കാസര്‍കോട് ചെമ്പരിക്ക-മംഗലൂരു മുൻ ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ അഷ്റഫിനെ കാണാനില്ല. ഈ മാസം ഒൻപതാം തിയ്യതി മുതലാണ് അഷ്റഫിനെ കാണാതായത്. തന്റെ ജീവന് ഭീഷണിയുള്ളതായി അഷ്റഫ് നേരത്തെ ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. അതേസമയം ഇന്നലെ മനോരമ ന്യൂസ് പുറത്തുവിട്ട ശബ്ദരേഖയെക്കുറിച്ച് പൊലീസ് അന്വഷണം ആരംഭിച്ചു.
അബ്ദുല്ല മൗലവിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ എന്നതിനെക്കുറിച്ച് വീട്ടുകാർക്കും, സൂഹൃത്തുക്കൾക്കും സൂചനകളൊന്നുമില്ല. ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് ഉമ്മർ ഫാറൂഖ് കോയ തങ്ങളോടാണ് ഖാസിയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങൾ അഷ്റഫ് തുറന്ന് പറഞ്ഞത്. ആ സംഭാഷണത്തിനിടെ തന്റെ ജീവന് ഭീഷണിയുള്ള കാര്യവും അഷ്റഫ് പറയുന്നുണ്ട്.
അഷ്റഫിനെ കാണാതായി മൂന്നാഴ്ച പിന്നിട്ടിട്ടും ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. അഷ്റഫിന്റെ പെട്ടെന്നുള്ള തിരോധാനം, ചെമ്പരിക്ക ഖാസിയുടെ മരണത്തിന് പിന്നിലെ ഗൂഡാലോചനയിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് നിഗമനം.
അതേസമയം മനോരമ ന്യൂസ് പുറത്തുവിട്ട ശബ്ദരേഖയെക്കുറിച്ച് പൊലീസ് അന്വഷണം ആരംഭിച്ചു. സ്പഷ്യൽ ബ്രാഞ്ചും , ഐബിയും ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നുണ്ട്. രണ്ടു ഡി.വൈ.എസ്.പിമാര്‍ അടങ്ങിയ സംഘത്തെ അന്വഷണത്തിന് നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ഖാസിയുടെ മരണം സംബന്ധിച്ച അന്വേഷണം ദേശീയ അന്വഷണ ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യവും ശക്തമാണ്.