സ്പീക്കറിനുള്ളിലെ ട്രാൻസ്ഫോമറിന്റെ ചെമ്പുകമ്പിയായും പെർഫ്യൂ ബോട്ടിലിന്റെ അടപ്പിനുള്ളിലെ മുത്തുകളായും സ്വർണം കടത്താൻ ശ്രമം. ഒരു കോടിരൂപ വിലവരുന്ന കള്ളക്കടത്ത് സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മൂന്നുപേരാണ് വിമാനത്താവളത്തിലെ പരിശോധനയിൽ പിടിയിലായത്.
സ്വർണം കടത്താൻ പുതുവഴികൾ തേടിവയർ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായി. മൂന്നുപേരിൽ നിന്നായി ഒരു കോടിയിേലറെ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സിദ്ധിഖ് കൈവശമുണ്ടായിരുന്ന സ്പീക്കറിനകത്താണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്പീക്കറിനകത്തുള്ള ട്രാൻസ്ഫോർമറിൻറെ ചെമ്പുകമ്പി നീക്കം ചെയ്ത ശേഷം സ്വർണക്കമ്പി പിടിപ്പിക്കുകയായിരുന്നു. രണ്ടു കിലോ സ്വർണമാണ് ഇങ്ങനെ കടത്താൻ ശ്രമിച്ചത്. സിദ്ധിഖിന് പിന്നാലെ ദുബായിൽ നിന്ന് ജെറ്റ് എയർവേയ്സിൽ എത്തിയ കർണാടക സ്വദേശി സിയാവുൾ ഹക്കിനെയും കസ്റ്റംസ് പിടികൂടി. 466 ഗ്രാം വരുന്ന രണ്ട് സ്വർണബിസ്ക്കറ്റുകൾ കാൽപാദങ്ങൾക്കുള്ളിൽ ഒട്ടിച്ച് വച്ച് കടത്താനായിരുന്നു ശ്രമം. നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സിയാവുൾ ഹക്ക് കുടുങ്ങിയത്.
ഷാർജയിൽ നിന്നും എയർ ഏഷ്യാവിമാനത്തിൽ വന്ന പാലക്കാട് സ്വദേശി നിയാസ് അബ്ദുൾ റഹ്മാൻ പെർഫ്യൂം ബോട്ടിലിൻറെ അടപ്പിനുള്ളിൽ മുത്തുകളാക്കിയാണ് സ്വർണമൊളിപ്പിച്ചത്. ഇത്തരത്തിലെത്തിച്ച 703 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണക്കടത്ത് വീണ്ടും സജീവമായതിനെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.