കൊല്ലം കൊറ്റങ്കരയില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ രണ്ടാനച്ഛൻ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചു. അതിക്രൂരമായി മര്‍ദിച്ചതിനു ശേഷം സിഗററ്റു കൊണ്ടാണ് പൊള്ളലേൽപ്പിച്ചത്. കുട്ടിയെ ഉപദ്രവിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി ആഷിക്കിനെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു.
കൊറ്റങ്കര മുണ്ടഞ്ചിറയിലാണ് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ രണ്ടാനച്ഛൻ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. കുട്ടി വാശി കാണിച്ചപ്പോള്‍ സിഗററ്റ് ലൈറ്റർ കൊണ്ട് പൊള്ളിക്കുകയും ശരീരമാസകലം വടികാണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്ത് കുട്ടി അസാധാരണമായി കരഞ്ഞതിനെ തുടർന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് വാർഡ് മെമ്പർ സിദ്ദിഖ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടി മർദ്ദനമേറ്റ് തളർന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പ്രതി ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
ഭർത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ ഒന്നര വർഷം മുമ്പ് ആഷിക്കിനെ വിവാഹം കഴിച്ചത്. തുടർന്ന് ആശിക്കിനൊപ്പം യുവതിയും കുഞ്ഞും ഒറ്റമുറിയില്‍ താമസിച്ചു വരികയായിരുന്നു. കൊല്ലത്ത് താൻ ജോലിക്ക് പോകുന്ന സമയത്താണ് കുട്ടിയെ ആഷിക്ക് ക്രൂരമായി മർദ്ദിച്ചിരുന്നതെന്ന് യുവതി പോലീസിനോടു പറഞ്ഞു. പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്നും യുവതി വെളിപ്പെടുത്തി.