സ്വകാര്യബസ് തടഞ്ഞ് നിർത്തി യാത്രക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപ്രതികൾക്ക് 10 വർഷം കഠിന തടവ്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കൊച്ചി വടക്കൻ പറവൂർ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കാലടി മലയാറ്റൂർ സ്വദേശി റിജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി.
ഗുണ്ടാകുടിപ്പകയുടെ ഭാഗമായി യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മൂന്നു പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. 2014 മാർച്ച് 10 നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ അങ്കമാലിയിൽ നിന്നും കാലടിക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ നായരങ്ങാടിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി.
ബസിലെ യാത്രക്കാരനായ കാലടി മലയാറ്റൂർ സ്വദേശി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വലത് കൈക്കും ഇടത് കൈപ്പത്തിക്കും നെഞ്ചിനും വെട്ടേറ്റെങ്കിലും റിജിത്ത് രക്ഷപെട്ടു. ഗുണ്ടകളായ കാര രതീഷ്, ആച്ചി എൽദേ, ലൂണ മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഈ കേസിന്റെ വിചാരണയ്ക്കിടെ പ്രതികൾ വീണ്ടും റിജിത്തിനെ ആക്രമിച്ചു. നട്ടെല്ലിന് കുത്തേറ്റ റിജിത്ത് ശരീരം തളർന്ന് കിടപ്പിലാണ്. ഒന്നാം പ്രതി കാര രതീഷ് മറ്റൊരു വധശ്രമക്കേസിൽ പ്രതിയാണ്
രണ്ടാം പ്രതിക്കെതിരെ 15 ഉം മൂന്നാപ്രതിക്കെതിരെ 16 ഉം കേസുകളുണ്ട്. മുമ്പ് ഇവർക്കൊപ്പമുണ്ടായിരുന്ന റിജിത്ത് ഇവരുമായി തെറ്റിയതാണ് കുടിപ്പകയക്ക് കാരണം. വധശ്രമത്തിന് 10 വർഷവും , ആയുധം കൈവശം വച്ചതിന് 4 വർഷവും മാരകമായി മുറിവേൽപിക്കലിന് 2 വർഷവും ഉൾപ്പെടെ 16 വർഷമാണ് ശിക്ഷയെങ്കിലും ഇത് ഒന്നിച്ചനുഭവിച്ചാൽ മതി.