ്പെടെ ഭൂരിഭാഗവും ഉപയോഗിക്കുന്ന സൗന്ദര്യലേപന വസ്തുക്കളാണ് പിടിച്ചെടുത്തവയിൽ ഏറെയും.
ശരീരത്തിന് ഹാനികരമായ വ്യാജ ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരും. പിടിച്ചെടുത്ത സാധനങ്ങൾ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.