അനധികൃതമായി കടത്തുകയായിരുന്ന 3 കിലോ സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പെരിന്തൽമണ്ണയിൽ പിടിയിൽ. മാഹി സ്വദേശി രതീഷ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അൻപതിനായിരം രൂപയും പിടിച്ചെടുത്തു.
ബസ് മാർഗം കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. ഒരു കിലോയുടെ മൂന്ന് ബിസ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.മലപ്പുറം എസ്.പിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടത്. കാലിൽ സോക്സിനുള്ളിൽ കെട്ടി വച്ചനിലയിലായിരുന്നു സ്വർണം.
ഇത്തരത്തിൽ പല തവണ സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു. കുഴൽപണ സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് പൊലിസിന്റെ കണ്ണിൽ പെടാതിരിക്കാൻ കുഴൽ - സ്വർണക്കടത്തുകാർ ബസ് വഴി പുതിയമാർഗം കണ്ടെത്തിയത്