അന്തർസംസ്ഥാന വാഹന മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഷോറൂമുകളിൽനിന്നു കാർ മോഷണം പതിവാക്കിയ ബെംഗളൂരു സ്വദേശിയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണങ്ങളിൽ ഇയാളുടെ സുഹൃത്തായ അഭിഭാഷകന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു ബിടിഎം ലേ ഔട്ടിൽ താമസിക്കുന്ന മലയാളി വേരുകളുള്ള പി. നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച്ച രാത്രി ചേരാനെല്ലൂർ സിഗ്നലിനു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നസീർ പിടിയിലായത്.സിഗ്നൽ അവഗണിച്ചു പാഞ്ഞ കാറിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ചളിക്കവട്ടത്തുനിന്നു മാസങ്ങൾക്ക് മുൻപ് മോഷണം പോയ കാറാണിതെന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി.തുടർന്നാണ് നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മോഷ്ടിക്കുന്ന കാറുകൾക്ക് സുഹൃത്തായ അഭിഭാഷകന്റെ വാഹനത്തിന്റെ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
കാർ മോഷണത്തിന് കർണാടകത്തിലും,തമിഴ്നാട്ടിലും,മഹാരാഷ്ട്രയിലും നസീറിനെതിരെ കേസുകളുണ്ട്. ബെംഗളൂരുവിലെ ഒരു ഷോറൂമിൽനിന്നു കാർ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ജ്വല്ലറിയിൽനിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിനും നസീറിന്റെ പേരിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കി പ്രതിയെറിമാൻഡ് ചെയ്തു.കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കു കുടിയേറിയതാണു നസീറിന്റെ കുടുംബം.