കോട്ടയം താഴത്തങ്ങാടിയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്താൻ കൊച്ചി ആസ്ഥാനമായ സ്വകാര്യ ഡിറ്റക്ടീവ് സംഘം വരുന്നു. വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള അത്യാധുനിക തിരച്ചിൽ യന്ത്രം അടക്കമുള്ള സംവിധാനങ്ങളുമായാണ് ഇന്റർ ഡൈവ് എന്ന സംഘമെത്തുന്നത്. ഇതിനു മുന്നോടിയായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഭക്ഷണം വാങ്ങാനായി പോയ ഒറ്റക്കണ്ടത്തിൽ ഹാഷീം, ഭാര്യ ഹബീബ എന്നിവരെയാണ് ഏപ്രിൽ ആറുമുതൽ താഴത്തങ്ങാടി അറുപറയിയിൽ നിന്നു കാണാതായത്.
കാണാതാകുന്നതിന്റെ തലേന്ന് ഹാഷിം പീരുമേട്ടിലേക്കു യാത്ര നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.. ബന്ധുക്കളും വീട്ടുകാരും യാത്രയെപ്പറ്റി ചോദിച്ചപ്പോൾ കോട്ടയത്തു തന്നെ ഉണ്ടായിരുന്നെന്നാണു ഹാഷിം പറഞ്ഞിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ചപ്പോൾ ഹാഷിം പീരുമേട്ടിലെത്തിയിരുന്നതായി തെളിഞ്ഞു. ഹാഷിം എന്തിനു കളവ് പറഞ്ഞു എന്നതിന്റെ ഉത്തരം തേടിയാണു പൊലീസ് ഹൈറേഞ്ചിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഹൈറേഞ്ച് മേഖലയിൽ 40 അംഗ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇടുക്കി ജില്ലയിലെ മത്തായികൊക്ക, വളഞ്ഞാങ്ങാനം, മുറിഞ്ഞപുഴ, കൊടികുത്തി, പീർമുഹമ്മദ് ഖബർസ്‌ഥാൻ ,പുല്ലുപാറ , ഏദൻ മൌണ്ട്, ബോയ്‌സ് എസ്‌റ്റേറ്റ്, പാഞ്ചാലിമേട്, പത്തുമല എസ്‌റ്റേറ്റ് തുടങ്ങിയ സ്‌ഥലങ്ങളിൽ നടത്തിയ പരിശോധനയിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. പൊലീസ് അന്വേഷണം വേണ്ടവിധത്തില്‍ ഫലം കാണാതിരുന്നതോടെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിറ്റക്ടീവ് സംഘത്തെ സമീപിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകളുമായി ഈ സംഘം ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കുമെന്നാണ് പ്രതീക്ഷ.
ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ളവരാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. വിഷാദ രോഗത്തിനും ഇവർ ചികിൽസ തേടിയിരുന്നു. മൊബൈൽ ഫോൺ, പഴ്സ് തുടങ്ങി എല്ലാ വ്യക്തിപരമായ സാധനങ്ങളും വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഇരുവരും പോയത്. കാണാതാകുന്നതിന്റെ തലേന്ന് ഹാഷിം നടത്തിയ പീരുമേട് യാത്രയും സംശയത്തോടെയാണു പൊലീസ് കാണുന്നത്. ഇവർക്കു ശത്രുക്കളാരും ഇല്ലെന്നുള്ളതും അന്വേഷണത്തിൽ വ്യക്തമായി. ആഴമുള്ള കൊക്കയിലേക്കോ ജലാശയങ്ങളിലേക്കോ വാഹനം ഓടിച്ചിറക്കി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സഖറിയ മാത്യു, കോട്ടയം വെസ്‌റ്റ് സിഐ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ സംഘത്തിലേക്കു പുതിയതായി ഈസ്റ്റ് സിഐ സാജു വർഗീസിനെയും പാമ്പാടി സിഐ യു.ശ്രീജിത്തിനെയും ഉൾപ്പെടുത്തി. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഹാഷിമിന്റെ പുതിയ കാർ എവിടെയെങ്കിലും റജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.