'നിങ്ങളുടെ 96******* എന്ന നമ്പറിന് 50 ലക്ഷം രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനത്തുക കൈപ്പറ്റാനായി NONAME@mail.co.in എന്ന ഇ– മെയിലിലേക്ക് വിലാസവും ഫോൺ നമ്പരും സെൻഡ് ചെയ്യുക'. ഇത്തരത്തിൽ ഒരു സന്ദേശം വന്നാൽ നിങ്ങൾ മറുപടി അയക്കുമോ?.
ഇല്ലെന്നു പറയാൻ വരട്ടെ ഈ പഴയ തട്ടിപ്പിന്റെ പുതിയ രൂപത്തിലുള്ള വാഗ്ദാനങ്ങളിൽ വീണുപോകുന്നവർ നിരവധിയാണ്. ഏത് തട്ടിപ്പ് വന്നാലും നല്ല വിളവ് കിട്ടുന്ന സ്ഥലമാണ് നമ്മുടെ നാട്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ജനപ്രിയമാകുന്നതിന്റെ ചുവട് പിടിച്ചെത്തിയ തട്ടിപ്പുകാരാണ് ലക്ഷങ്ങൾ തട്ടിച്ചെടുക്കുന്നത്. ലാഭം പ്രതീക്ഷിച്ച് അബദ്ധം പറ്റിയവർ നിരവധിയാണ്. അബദ്ധം പറ്റിയവർ പലരും പരാതിയുമായി പോകാത്തതും അഥവാ പോയാൽത്തന്നെ തപാൽ വകുപ്പിൽ ഇ–ബില്ലർ ഐഡി ദുരുപയോഗം ചെയ്തും അല്ലെങ്കിൽ ഓണ്‍ലൈൻ പണമിടപാടുമായതിനാൽ പലപ്പോഴും കുറ്റവാളികളെ കണ്ടെത്താനാവുന്നില്ല. വിശ്വസനീയമായ രീതിയിൽ ഇ–കോമേഴ്സ് വ്യാപാരം നടത്തുന്ന വെബ്സൈറ്റുകളുടെ പോലും പരസ്യമെന്ന നിലയിൽ ഓഫറുകളുമായെത്തുന്ന ചില തട്ടിപ്പുകൾ നോക്കാം–
1515 രൂപ മുടക്കിയപ്പോൾ കിട്ടിയത് 'തേപ്പുപെട്ടി' ഒരു ഓൺലൈൻ വ്യാപാര വെബ്സൈറ്റിലൂടെയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഇസ്തിരിപ്പെട്ടി ഓർഡർ ചെയ്തത്. 217 രൂപ ജിഎസ്ടി ഉൾപ്പടെ 1515 രൂപ മുടക്കിയപ്പോൾ കിട്ടിയത് ഒന്നാന്തരം 'തേപ്പ്' പ്രവർത്തന രഹിതമായ പഴയ ഇസ്തിരിപ്പെട്ടിയാണ് കിടിലൻ പാക്കറ്റിൽ വീട്ടിലെത്തിയത്. തുരുമ്പെടുത്തതും പൊട്ടിയ ഇലക്ട്രിക് വയറുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതുമായ തേപ്പുപെട്ടിക്കൊപ്പം ഒരു വർഷത്തെ ഗ്യാരന്റി കാർഡും ലഭിച്ചതോടെ യുവാവ് അന്തം വിട്ടു. ഏതായാലും ഓൺലൈൻ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് അറിയിച്ചതായി യുവാവ് പറയുന്നു.
11,000 രൂപ വിലയുള്ള ഫോൺ 3250 രൂപയ്ക്ക് വെഞ്ഞാറമൂട് നിവാസിയായ യുവാവാണ് ഈ വാഗ്ദാനത്തിൽ വീണ്ത്. ഫോൺ കോളിലൂടെയായിരുന്നു വാഗ്ദാനം. 'നിങ്ങളുടെ ഫോൺ നമ്പരിൽനിന്നു കൂടുതൽ ഫോൺ കോൾ ഉള്ളതിനാൽ സമ്മാനമായി കമ്പനി സ്മാർട് ഫോൺ നൽകുന്നു' – ആദ്യം ഈ വാഗ്ദാനം യുവാവിന് വിശ്വാസ്യയോഗ്യമായി തോന്നിയില്ല.
11,000 രൂപ വിലയുള്ള ഫോൺ 3250 രൂപ അടച്ചാൽ ലഭിക്കുമെന്നുള്ള വാഗ്ദാനം യുവാവ് നിരസിച്ചു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ കോൾ. പോസ്റ്റ്‌മാൻ ഫോൺ കൊണ്ടുവരുമ്പോൾ മാത്രം പണം നൽകിയാൽ മതി.
യുവാവ് ഫോൺ കട്ടുചെയ്തെങ്കിലും താമസിയാതെ പാഴ്സൽ എത്തി. പണം കൊടുത്തു പാഴ്സൽ വാങ്ങി തുറന്ന യുവാവ് ഞെട്ടി. ഒരിഞ്ചു മാത്രം വലുപ്പമുള്ള, ഓടുകൊണ്ടു നിർമിച്ച നാലു സ്വർണ നിറത്തിലുള്ള ലോക്കറ്റുകളും ഒരു വിരലിന്റെ വലുപ്പമുള്ള സരസ്വതി വിഗ്രഹവും.വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.
കിട്ടിയത് ‘ആമത്തല’, തിരിച്ചുവിളിച്ചപ്പോൾ ഭീഷണിയും ബഹുരാഷ്ട്ര മൊബൈൽ ഫോൺ കമ്പനിയിൽ നിന്നാണെന്ന പേരിൽ പുത്തൻകുരിശ് സ്വദേശിക്ക് ലഭിച്ച ഫോൺ കോളിൽ നഷ്ടപ്പെട്ടത് മൂവായിരത്തിലേറെ രൂപ. കിട്ടയത് ആമയുടെ രൂപവും കുറച്ചു ലോഹത്തകിടും. പുത്തൻകുരിശ്, കാണിനാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചാണ്.
പ്രമുഖ മൊബൈൽ ഫോൺ കമ്പനിയുടെ ഹെഡ് ഓഫിസിൽ നിന്നാണെന്ന വ്യാജേന യുവതി വിളിച്ചത്. പോസ്റ്റ് ഓഫിസിൽ എത്തുന്ന കൊറിയർ 3300 രൂപ നൽകി വാങ്ങണമെന്നും മുടക്കുന്ന പണത്തിനു തുല്യമായ തുക എഴുതിയ ചെക്ക് പെട്ടിക്കുള്ളിൽ തന്നെ വച്ചിട്ടുണ്ടെന്നും പറഞ്ഞു.
നിരവധി തവണ സംശയം ചോദിച്ചെങ്കിലും യുവതി നിലപാടിൽ നിന്നു മാറിയില്ല. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ് ഓഫിസിൽ പെട്ടിയെത്തി. ആമയുടെ രൂപങ്ങളും ചില ലോഹത്തകിടുകളുമാണ് ഇതു തുറന്നപ്പോൾ ലഭിച്ചത്. ഇതോടെ നമ്പരിൽ തിരികെ ബന്ധപ്പെട്ടപ്പോൾ ആമയെ കൊണ്ടു കടലിൽ ഒഴിക്കിക്കോളൂ എന്നായിരുന്നു മറുപടിയെന്ന് ഇദ്ദേഹം പറയുന്നു. ഏതായാലും സംഭവത്തിൽ യുവാവ് സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിട്ടുണ്ട്.
പന്ത്രണ്ടായിരം രൂപയുടെ സ്മാർ്ട് ഫോണിനുപകരം 50 രൂപയുടെ ബെൽറ്റ്
ചിറ്റിലഞ്ചേരി∙ ഭാഗ്യശാലിയായ നിങ്ങൾക്ക് ഒരു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ 3500 രൂപയ്ക്ക് ലഭിക്കുമെന്നുമായിരുന്നു അറിയിപ്പ്. മേലാർകോട് കാളാംപറമ്പിൽ താമസിക്കുന്ന തമിഴ്നാട് നാമക്കൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്.അൻപത് പേർക്ക് മാത്രമാണ് ഈ ഓഫർ നൽകുന്നതെന്നും പോസ്റ്റ് ഓഫിസിൽനിന്ന് തുക നൽകി പാഴ്സൽ വാങ്ങാമെന്നും അറിയിച്ചു.
ഇത് കേട്ട വിജയ് സമ്മതമറിയിച്ചു പാഴ്സൽ വന്ന ശേഷം മേലാർകോട് പോസ്റ്റ് ഓഫിസിൽ ചെന്ന് തുക നൽകി വാങ്ങി കെട്ടഴിച്ച് നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്.അൻപത് രൂപ വിലവരുന്ന ഒരു ബെൽറ്റും പഴ്സുമാണ് പാഴ്സലിലുണ്ടായിരുന്നത്.തുടർന്ന് വന്ന കോൾ വന്ന നമ്പരിലേക്ക് തിരിച്ച് വിളിച്ചപ്പോൾ രണ്ടു പാഴ്സലാണ് നിങ്ങൾക്ക് അയച്ചിരിക്കുന്നതെന്നും രണ്ടാമത്തേതിലാണ് ഫോണുള്ളതെന്നും മറുപടി ലഭിച്ചു. പിന്നീട് പോസ്റ്റ് ഓഫിസിൽ എത്തിയെങ്കിലും വേറെ പാഴ്സൽ ലഭിച്ചില്ല. വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് .